തിരുവല്ല:വാഹനങ്ങളില്‍ സ്കൂള്‍കുട്ടികളെ കുത്തിനിറച്ച് അലക്ഷ്യമായി പായുന്നവര്‍ ജാഗ്രതൈ. കര്‍ശന നിരീക്ഷണവുമായി മോട്ടോര്‍വാഹന വകുപ്പ് പിന്നിലുണ്ടാകും. നിയമം തെറ്റിക്കുന്ന സ്കൂള്‍വാഹനങ്ങള്‍ക്കും െ്രെഡവര്‍മാര്‍ക്കും എതിരെ കര്‍ശന നടപടിയാണ് ഉണ്ടാവുക. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും െ്രെഡവര്‍മാര്‍ക്കും നിയമപ്രകാരമുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ക്ക് ഒരു സീറ്റ് എന്നതാണ് നിയമം. 12ന് മുകളിലുള്ളവര്‍ക്ക് ഒരാള്‍ക്ക് ഒരു സീറ്റ്. കുട്ടികള്‍ ഇരിക്കുന്ന സീറ്റിന് അടിയില്‍തന്നെ ബാഗ് വയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം. കുട്ടികള്‍ ബസ്സില്‍ ചാടിക്കയറുന്നത് നിരുത്സാഹപ്പെടുത്തണം. വാതിലിലെ കൈപ്പിടി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം. ബസ് സ്റ്റോപ്പില്‍ നില്ക്കുന്ന കുട്ടികള്‍ വാഹനം കാണുമ്പോള്‍ കയറാനുള്ള ധൃതിയില്‍ ടാര്‍മാര്‍ക്കിലേക്ക് കയറിനില്‍ക്കുന്നത് ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ക്ക് െ്രെഡവര്‍മാര്‍ നിര്‍ദേശം നല്‍കണം. കുട്ടികളെ തിരികെ വിടുമ്പോള്‍ റോഡ് ക്രോസ് ചെയ്ത് വീട്ടിലേക്ക് പോകേണ്ടവരാണെങ്കില്‍ വാഹനത്തിലെ സഹായിയെ അതിനായി നിയോഗിക്കണം.
സ്കൂള്‍വാഹനത്തിന്റെ വേഗപ്പൂട്ട് 50 കിലോമീറ്ററില്‍ ക്രമീകരിക്കണം. കഴിഞ്ഞ വര്‍ഷം ഇത് 40 കിലോമീറ്ററായിരുന്നു. വാഹനങ്ങള്‍ക്ക് എഡ്യൂക്കേഷന്‍ ഇന്സ്റ്റിറ്റിയൂഷന് ബസ് പെര്‍മിറ്റ് ഉണ്ടാവണം. വാടകക്കെടുത്ത വാഹനങ്ങളില്‍ മുന്നിലും പിന്നിലും വെള്ള പ്രതലത്തില്‍ നീല അക്ഷരങ്ങളില്‍ ഓണ്‍ സ്കൂള്‍ ഡ്യൂട്ടി എന്ന് പ്രദര്‍ശിപ്പിക്കണം.പ്രഥമശുശ്രൂഷ ബോക്സ്, അഗ്നിശമന ഉപകരണം, തിരശ്ചീനമായ അഴികളുള്ള ജനല്‍, പ്രവര്‍ത്തനക്ഷമമായ പൂട്ടുകളുള്ള വാതില്‍ തുടങ്ങിയവ ഉണ്ടാകണം. പരിചയസമ്പത്തുള്ള അറ്റന്‍ഡര്‍ വാഹനത്തില്‍ നിര്‍ബന്ധം. യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടേയും പേര് വിവരവും ടെലിഫോണ്‍ നമ്പരും ബസ്സില്‍ സൂക്ഷിക്കണം. െ്രെഡവര്‍ കാബിനെയും പാസഞ്ചര്‍ കാബിനെയും വേര്‍തിരിച്ച് ഗ്രില്‍ വാഹനത്തിലുണ്ടാകണം. ഓരോ സീറ്റിനും കുറഞ്ഞത് 265 മി.മീ വീതിയും 350 മി.മീ. നീളവും ഉണ്ടായിരിക്കണം.വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത സ്കൂള്‍ അധികൃതരും പി.ടി.എ. ഭാരവാഹികളും ചേര്‍ന്ന് ഇടക്കിടെ പരിശോധിക്കണം.
കേന്ദ്രസര്‍ക്കാര്‍ പുതിയതായി ഇറക്കിയ മാനദണ്ഡം അനുസരിച്ച് ബസ്സിനുള്ളില്‍ നിരീക്ഷണക്യാമറയും ജി.പി.എസ്സും ഉണ്ടാകണം. കര്‍ക്കശമായ രീതിയില്‍ ഇത് നടപ്പാക്കിത്തുടങ്ങിയിട്ടില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പരിശോധന പൂര്‍ത്തീകരിച്ച വാഹനങ്ങളുടെ മുന്‍വശത്തെ ചില്ലില്‍ മോട്ടോര്‍വാഹന വകുപ്പ് പ്രത്യേക സ്റ്റിക്കര്‍ പതിക്കും. സ്റ്റിക്കറില്ലാത്ത വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയാമെന്ന സൗകര്യവുമുണ്ട്.
കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകളില്‍ നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കും. 12 വയസിന് മുകളിലുള്ള മൂന്ന് കുട്ടികളെയാണ് ഒരു ഓട്ടോറിക്ഷയില്‍ നിയമപരമായി കയറ്റാനാവുക. പന്ത്രണ്ട് വയസ്സുവരെയുളള ആറ് കുട്ടികളെ കയറ്റാം. കുത്തിനിറച്ച് കൊണ്ടുപോകുന്ന രീതി ഇത്തവണ കര്‍ശനമായി നിരീക്ഷിക്കപ്പെടും. നിയമപരമല്ലാത്ത രീതിയില്‍ കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്നത് തടയാന്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: