ജന്മം കൊണ്ട് തെലുങ്കത്തിയും വളര്‍ന്നത് തമിഴകത്തും മലയാളത്തിന്റെ മരുമകളും ആയ ഭവാനി എഴുപതിലെ ചലച്ചിത്രപ്രേമികളുടെ ഹരമായിരുന്നു. ഭര്‍ത്താവിന്റെ ഭാഷയെ സ്വന്തം ഭാഷയായി സ്നേഹിക്കുന്ന ഭവാനിയുടെ മലയാളശൈലി മധുരമനോഹരം. മലയാളം സംസാരിക്കാന്‍ മാത്രമല്ല എഴുതാനും വായിക്കാനും പഠിച്ചു. നാട്യങ്ങളില്ലാതെ- ചമയങ്ങളില്ലാതെ സാധാരണകുടുംബിനിയായി ഭവാനി. വടക്കന്‍ മലബാറിലെ പ്രശസ്ത നായര്‍ തറവാടായ പുതേരിയിലെ രഘുകുമാര്‍ ആണ് ഭര്‍ത്താവ്. മലയാളസിനിമയിലേക്ക് വലതുകാല്‍ വച്ചത് 1975 ല്‍ ആണ്. വിവാഹത്തോടെ സിനിമയോട് വിടപറയുമ്പോല് നാല് വര്‍ഷത്തിനുള്ളില്‍ 15 മലയാളസിനിമയിലെ നായികപദവി ഭവാനിക്ക് സ്വന്തം.
ഗാനരചയിതാവായ രഘുകുമാര്‍, ലിസ എന്ന തന്റെ ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് ഭവാനിയുമായി അടുത്തത്. ഒരുമാസത്തോളം ചിത്രത്തിന്റെ ചിത്രീകരണം രഘുവിന്റെ തറവാട്ടില്‍ ആയിരുന്നു. അവിടുത്തെ അംഗങ്ങളുമായി വൈകാരികമായ ബന്ധം വളര്‍ന്നു. അത് വിവാഹത്തില്‍ എത്തി. വീട്ടുകാരുടെ സമ്മതത്തോടെ ഉള്ള പ്രണയവിവാഹം. അന്ന് മുതല്‍ ഇന്ന് വരെയുള്ള കുടുംബിനിയുടെജീവിതം സുന്ദരം- സുഖകരം -സംതൃപ്തം.
അഭിനയ രംഗത്തേക്ക് ഭവാനിയുടെ കടന്ന് വരവ് തികച്ചും യാദൃഷ്ചികം. നല്ല ഒരു നര്ത്തകിആയിരുന്ന അവരുടെ നൃത്തപരിപാടികളുടെ സ്ഥിരം ആസ്വദാകരില് തമിഴ് – തെലുങ്ക് സിനിമകളിലെ ഇതിഹാസങ്ങള്‍ -എം.ജി.ആര്, എം.ടി.ആര് തുടങ്ങിയവര്ആയിരുന്നു. കുച്ചുപുടിയില്‍ കഴിവ് തെളിയിച്ച ഭവാനി ഭരതനാട്യത്തിലും പിന്നീട് ശ്രദ്ധകേന്ദ്രീകരിച്ചു. നിരവധി നൃത്തവേദികളള് പങ്കിട്ട ഭവാനിയെ അഭ്രപാളിയിലേക്ക് ആനയിച്ചത് തമിഴ് നടന് മുരളിയുടെ അച്ഛന് സിദ്ധലിംഗയ്യ ആണ്. അങ്ങനെ ‘പുതൈയ്യട മക അയ്യോ’ എന്ന കന്നട സിനിമയിലൂടെ അരങ്ങേറ്റം. ആദ്യഷൂട്ടിംഗ് കര്‍ണാടകത്തില്‍ വച്ചായിരുന്നു ഒരു മാസം. അഭിനയരംഗത്ത് സജീവമായിരുന്ന ഋഷിയേന്ത മണ്ണിയമ്മ എന്ന തന്റെ’ഗ്രാനിയുടെ’ പ്രോത്സാഹനവും ശിക്ഷണവും ആണ് തന്നെ ഈ മാസ്മരികലോകത്തെ മിന്നും താരമാക്കിയത്. തെലുങ്ക് -തമിഴ് സിനിമകളിലെ പ്രശസ്ത താരമായിരുന്നു ഗ്രാനി എന്ന് സ്നേഹപുരസ്കരം വിളിക്കുന്ന ഭവാനിയുടെ മുത്തശ്ശി. ആദ്യത്തെ സിനിമയ്ക്ക്തന്നെ ഏറ്റവും നല്ല നടിക്കുള്ള പുരസ്കാരവും ഭവാനിയുടേതായി. അങ്ങനെ കന്നടയിലെ തിരക്കുളള നായികപദവി ഭവാനിയെതേടി എത്തി. പിന്നീട് തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവം. എം.ജി.ആര്, ശിവാജി, എന്‍. ടി. ആറിന്റെ മകന് ബാലകൃഷ്ണന്, രജീനികാന്ത്, കന്നടയിലെ സൂപ്പര്‍താരം വിഷ്ണുവര്ദ്ധന് എന്നിവരുടെ കാമുകിയും ഭാര്യയുമായി വെള്ളിത്തിരയില്‍ തിളങ്ങി. നിത്യഹരിതനായകനുമൊത്തായിരുന്നു മലയാളത്തില്‍ നായികപദവി പങ്കിട്ടത്. ജയന്, സുകുമാരന്‍, രവികുമാര്‍ എന്നിവരോടൊപ്പം തന്റെ അഭിനയകഴിവുകള്‍ മാറ്റുരക്കാന്‍ നിശ്ചിതകാലയളവില്‍ ഒരന്യഭാഷാനടിക്ക് കഴിഞ്ഞതും മറ്റൊരു ഭാഗ്യം. കല്പവൃഷത്തിലൂടെയാണ് നസീറിന്റെ നായികയായണ് മലയാള സിനിമയിലേക്കുള്ള കൂടുമാറ്റം. മാമാങ്കം, സര്‍പ്പം, പിച്ചിപ്പൂ, അനുപല്ലവി, ലിസ തുടങ്ങിയ ഒട്ടേറെ ഹിറ്റ് സിനിമകളിലൂടെ നമ്മളില്‍ ഒരാളായി.
വിടര്‍ന്ന കണ്ണുകളും തുടുത്ത കവിളുകളും ആയിരുന്നു ഈ തെലുങ്കുപ്പെണ്ണിന്റെ യുഎസ്പി. വലതുവശത്തെ പുരികകൊടികള്‍ ഉയര്‍ത്തിയ ഭവാനിയുടെ ഭാവഭിനയം സുന്ദരവും ശാലീനവും ആയിരുന്നു.
ഇരുപത്തിയേഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം താണ്ഡവം, പൗരന്,ബാലേട്ടന്, കളഭം,നരേന്ദ്രേന്‍ മകന് ജയകാന്തന്‍ വക തുടങ്ങി ഒട്ടേറെ മലയാളസിനിമകളില്‍ അഭിനയിച്ചു. ഓരോ ഭാഷാചിത്രങ്ങളിലെ അനുഭവവും ഓരോ കൗതുകമാണ്. മലയാളം ഒഴികെയുള്ള ചിത്രങ്ങളില്‍ സ്വന്തം ശബ്ദമായിരുന്നു ഭാവാനിയുടേത്.
അമ്മയുടെ ആരോഗ്യപ്രശ്നം കാരണം കുടുംബത്തോടെ ചൈന്നയിലാണ് ഇപ്പോള്‍ താമസം. സുന്ദരികളയായ രണ്ട് പെണ്‍കുട്ടികളാണ് ഭാവനി-രഘുകുമാര്‍ ദമ്പതികള്‍ക്ക്. വിവാഹിതയായ മൂത്തമകള്‍ അമ്മയുടെ വഴിയില്‍ തന്നെ. ഇന്ന് ഭവാനി തമിഴകത്തെ മിനിസ്ക്രിനില്‍ സുപരിചതയാണ്. താനൊരു മുത്തശ്ശിയാണെന്ന് 75 കളിലെ താരാറാണി നമ്മെ ഓര്‍മിപ്പിക്കുന്നു. അഭിനയസാദ്ധ്യതയുള്ള കഥാപാത്രങ്ങള്‍ ഇന്നും ഭാവനിയുടെ കൈകളില്‍ സുരക്ഷിതമാണ്. കൃത്രിമത്വം ഇല്ലാത്ത സ്വഭാവിക സംഭാഷണശൈലിസ്വായത്തമായുള്ള ഈ നടി മലയാളത്തിലേക്ക് മടങ്ങിവന്നാല്‍ അത് മുതല്‍കൂട്ട് തന്നെയെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: