തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും മാനേജ്മെന്റും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ എസ്എഫ്ഐയുടെ ആസൂത്രിത നീക്കം. ചില പോലീസുകാര്‍ ഇടപെട്ടതുകൊണ്ട് എബിവിപി, എഐഎസ്എഫ് പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടു. രോഷാകുലരായ ഗുണ്ടാസംഘം വഴിയില്‍ കാര്‍ തടഞ്ഞ് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിക്കുകയും കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് സെക്രട്ടേറിയറ്റിനു സമീപത്തെ പുന്നന്‍ റോഡിലെ അക്കാദമി ഓഫീസില്‍വച്ചായിരുന്നു അക്കാദമി മാനേജ്മെന്റും വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടന്നത്. എസ്എഫ്ഐയും എഐഎസ്എഫും എബിവിപിയും ചര്‍ച്ചയ്ക്കെത്തി. എംഎസ്എഫും കെഎസ്യുവും എത്തിയില്ല. എബിവിപിയെ പ്രതിനിധീകരിച്ച് കൈലാസ്നാഥ്, അഖില്‍ ഉണ്ണികൃഷ്ണന് എന്നിവരാണ് പങ്കെടുത്തത്. കോളേജില്‍ ഇന്നുമുതല്‍ ക്ലാസുകള്‍ പുനഃരാരംഭിക്കണമെന്നും ഇനി സംഘര്‍ഷമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ മാനേജ്മെന്റ് സ്വീകരിക്കണമെന്നുമായിരുന്നു എബിവിപി പ്രതിനിധികള്‍ ഉന്നയിച്ചത്.
ചര്‍ച്ച നടക്കുന്നതിനിടെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും സംസ്കൃത കോളേജില്‍ നിന്നുമുള്ള 100 ഓളം എസ്എഫ്ഐ ഗുണ്ടകള്‍ പുന്നന്‍ റോഡിലെ കെട്ടിടം വളയുകയായിരുന്നു. ചര്‍ച്ചയ്ക്കെത്തിയ എബിവിപി പ്രതിനിധികളെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതോടെ മറ്റ് സംഘടനകളെ കൂടി ഉള്‍ക്കൊള്ളിച്ച് അക്കാദമിയില്‍ വച്ച് ചര്‍ച്ച നടത്താമെന്ന നിലപാടില്‍ യോഗമെത്തി. പുറത്തിറങ്ങിയ എബിവിപി പ്രതിനിധികളെ ആക്രമിക്കാന്‍ സംഘം കാത്തുനിന്നെങ്കിലും ചില പോലീസുകാര്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇതില്‍ അരിശംപൂണ്ട എസ്എഫ്ഐക്കാര്‍ പിരിഞ്ഞുപോകവേയാണ് ജേക്കബ്സ് ജംഗ്ഷനില്‍ വച്ച് കാട്ടാക്കട യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റും വിളപ്പില്‍ പഞ്ചായത്തംഗവുമായ അജിത്തിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി കാറിലുള്ളവരെ മര്‍ദ്ദിക്കുകയും കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തത്. സമീപത്തെ ബാങ്കില്‍ പോയി മടങ്ങുകയായിരുന്നു അജിത്തും കൂട്ടുകാരും. ഒപ്പമുണ്ടായിരുന്ന രജി, രാജേഷ് എന്നിവര്‍ക്ക് ഹെല്‍മറ്റുകൊണ്ട് തലയ്ക്കടിയേറ്റു. എസ്എഫ്ഐ നേതാക്കളായ നിയാസ്, സുകേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
കാറില്‍ നിന്നു പിടിച്ചിറക്കി മര്‍ദ്ദിച്ച സംഘം അജിത്തിന്റെ മാരുതി സെന്‍ കാര്‍ പൂര്‍ണമായും തല്ലിത്തകര്‍ത്തു. കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. ഇതിനിടെ ചര്‍ച്ചയ്ക്കെത്തിയ എബിവിപി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ എസ്എഫ്ഐ സംഘമെത്തിയത് മാനേജ്മെന്റിന്റെ ഒത്താശയോടെയാണെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: