കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ട്രാന്‍സ്ഫോര്‍മേഴ്സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് (ടെല്‍ക്ക്) നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനദപാദത്തില് ടെല്‍ക്ക് 1.06 കോടി രൂപ ലാഭമുണ്ടാക്കിയതായി ചെയര്മാന് അഡ്വ. എന്‍. സി. മോഹനനും മാനേജിങ് ഡയറക്ടര്‍ ബി. പ്രസാദും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കെഎസ്ഇബി ലിമിറ്റഡില്‍ നിന്ന് 26 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതാണ് ടെല്‍ക്കിന് രക്ഷയായത്. ബോര്‍ഡിന്റെ 40 % ഓര്‍ഡറുകള്‍ ടെല്‍ക്കിന് നല്‍കാമെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷം പവര്‍ ട്രാന്‍സ്ഫോര്‍മറിന്റെ വിറ്റുവരവിലൂടെ 250 കോടിയും അനുബന്ധ പ്രവര്‍ത്തനത്തിലൂടെ 20 കോടിയും കൈവരിക്കാനാണ് ലക്ഷ്യം. ഇതിലൂടെ ഈ സാമ്പത്തിക വര്‍ഷം 205 കോടി രൂപയുടെ ലാഭം പ്രതീക്ഷിക്കുന്നു.
മുടങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്കാന് നടപടി സ്വീകരിച്ചുവരികയാണ്. 2016 സെപ്റ്റംബറില്‍ 56 കോടി മാത്രമായിരുന്നു ഓര്‍ഡര്‍. ഇപ്പോള്‍ 300 കോടിയായി. ഇത് 400 കോടിയിലെത്തിക്കാനാണ് ശ്രമം. കൂടാതെ, വിദേശ രാജ്യങ്ങളില്‍ ടെല്ക്കിനുണ്ടായിരുന്ന സ്ഥാനം നേടിയെടുക്കുന്നതിനും നടപടിയുണ്ടാകും.
വൈദ്യുതി ഉപയോഗം 20 % വരെ കുറയ്ക്കാന്‍ സേവ് എനര്‍ജി എന്ന പേരിലും വ്യാവസായിക സൗരോര്‍ജ പദ്ധതികള്‍ക്ക് അനുയോജ്യമായ പ്രത്യേകതരം ട്രാന്‍സ്ഫോര്‍മറുകളുടെ ഉത്പാദനവും തുടങ്ങും. ഇന്ത്യയ്ക്കകത്തും വിദേശത്തും 48 മണിക്കൂറിനുള്ളില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ റിപ്പയര്‍ ചെയ്യാന്‍ റാപ്പിഡ് റിപ്പയര്‍ ഫോഴ്സ് വിഭാഗവും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
മൂലമറ്റം പവര്‍ പ്ലാന്റില്‍ ഇന്നും കേടുകൂടാതെ പ്രവര്‍ത്തിക്കുന്ന ഏക ട്രാന്‍സ്ഫോര്‍മര്‍ ടെല്ക്കിന്റേതാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് 25 വര്‍ഷം മാത്രം ആയുസ്സുള്ളപ്പോള്‍ ടെല്ക്കിന്റേത് 40 വര്‍ഷമാണ്. ഇതാണ് ടെല്‍ക്കില്‍ എല്ലാവരും വിശ്വാസമര്‍പ്പിക്കാന്‍ കാരണം. ടെല്‍ക്കിന്റെ ലാഭം കൂട്ടാന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ജോയിന്റ് ജി.എം. ഗണപതി അയ്യര്‍, ഡി.ജി.എം. ആന്റ് കമ്പനി സെക്രട്ടറി ഡോ. ജോഫി ജോര്‍ജ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: