പെരിന്തല്‍മണ്ണ: വ്യാപാരിയെ തട്ടികൊണ്ടുപോയി പണവും കാറും കവര്‍ന്ന ക്വൊട്ടേഷന്‍ സംഘം പിടിയില്‍. തമിഴ്നാട് താമക്കല് ജോഡര്പാളയം സ്വദേശി ശബരിനാഥ്(34), വരദരാജ് എന്ന ഡെല്‍ഹി മണി(35), കൗണ്ടിപാളയം പരമത്തിവേലൂര്‍ രാജേഷ്കുമാര്‍(23), പത്തങ്ങാട്തെരുവ് വിനോദ്കുമാര്‍(22), എല്സിറാപള്ളി ഗൗരിശങ്കര്‍(27) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഏഴിന് പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം. പുത്തനങ്ങാടിയിലെ പ്രവാസി സ്റ്റോര്‍ ഉടമയെയാണ് സംഘം തട്ടികൊണ്ടുപോയത്. രണ്ട് മഹീന്ദ്ര സൈലോ കാറുകളിലെത്തിയ ഇവര്‍ വ്യാപാരിയെ ബന്ദിയാക്കി തട്ടികൊണ്ടുപോകുകയായിരുന്നു. തമിഴ്നാട്ടില്‍ പലയിടങ്ങളിലായി ഒഴിവില്‍ പാര്‍പ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. വ്യാപാരിയുടെ മൊബൈലില്‍ നിന്ന് തന്നെ ബന്ധുക്കളെ വിളിപ്പിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. പണത്തിനൊപ്പം കാറും നല്കാന് സംഘം ആവശ്യപ്പെട്ടു.
പണവും വാഹനവും നഷ്ടപ്പെട്ട വ്യാപാരിയെ പെരിന്തല്‍മണ്ണയിലെ പ്രത്യേക അന്വേഷണസംഘം അന്ന് രാത്രി തന്നെ മോചിപ്പിച്ചു. പിന്നീട് പുത്തനങ്ങാടിയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പദ്ധതി ആസൂത്രണ ചെയ്ത പുഴക്കാട്ടിരി സ്വദേശികളായ ഹുസൈന് എന്ന മാനു. ആസിഫ് അലി, ഇല്ല്യാസ് ബാഷ എന്നിവരെ കഴിഞ്ഞ 28ന് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഇല്ല്യാസിന്റെ സ്വദേശം തമിഴ്നാട്ടിലെ ഏര്ക്കാടാണ്. വിവാഹം കഴിച്ച് വര്‍ഷങ്ങളായി താമസിക്കുന്നത് പുഴക്കാട്ടിരിയിലാണെന്ന് മാത്രം. സേലം ജയിലില്‍ വെച്ച് ശബരിനാഥുമായുള്ള ഇല്ല്യാസിന്റെ അടുപ്പമാണ് ക്വൊട്ടേഷന്‍ ഇവര്‍ക്ക് നല്കാന് കാരണം.
പിടിയിലായവരെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്, സിഐ സാജു.കെ.അബ്രഹാം, ടൗണ്‍ ഷാഡോ ടീമിലെ പി.എന്‍.മോഹനകൃഷ്ണന്, എന്‍.ടി.കൃഷ്ണകുമാര്‍, സി.പി.മുരളി, എം.മനോജ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടര്‍ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: