കൊച്ചി: രണ്ട് പാതിരിമാരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള അവിഹിതം കണ്ടതാണ് അഭയയുടെ കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ പഠിക്കുന്നതിനിടെ അടുക്കളയില്‍ വെള്ളമെടുക്കാന്‍ എത്തിയ അഭയയെ മൂവരും ചേര്‍ന്ന് തലയ്ക്കടിച്ച് കൊന്ന് കിണറ്റില്‍ തള്ളുകയായിരുന്നു. അന്ന് കോട്ടയം എസ്പിയായിരുന്ന കെ. ടി മൈക്കിള്‍ അടക്കമുള്ള ഉന്നതര്‍ ചേര്‍ന്നാണ് തെളിവു നശിപ്പിച്ചതും കേസ് മുക്കാന്‍ ശ്രമിച്ചതും.
കൊലപാതകമെന്ന് കണ്ടെത്തിയ കേസ് മുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് സിബിഐ എസ്പി ത്യാഗരാജന് സമ്മര്‍ദ്ദം ചെലുത്തിയതോടെ അന്വേഷണം അവസാനിപ്പിച്ച് ഡിവൈഎസ്പി വര്‍ഗീസ് തോമസ് സിബിഐയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു. അതോടെ സിബിഐക്ക് നഷ്ടമായത് സത്യസന്ധനായ ഉദ്യോഗസ്ഥനെയാണ്.
പിന്നീട് ഡിവൈഎസ്പി നന്ദകുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ അറസ്റ്റു ചെയ്തത്. പലകുറി സിബിഐ കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി അനുവദിക്കാത്തതിനാല്‍ ഒടുവില്‍ പ്രതികള്‍ കുടുങ്ങി. കുറ്റപത്രം സിബിഐ സമര്‍പ്പിച്ചതിന് എട്ടു വര്‍ഷത്തെ പഴക്കമുണ്ട്, വികാരിമാര്‍ കുടുങ്ങുന്ന ലൈംഗിക പീഡനക്കേസുകള്‍ കൂടുന്ന കാലത്താണ് അഭയയുടെ അരും കൊലയ്ക്ക് 25 വര്‍ഷം പൂര്‍ത്തിയാകുന്നത്. ബാലികയെ പീഡിപ്പിച്ച ഫാ. റോബിന് വടക്കുഞ്ചേരി, ബാലികയെ പള്ളിമേടയില്‍ പീഡിപ്പിച്ച ഫാ. എഡ്വിന് ഫിഗറസ്, പ്രകൃതി വിരുദ്ധ പീഡനത്തിന് അറസ്റ്റിലായ ഫാ. തോമസ് പാറക്കുളം.. പട്ടിക നീളുമ്പോള്‍ കത്തോലിക്കാ സഭക്ക് ഉത്തരം മുട്ടുകയാണ്.
1600 പാതിരിമാര്‍ കുറ്റവാളികള്‍
രാജ്യത്ത് ആയിരത്തി അറുനൂറോളം പാതിരിമാര്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നതായി അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരക്കല്‍ പറഞ്ഞു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 25 വര്‍ഷം തികയുന്ന തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ളബില്‍ വച്ച് ‘നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന’ വിഷയത്തില്‍ സെമിനാര്‍ നടത്തും.
ഒ.രാജഗോപാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ ഡി.ശ്രീദേവി അധ്യക്ഷത വഹിക്കും. അഭയയുടെ കൊലപാതകത്തില്‍ കുറ്റം ചെയ്തുവെന്ന് സിബിഐ കണ്ടെത്തിയ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്ക് യഥാസമയം ശിക്ഷനേടിക്കൊടുക്കുന്നതിന് സഹായകമായ നിലപാട് സഭ എടുത്തിരുന്നെങ്കില്‍ ഇന്ന് കത്തോലിക്കാ സഭക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ടതായി വരികയില്ലായിരുന്നെന്നും ജോമോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: