മുംബൈ: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ലോകവ്യാപകമായി സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ 9.1 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായി വിപണി ഗവേഷണ സംരംഭമായ ഗാര്‍ട്ണറിന്റെ റിപ്പോര്‍ട്ട്. 380 മില്യണ്‍ സ്മാര്‍ട്ട്ഫോണുകളാണ് ലോക വിപണികള്‍ വിറ്റഴിച്ചത്. ആഗോള സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ മികച്ച പ്രകടനം നടത്തിയതായും ഗാര്‍ട്ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപഭോക്താക്കളുടെ മുന്ഗണനയിലുണ്ടായ മാറ്റം ഹ്യൂവായ്, ഓപ്പോ, വിവോ തുടങ്ങിയ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ഗുണം ചെയ്തു. വിലയിലും ഉയര്‍ന്ന നിലവാരത്തിലും മത്സരം കാഴ്ചവച്ച് ഈ മൂന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളാണ് ആഗോള വില്‍പ്പനയെ മുന്നോട്ടു നയിക്കുന്നതെന്ന് ഗാര്‍ട്ണര്‍ റിസര്‍ച്ച് ഡയറക്റ്റര്‍ അന്‍ഷുല്‍ ഗുപ്ത പറഞ്ഞു.
മുന്‍ വര്‍ഷത്തേതില്‍ നിന്നും ഏഴ് ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ വമ്പന്മാരുടെ വിപണി വിഹിതത്തില്‍ അനുഭവപ്പെട്ടിട്ടുള്ളത്. അതേസമയം, ഇതേ പാദത്തില്‍ സാംസംഗിന്റെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന 3.1 ശതമാനം ഇടിഞ്ഞു.
സാംസംഗ് ഗാലക്സി എസ്8, എസ്8 പ്ലസ് എന്നിവയുടെ പ്രീഓര്‍ഡറുകളില്‍ 30 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച നിരീക്ഷിച്ചിട്ടുണ്ടെന്നാണ് സാംസംഗ് പ്രഖ്യാപിച്ചിട്ടുള്ളത്. നോട്ട് 7ന് പകരം ബദല്‍ ഇല്ലെന്നതും അടിസ്ഥാന സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ നിന്നുള്ള കടുത്ത മത്സരവുമാണ് സാംസംഗിന്റെ വിപണി വിഹിതത്തില്‍ തുടര്‍ച്ചയായുള്ള നഷ്ടത്തിനു കാരണമെന്നാണ് അന്‍ഷുല്‍ ഗുപ്ത പറയുന്നത്.
സാംസംഗിനു സമാനമായ അവസ്ഥയാണ് ഐഫോണിനുമുള്ളത്. ഒപ്പോ, വിവോ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്നും ശക്തമായ മത്സരമാണ് ഐഫോണും അഭിമുഖീകരിക്കുന്നത്. മാത്രമല്ല ചൈനയില്‍ ഐഫോണിന്റെ പ്രകടനം അപകടാവസ്ഥയിലാണ്. സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ ആപ്പിളിനടുത്തെത്താന് ഹവെയ്ക്ക് സാധിച്ചിട്ടുണ്ടെന്നും 2017ന്റെ ആദ്യ ത്രൈമാസത്തില്‍ 34 മില്യണ്‍ യൂണിറ്റ് ഹവെയ് ഡിവൈസുകള്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകവ്യാപകമായുള്ള സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ 94.6 ശതമാനം വര്‍ധനയോടെ ഓപ്പോയാണ് മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. ചൈനീസ് ബ്രാന്‍ഡുകളില്‍ ഒപ്പോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 26 മില്യണ്‍ യൂണിറ്റ് സ്മാര്‍ട്ട്ഫോണുകള്‍ വിറ്റഴിച്ച വിവോ 6.8 ശതമാനത്തിന്റെ വിപണി വിഹിതം നേടി. ആദ്യ പാദത്തില്‍ 84.6 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ചയാണ് വിവോ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: