പൂക്കോട്ടുംപാടം: കഞ്ചാവ് ഉപയോഗത്തിനായി കൈവശം വെച്ച കേസില്‍ ഒന്‍പത് പേരെ പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികളും യുവാക്കളും ലഹരി ഉപയോഗത്തിനായി തെരഞ്ഞെടുക്കുന്ന ആളൊഴിഞ്ഞ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
സ്കൂളുകളെയും വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പരിസരങ്ങളില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ മൂന്നുപേരെ അറ്സറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. യുവാക്കള്‍ ലഹരിക്കായി ഉപയോഗിക്കുന്ന നിരവധി ഗുളികകളും പരിശോധനയില്‍ കണ്ടെടുത്തു. ഗുളികകളുടെ ഉപയോഗം സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ മാനസിക വിഭ്രാന്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കടുത്ത നിയന്ത്രണത്തോടെ മാത്രം നല്‍കേണ്ട മരുന്നാണെന്ന് വ്യക്തമായി. ഇത് രോഗ ബാധിതനല്ലാത്ത ഒരാള്‍ കഴിച്ചാല്‍ അമിത രക്തസമ്മര്‍ദ്ദം, അക്രമണോത്സുകത, മതിഭ്രമം തുടങ്ങിയ കടുത്ത മാനസിക വിഭ്രാന്തി ഉണ്ടാക്കുകയും ചെയ്യും. കേരളത്തിന് പുറത്തു നിന്നെത്തിക്കുന്ന നാല് രൂപയില്‍ താഴെ വിലവരുന്ന ഈ ഗുളിക ഒരെണ്ണത്തിന് 100 ക്കാണ് വില്‍ക്കുന്നത്. ഉപയോഗിക്കുന്നവരില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗ ശേഷം കണ്ണ് ചുമക്കുമ്പോള്‍ ഉറ്റിക്കാനുള്ള തുള്ളി മരുന്നുകളും പിടിച്ചെടുത്തു.
ലഹരി മരുന്ന് വിതരണക്കാരിലേക്കും കൂടുതല്‍ പ്രതികള്‍ക്കുമായി അന്വേഷണം തുടരുകയാണ്.
സിഐ കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പൂക്കോട്ടുംപാടം എസ്ഐ അമൃതരംഗന്, എഎസ്ഐമാരായ ശിവന്. അജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എസ്.മനോജ്, അഭിലാഷ് കൈപ്പിനി, ടി.നിപിന്‍ദാസ്, എം.എസ്.അനീഷ്, അനൂപ്, ഇ.പി.രജീഷ്, കെ.വി.കരുണാകരന് എന്നിവരാണ് തുടര്‍ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: