കൊച്ചി: നഗരമധ്യത്തില്‍ എംജി റോഡിലെ സെന്റര്‍ സ്ക്വയര്‍ മാളില്‍ മള്‍ട്ടിപ്ലെക്സ് സിനിമാശാലകളുടെ പ്രവര്‍ത്തനം ജില്ലാകളക്ടര്‍ തടഞ്ഞു. ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പിന്റെ നിരാക്ഷേപപത്ര (എന്‍ഒസി)മില്ലാതെയാണ് മള്‍ട്ടിപ്ലെക്സ് പ്രവര്‍ത്തിക്കുന്നതെന്നും മറ്റ് ഉത്തരവുകള്‍ ഉണ്ടാകുന്നത് വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും കൊച്ചി കോര്പ്പറേഷന് സെക്രട്ടറിക്ക് നല്കിയ ഉത്തരവില്‍ കളക്ടര്‍ വ്യക്തമാക്കി. ദുരന്ത നിവാരണ നിയമത്തിലെ 30, 33, 34, 51 (ബി) വകുപ്പുകള്‍ പ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കളക്ടറുടെ ഉത്തരവ്.
മാളിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നടന്ന വന്‍ ക്രമക്കേടുകളും അഴിമതിയും പുറത്തുകൊണ്ടുവരുന്നതിന് ഈ നടപടി തുടക്കം കുറിക്കും.
ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസസ് ഡിവിഷണല്‍ ഓഫീസര്‍, കൊച്ചി കോര്പ്പറേഷന് എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് നേടിയ ശേഷമാണ് നടപടി.
53.3 മീറ്റര്‍ ഉയരത്തില്‍ വാണിജ്യ, പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടം നിര്‍മിക്കുന്നതിനുള്ള ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റിനാണ് സ്ഥലത്തിന്റെ ഉടമസ്ഥരായ പീവീസ് പ്രൊജക്ട് െ്രെപവറ്റ് ലിമിറ്റഡ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പിന്റെ അനുമതി തേടിയിരുന്നത്. 28.6 മീറ്റര്‍ വരെ ഉയരത്തില്‍ വാണിജ്യാവശ്യത്തിനുള്ള ഭാഗമായിരിക്കുമെന്നും അപേക്ഷയില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് അനുമതി നല്‍കിയെങ്കിലും നിശ്ചിത പ്ലാനില്‍ മാറ്റം വരുത്തിയ കമ്പനി, അസംബ്ലി വിഭാഗത്തിലുള്ള കെട്ടിട നിര്‍മാണത്തിന് കൊച്ചി കോര്‍പ്പറേഷനില്‍ നിന്നും നേരിട്ട് അനുമതി നേടിയെടുത്തു.
കെട്ടിട സമുച്ചയത്തില്‍ 40.6 മീറ്റര്‍ ഉയരത്തില്‍ അസംബ്ലി ഒക്യുപന്‍സി വിഭാഗത്തില്‍ വരുന്ന 11 സ്ക്രീനിങ് ഹാളുകള്‍ പ്രവര്‍ത്തിക്കുന്നതായും ജില്ലാ കളക്ടറുടെ നടപടിക്രമത്തില്‍ ചൂണ്ടിക്കാട്ടി. നാഷണല്‍ ബില്‍ഡിങ് കോഡ് ഓഫ് ഇന്ത്യ 2005 പ്രകാരം അനുവദനീയമായ ഉയരം 30 മീറ്ററാണ്. 30 മീറ്ററിന് മുകളില്‍ അസംബ്ലി ഒക്യുപന്‍സി അനുവദിക്കാനാകില്ലെന്നും കോഡ് വ്യക്തമാക്കുന്നു. 1675 സീറ്റുകളുള്ള മള്‍ട്ടിപ്ലെക്സ് അടങ്ങുന്ന കെട്ടിടത്തില്‍ എന്തെങ്കിലും തരത്തിലുള്ള അത്യാഹിതമുണ്ടായാല്‍ അത് കനത്ത ദുരന്തത്തിന് വഴിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് ഡിവിഷണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പീവീസ് പ്രൊജക്ട്സ് െ്രെപവറ്റ് ലിമിറ്റഡിന്റെ ഭാഗം കേള്‍ക്കാന്‍ കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27ന് കമ്പനി അധികൃതര്‍ ഹിയറിങിന് ഹാജരായെങ്കിലും 40.6 മീറ്റര്‍ ഉയരത്തില്‍ 11 സ്ക്രീനിങ് ഹാളുകള്‍ അസംബ്ലി ഒക്യുപന്‍സി വിഭാഗത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി ലഭിച്ചതു സംബന്ധിച്ച രേഖകളൊന്നും ഹാജരാക്കിയില്ല. തുടര്‍ന്ന് അടിയന്തര നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍, കൊച്ചി കോര്പ്പറേഷന് നോട്ടീസയച്ചു. ഫയര്‍ എന്‍ഒസി ഇല്ലെന്നത് പരിഗണിക്കാതെ അപേക്ഷകന്റെ സ്വന്തം ഉത്തരവാദിത്തത്തില്‍ സിനിമാട്ടോഗ്രഫി ലൈസന്‍സ് നല്‍കുന്നതിന് കോര്പ്പറേഷന് സ്വാതന്ത്ര്യമുണ്ടെന്നും ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ നിര്‍ദേശം പ്രാബല്യത്തിലുണ്ടെന്നുമായിരുന്നു കോര്പ്പറേഷന് സെക്രട്ടറിയുടെ മറുപടി.
ഫയര്‍ സര്‍വീസസ് ഡിവിഷണല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്, കോര്പ്പറേഷന് സെക്രട്ടറിയുടെ മറുപടി എന്നിവയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. ഉപഹാര്‍ തീയേറ്റര്‍ കേസില്‍ അധികൃതരുടെ അനാസ്ഥയെ സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയ അഡ്വക്കറ്റ് ജനറല്‍, കോര്പ്പറേഷന് പരാമര്‍ശിച്ച ഹൈക്കോടതി ഉത്തരവ് കേരള മുനിസിപ്പല്‍ ബില്‍ഡിങ് റൂളുമായി ബന്ധപ്പെട്ടതാണെന്നും വ്യക്തമാക്കി. ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കുന്നതിന് ഇത് തടസമല്ലെന്നും അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്കി.
ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്മാന് എന്ന നിലയില്‍ ദുരന്തങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളൊഴിവാക്കാന്‍ അടിയന്തര നടപടികളെടുക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു. കൊച്ചി കോര്പ്പറേഷന് സെക്രട്ടറിയാണ് ഉത്തരവ് നടപ്പാക്കേണ്ടത്. പീവീസ് പ്രൊജക്ട്സ് െ്രെപവറ്റ് ലിമിറ്റഡ്, സിറ്റി പൊലീസ് കമ്മീഷണര്‍, ഫയര്‍ ആന്റ് റെസ്ക്യു ഡിവിഷണല്‍ ഓഫീസര്‍, അസി. ഡിവിഷണല്‍ ഓഫീസര്‍, കണയന്നൂര്‍ തഹസില്‍ദാര്‍ എന്നിവര്‍ക്കും ഉത്തരവിന്റെ കോപ്പി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: