കോട്ടയം: ആസ്ട്രേലിയയില്‍ മരിച്ച പൊന്‍കുന്നം സ്വദേശിനി മോനിഷയുടെ ഭര്‍ത്താവിനെതിരെ കേരള പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. മോനിഷയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആസ്ട്രേലിയന്‍ പൗരത്വമുള്ള പാലാ മുരിക്കുംപുഴ ഉതുമ്പാറയില് അരുണ്‍ ജി. നായര്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്.
പനമറ്റം വെളിയന്നൂര്‍ ചെറുകാട്ട് പരേതനായ മോഹന്‍ദാസിന്റെയും സുശീലാദേവിയുടെയും മകള്‍ മോനിഷ(27) കഴിഞ്ഞമാസം ആറിനാണ് മെല്‍ബണിലെ താമസസ്ഥലത്ത് മരിച്ചത്. വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷത്തിനുശേഷമായിരുന്നു മരണം.
മോനിഷ സോഫ്റ്റ്വെയര് എന്‍ജിനീയറായിരുന്നു. അരുണ്‍ മെയില്‍ നഴ്സും. ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുകയാണെന്ന് മോനിഷ അമ്മയോട് പറഞ്ഞിരുന്നു.
താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ മോനിഷയുടെ മൃതദേഹം കണ്ടെത്തിയതായിട്ടാണ് അരുണ്‍ ബന്ധുക്കളെ അറിയിച്ചത്.
മോനിഷയുടെ മൃതദേഹം കഴിഞ്ഞ 18ന് പൊന്‍കുന്നം കൊപ്രാക്കളത്ത് എത്തിച്ച് സംസ്കരിച്ചു. അരുണും കുടുംബാംഗങ്ങളും സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. പെട്ടെന്ന് അരുണ്‍ ആസ്ട്രേലിയക്ക് മടങ്ങി. അരുണില്‍നിന്ന് വിവരശേഖരണം നടത്താന്‍ പോലീസ് പാലായിലെ വീട്ടിലെത്തിയപ്പോഴേക്കും മടങ്ങിപ്പോയതിനെ തുടര്‍ന്നാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. ഇത് വിദേശകാര്യമന്ത്രാലയം മുഖേന മെല്‍ബണിലെ ഇന്ത്യന്‍ എംബസിക്ക് അയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: