തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ സിപിഎം ഭരണം. ചെയര്‍മാനേയും മാനേജിംഗ് ഡയറക്ടറേയും നിയമിക്കാതെ സിപിഎംകാരനായ ജനറല്‍ മാനേജര്‍ക്ക് അധികാരമെല്ലാം നല്‍കിക്കൊണ്ടാണിത്. മുന്‍ സിപിഎം എംപിയും കോഴിക്കോട് മേയറുമായിരുന്ന എ.കെ. പ്രേമജയുടെ മകന് പ്രേംനാഥിനാണ് ഭരണച്ചുമതല മുഴുവന്‍ നല്‍കിയിരിക്കുന്നത്.
ജനറല്‍ മാനേജരായ ഇദ്ദേഹത്തിന്റെ നിയമനം തന്നെ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഹൈക്കോടതിയില്‍ കേസും നിലവിലുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയയുടന്‍ പ്രേംനാഥിന് എംഡിയുടെ ചുമതല നല്‍കുകയായിരുന്നു. കെഎഫ്സി ആക്ട് പ്രകാരം ഡയറക്ടര്‍ ബോര്‍ഡ് അംഗമല്ലാത്ത ഒരുദ്യോഗസ്ഥന് എംഡിയുടെ ചുമതല നല്‍കാനാവില്ല. ഐഎഎസുകാരനാണ് എംഡിയായി നിയമിക്കപ്പെടുന്നത്. ഇതെല്ലാം അവഗണിച്ചാണ് പ്രേംനാഥിന് അധികാരം നല്‍കിയത്.
എംഡിയുടെ ചുമതല ഏറ്റെടുത്ത ശേഷം ആദ്യം ചെയ്തത് അടുത്ത ബന്ധുവായ അഡ്വ. എം.ആര്. വേണുഗോപാലിനെ കെഎഫ്സി സ്റ്റാന്റിംഗ് കൗണ്‍സിലായി നിയമിക്കുകയായിരുന്നു. പ്രേംനാഥിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് എം.ആര് വേണുഗോപാല്‍. ജിഎം നിയമനം സംബന്ധിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പ്രേംനാഥ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ എതിര്‍കക്ഷിയായ കെഎഫ്സിക്കുവേണ്ടി ഹാജരാകുന്നത് അഡ്വ.എം.ആര്. വേണുഗോപാലാണ്. കെഎഫ്സിയുടെ താല്പര്യം സംരക്ഷിക്കുന്നതിനുപകരം ഹര്‍ജിക്കാരന്റെ താല്പര്യമാണ് കെഎഫ്സിയുടെ സ്റ്റാന്റിംഗ് കൗണ്‍സില്‍ നോക്കിയത്. ഇത് തികഞ്ഞ സ്വജനപക്ഷപാതവും അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.
വിരമിച്ച രണ്ട് ഇടത് യൂണിയന് നേതാക്കളെ ഓഡിറ്റര്‍മാരായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതാണ് മറ്റൊരു നടപടി. കെഎഫ്സിയുടെ പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പ് വരുത്തുന്ന അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ്, സിഡ്ബി ഓഡിറ്റ്, ധനകാര്യ വിഭാഗം ഓഡിറ്റ്, കെഎഫ്സിയുടെ ആഭ്യന്തര ഓഡിറ്റ് എന്നിവ യഥാസമയം നടത്തുന്നുണ്ട്. രണ്ട് ഉദ്യോഗസ്ഥരെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് ഓഡിറ്റര്‍മാരായി നിയമിച്ചു. നിയമനം കെഎഫ്സി സ്റ്റാഫ് റഗുലേഷനിലെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ്.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കൂടാതെയാണ് നിയമനം. ഇടത് നേതാക്കള്‍ക്ക് വഴങ്ങാത്തവരെയെല്ലാം സ്ഥലംമാറ്റുകയോ ഇല്ലാത്ത കാരണം പറഞ്ഞ് സസ്പെന്റ് ചെയ്യുകയോ ചെയ്ത് ഇല്ലാത്ത അധികാരം കാട്ടുന്ന ജനറല്‍ മാനേജര്‍ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. തിരുവനന്തപുരത്തെ ഹോട്ടല്‍ ലൂസിയയ്ക്ക് വഴിവിട്ട് കോടികള്‍ വായ്പ നല്‍കിയതിന് അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തവരെ ഉയര്‍ന്ന പദവിയില്‍ നിയമിക്കുകയും ചെയ്തിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: