കാഞ്ഞങ്ങാട്: ധനവും ധാന്യവും കൊണ്ട് സമൃദ്ധമായ ഒരു പുതുവര്‍ഷത്തിനായി വിഷ്ണു ദേവനെ കണികണ്ട് കര്‍മ്മ മണ്ഡലങ്ങളിലേക്ക് ഇറങ്ങാനുള്ള മുഹൂര്‍ത്തമായി മറ്റൊരു വിഷുപ്പുലരി കൂടിയെത്തി. സൂര്യന് മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറുന്ന ദിനം. വിഷു എന്ന വാക്കിന് തുല്യതയുള്ളതെന്നാണ് അര്‍ത്ഥം. പകലും രാത്രിയും തുല്യ ദൈര്‍ഘ്യമുള്ള ദിനം. കണിയൊരുക്കലും കണികാണലുമാണ് വിഷുവിന് പ്രധാനം. നിറപറയും നിലവിളക്കും ഉണ്ണിക്കണ്ണനും, കണിവെള്ളരിയും, ഓട്ടുരുളിയില്‍ ഉണക്കലരിയും, കാരപ്പവും, ചക്കയും, മാങ്ങയും, തേങ്ങയും മറ്റു ഫല മൂലാധികളും കണി കണ്ടുണരുന്ന ദിനം ഒരു വര്‍ഷം മുഴുവന്‍ സമൃദ്ധിയുടെ ഓര്‍മ്മയായി നിലനില്ക്കുന്നു. കണ്ണ് പൊത്തി മറ്റൊന്നും കാണാതെ കാണേണ്ടത് മാത്രം കാണുന്ന കണി നവവത്സര കാഴ്ചയാണ്. അന്ന് കാണുന്നതെന്നും കാണുമെന്നാണ് വിശ്വാസം. ഈ ദിനത്തില്‍ മുതിര്‍ന്നവരുടെ കയ്യില്‍ നിന്നും കിട്ടുന്ന കൈനീട്ടങ്ങള്‍ക്ക് പൊന്‍ നാണയങ്ങളേക്കാള്‍ മൂല്യമുണ്ടെന്നാണ് വിശ്വാസം. വിഷുവിനോടനുബന്ധിച്ച് ഇന്നലെ രാവിലെ മുതല്‍ തന്നെ നഗരങ്ങളില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. വഴിയോര കച്ചവടങ്ങളിലാണ് വില്പന പൊടിപൊടിച്ചത്. മുല്ലപ്പൂവും ചക്കയും കണിക്കൊന്നയും മാങ്ങയും വെള്ളരിക്കയ്ക്കുമെല്ലാം വിഷു ചന്തയില്‍ ആവശ്യക്കാരേറെയായിരുന്നു. വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണു വിഷുക്കണിയൊരുക്കല്‍. ഓട്ടുരുളിയില്‍ കണിക്കൊന്നപൂവിനൊപ്പം വയ്ക്കുന്ന കണിവെള്ളരിയും മറ്റു സാധനങ്ങളായ അരി, നെല്ല്, തേങ്ങ, മാങ്ങ, പഴം തുടങ്ങിയവ വാങ്ങുവാനായി വിപണിയില്‍ തിരക്കനുഭവപ്പെട്ടു. എന്നാല്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് തീവില കാരണം സാധാരണക്കാരുടെ ആഘോഷത്തിന് മങ്ങലേറ്റിറ്റുണ്ട്. പച്ചക്കറി സാധനങ്ങള്‍ക്ക് ഇപ്പോള്‍ വന്‍ വിലക്കയറ്റമാണുണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലുള്ളതിനേക്കാള്‍ ഇരട്ടിയാണ് പല സാധനങ്ങള്‍ക്കും വില. കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, മഞ്ചേശ്വരം, ഉപ്പള, കുമ്പള, ഉദുമ തുടങ്ങിയ സ്ഥലങ്ങളില്‍ വിലകള്‍ പല തരത്തിലാണ്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികള്‍ പ്രധാനമായുമെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ലോറി സമരം പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടി. എന്നാല്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള വിപണന കേന്ദ്രങ്ങള്‍ ഇല്ലാത്തത് മൂലം തോന്നുന്ന വിലയാണ് മൊത്ത കച്ചവടക്കാര്‍ ഈടാക്കുന്നത്. വിഷുവിനുള്ള വിഭവങ്ങളൊരുക്കാന്‍ സാധാരണക്കാര്‍ സപ്ലൈകോയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ മിക്കസാധനങ്ങളും ഇത്തരം കടകളില്‍ കിട്ടാനില്ലാത്ത അവസ്ഥയാണുളളത്. മാവേലി സ്റ്റോറുകള്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനുള്ള ഏജന്‍സിയായാണ് സാധാരണക്കാര്‍ക്ക് അനുഭവപ്പെട്ടത്. വസ്ത്രങ്ങള്‍, ഫാന്‍സി, ചെരുപ്പ് എന്നിവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. ജയ്പൂരി ചുരിദാര്‍, സാരികള്‍, കുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍ എന്നിവയൊക്കെ കൂടുതലായും വിറ്റഴിയുന്നതായി വ്യപാരികള്‍ പറയുന്നത്. നഗരങ്ങളിലാണ് തിരക്കേറെയനുഭവപ്പെട്ടത്. കാല്‍നടയാത്ര പോലും ദുഷ്ക്കരമാക്കുന്ന രീതിയിലാണ് ഇവിടെ വഴിയോര കച്ചവടവും ജനതിരക്കും അനുഭവപ്പെട്ടത്. സാധാരണകാര്‍ക്ക് ആശ്വാസമാകുന്നത് വഴിയോരങ്ങളില്‍ ലഭിക്കുന്ന വിലകുറഞ്ഞ ഉടുപ്പുകളാണ്. കര്‍ണാടക, മുംബൈ, ചെന്നൈ തുടങ്ങിയിടങ്ങളില്‍ നിന്നാണ് വഴിയോര കച്ചവട കേന്ദ്രങ്ങളിലേക്ക് വസ്ത്രങ്ങളെത്തുന്നത്. കണിക്കൊന്നയ്ക്ക് ക്ഷാമമുണ്ടെങ്കിലും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന കണികൊന്ന വാങ്ങി വിഷുവിന് കണികാണാനുള്ള ഒരുക്കത്തിലാണ് നാടെങ്ങും. വിഷു വിപണിയെ ലക്ഷ്യമാക്കി 150 രൂപ മുതല്‍ 15,000 രൂപ വരെ വിലയുള്ള പടക്കങ്ങള്‍ വിപണിയിലെത്തിയിട്ടുണ്ട്. ചൈനീസ് പടക്കത്തിനാണ് ആവശ്യക്കാര്‍ കൂടുതലും. ശബ്ദം കുറവും വര്‍ണ്ണ ശബളവുമാണ് ചൈനീസ് പടക്കങ്ങളെന്നതാണ് ഇതിന് ആവശ്യക്കാര്‍ കൂടാന്‍ കാരണം. കമ്പിത്തിരി, പൂത്തിരി, റോക്കറ്റ്, ചക്രം, തുടങ്ങിയവയും ആകാശത്തുയര്‍ന്ന് നിറങ്ങള്‍ വിടര്‍ത്തുന്ന പടക്കങ്ങളും ധാരാളമായി വിറ്റഴിയുന്നുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ വിഷു ആഘോഷിക്കാനുള്ള സാധനങ്ങള്‍ വാങ്ങാനത്തുന്നവരുടെ തിരക്കില്‍ നഗരം വീര്‍പ്പുമുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: