പത്തനംതിട്ട: കോന്നിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ കഴിയാത്ത സാഹചര്യമുണ്ടായത് ഇടതുപക്ഷ സര്‍ക്കാരിന്റെ രാഷ്ട്രീയ വിവേചനം മൂലമാണെന്ന് ആക്ഷേപം ഉയരുന്നു.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കാത്തതാണ് പ്രശ്നമെന്ന് മന്ത്രി മാത്യു ടി.തോമസ് കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനായി കൗണ്‍സില്‍ മുന്‍പാകെ സര്‍ക്കാര്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നതും സംശയത്തിന്റെ നിഴലിലാണ്. അപേക്ഷ നല്കിയിട്ടില്ലായെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി പറഞ്ഞതായി അടൂര്‍ പ്രകാശ് എംഎല്‍എ ആരോപിക്കുന്നു.
ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളാണിപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രി മാത്യു ടി.തോമസ് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ യുഡിഎഫ് വിജയിച്ച കോന്നി നിയോജകമണ്ഡലത്തെക്കുറിച്ചോ മെഡിക്കല്‍ കോളേജിനെക്കുറിച്ചോ യാതൊരു പരാമര്‍ശവും ഉണ്ടാകാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2013 ജനുവരി 25 നാണ് തുടക്കം കുറിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അനുവദിച്ച കോന്നി മെഡിക്കല്‍ കോളജിനുവേണ്ടി 50 ഏക്കര്‍ സ്ഥലം അനുവദിക്കുകയും നബാര്‍ഡില്‍ നിന്നാവശ്യമായ പണം കണ്ടെത്താന്‍ നടപടിയും സ്വീകരിച്ചിരുന്നു. നബാര്‍ഡില്‍ നിന്നും 142 കോടി രൂപയും ബജറ്റില്‍ പറഞ്ഞ 25 കോടി രൂപയും ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ കോളജിന്റെ ഒന്നാംഘട്ട നിര്‍മാണം ആരംഭിച്ചത്. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
300 കിടക്കകളുള്ള ആശുപത്രി സമുച്ചയവും അക്കാഡമിക് ബ്ലോക്കുമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ചുമതലയിലുള്ള എച്ച്എല്‍എല്ലിനെയാണ് ഏല്പിച്ചത്. എച്ച്എല്‍എല്‍ ടെന്‍ഡര്‍ നടത്തി നാഗാര്‍ജുന കണ്‍സട്രക്ഷന്‍ കമ്പനിയെ ഏല്പിക്കുകയുണ്ടായി.
2014 മേയ് 15 മുതല്‍ നാഗാര്‍ജുന കണ്‍സട്രക്ഷന്‍ കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 300 കിടക്കകളുള്ള ആശുപത്രി സമുച്ചയത്തിന്റെ പണികള്‍ 80 ശതമാനവും പൂര്‍ത്തീകരിച്ചു. ടൈല്‍സ് ഇടീല്, വയറിംഗ്, പ്ലംബിംഗ്, എയര്‍ കണ്ടീഷനിംഗ് തുടങ്ങിയ പ്രവൃത്തികളാണ്. ഇതോടൊപ്പംതന്നെ അക്കാഡമിക് ബ്ലോക്കിന്റെ പണികളും നടന്നുവരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് യുഡിഎഫ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയതിനുസരിച്ച് 2015-16 ലേക്ക് പരിശോധന നടത്തിയിരുന്നു.
ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി നല്കാമെങ്കില് അനുമതി ലഭിക്കാമായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പും ഭരണമാറ്റവും ഉണ്ടായപ്പോള്‍ അനിശ്ചിതത്വമായി. തുടര്‍ന്ന് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിനു പിന്നീട് അപേക്ഷ നല്കിയിട്ടുണ്ടോയെന്നുപോലും സംശയിക്കുന്നു.
കോന്നിയില്‍ 100 മെഡിക്കല്‍ സീറ്റിലേക്ക് പ്രവേശനത്തിനു സാധ്യതയുണ്ടായിരുന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാരിനു താത്പര്യമുണ്ടായില്ല.
മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ക്കു പ്രവേശനം നല്കിയാല് ക്ലാസുകള്‍ നടത്താനും മറ്റും ആവശ്യമായ സൗകര്യങ്ങള്‍ നേരത്തെതന്നെ കണ്ടെത്തിയിരുന്നു.
സാങ്കേതികത്വങ്ങള്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്ന ജോലികളും തടസപ്പെടുന്നുണ്ട്. മെഡിക്കല്‍ കോളജിലേക്കുള്ള റോഡിന്റെ നിര്‍മാണത്തിന് 18.1 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരുന്നത്. 22 അടി വീതിയില്‍ ദേശീയനിലവാരത്തിലാണ് റോഡിന്റെ പണികള്‍ പുരോഗമിക്കുന്നത്.
കോന്നിയില്‍ നിന്നും പയ്യനാമണ്ണില്‍ നിന്നും മെഡിക്കല്‍ കോളജില്‍ എത്തിച്ചേരാനുള്ള റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതിനെല്ലാം പണം യുഡിഎഫ് ഭരണകാലത്തുതന്നെ അനുവദിച്ചിരുന്നതാണെങ്കി്ലും സാങ്കേതികതടസങ്ങള് ഉന്നയിച്ച് പണികള്‍ ആരംഭിക്കാതിരിക്കുകയാണ്.
ജില്ലക്കാരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്കു പരിഹാരം എന്ന നിലയിലും ശബരിമല തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ ചികിത്സാ സൗകര്യം എന്ന പരിഗണനയിലുമാണ് കോന്നി മെഡിക്കല്‍ കോളജ് അനുവദിച്ചത്.
നിലവില്‍ കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലേക്കാണ് രോഗികളെ കൊണ്ടുപോകുന്നത്. രാഷ്ട്രിയ വിവേചനം കാരണം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: