തൃശൂര്‍: ആഡംബര കല്യാണത്തിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട ഗീതാഗോപി എംഎല്‍എ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സ്വത്ത് വിവരകണക്കനുസരിച്ച് അവരുടെ കയ്യിലുള്ളത് 500 രൂപ. പങ്കാളിയുടെ കയ്യില്‍ അയ്യായിരം രൂപ. അദ്ദേഹത്തിന്റെ പേരില്‍ ബാങ്കിലുള്ളത് 90000 രൂപ. ഗുരുവായൂര്‍ ദേവസ്വത്തില്‍ സെക്യൂരിറ്റി ജീവനക്കാരായ ഭര്‍ത്താവ് ഗോപിക്ക് മറ്റ് വരുമാനമാര്ഗ്ഗങ്ങളില്ല.
ഗീതാഗോപിക്ക് ആകെയുള്ള വരുമാനം എംഎല്‍എ എന്ന നിലയിലുള്ളത് മാത്രം. സ്വത്ത് വിവരം മറച്ചുവെക്കുകയോ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അനധികൃതമായി ലക്ഷങ്ങള്‍ സമ്പാദിക്കുകയോ ചെയ്തുവെന്ന് വ്യക്തം.
എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യയാക്കാന് ഇതുതന്നെ ധാരാളം. പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം ശക്തമായി ഗീതാഗോപിക്കെതിരെ രംഗത്തുണ്ടെങ്കിലും അവരെ സംരക്ഷിക്കുന്ന നിലപാടിലാണ് സിപിഐ ജില്ലാ-സംസ്ഥാന നേതൃത്വം. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് നേതൃത്വം എംഎല്‍എയോട് വിശദീകരണം ആവശ്യപ്പെട്ടത്. ഞായറാഴ്ച നടന്ന കല്യാണത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി നേതാക്കളും പങ്കെടുത്തിരുന്നു. അപ്പോഴൊന്നും ഗീതാഗോപി എംഎല്‍എയോട് ഇക്കാര്യം ആരും ചൂണ്ടിക്കാണിച്ചിട്ടില്ല.
ഇന്നലെ വൈകീട്ട് സിപിഐ ജില്ലാസെക്രട്ടറി കെ.കെ.വത്സരാജ് അഭിപ്രായപ്പെട്ടത് തന്റെ ശ്രദ്ധയില്‍ ഇങ്ങനെ ഒരുകാര്യം വന്നിട്ടില്ല എന്നാണ്. എന്നാല്‍ മാധ്യമങ്ങള്‍ തെളിവ് സഹിതം ഇക്കാര്യം വ്യക്തമാക്കിയതോടെ ജില്ലാസെക്രട്ടറി വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. രണ്ടുവട്ടം ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണും ആറുവര്‍ഷം എംഎല്‍എയുമായിരുന്ന ഗീതാഗോപി എവിടുന്നാണ് ഇത്രയും ധനം സമ്പാദിച്ചതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐ പ്രാദേശിക നേതാക്കളുള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.
ഗീതാഗോപിയെ രക്ഷിക്കാനുള്ള പാര്‍ട്ടിശ്രമം സിപിഐയില്‍ പൊട്ടിത്തെറി സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: