ഗൃഹാതുരത്വത്തിന്റെ ഏകാന്തവഴികളില്‍ ഒറ്റപ്പെട്ടുപോവാത്തവര് ചുരുക്കമാണ്. അങ്ങനെ ഒറ്റപ്പെടുന്നവര്‍ക്ക് താങ്ങായി ഏതെങ്കിലും പാട്ടിന്റെ മരിക്കാത്ത വരികളുമുണ്ടാകും. മലയാളികള്‍ ഇന്നും കൈയിലേന്തി നടന്നുപോകുന്ന വരികളിലൊന്നാണ് ‘ഇല പൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായ്..’
പ്രണയംകൊണ്ട് ചാലിച്ചെടുത്ത ‘വര്‍ഷങ്ങള്‍ പോയതറിയാതെ’ എന്ന സിനിമ മലയാളികള്‍ മറക്കുവാന്‍ വിസമ്മതിക്കുന്നത് മുന്‍പറഞ്ഞ ഗാനത്തിന്റെ സ്വാധീനംകൊണ്ടുംകൂടിയാണ്. 1987 ല്‍ റിലീസുചെയ്ത ആ സിനിമ കേരളത്തിലെ തീയേറ്ററുകളില്‍ മോശമല്ലാതെ ഓടിയ ചിത്രങ്ങളിലൊന്നാണ്. ഇന്ന് മൊബെയിലിലെ റിംഗ്ടോണുകളില്‍വരെ ‘ഇല പൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായ്..’ സജീവമാണ്. എന്നാല്‍, എത്ര പേര്‍ക്ക് ‘വര്‍ഷങ്ങള്‍ പോയതറിയാതെ’ സംവിധാനം ചെയ്തത് മോഹന്‍രൂപാണെന്ന് അറിയാം?
വര്‍ഷങ്ങള്‍ പോയ് മറഞ്ഞിട്ടും മറയാതെ നില്ക്കുന്ന ആ സിനിമയുടെ സംവിധായകന് മോഹന്‍രൂപ് തന്റെ സിനിമാജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു.
? മലയാള സിനിമാ രംഗത്ത് വളരെ ചെറുപ്പത്തില്‍ പ്രവേശം ചെയ്ത വ്യക്തിയാണ് താങ്കള്‍ എന്നുകേട്ടിട്ടുണ്ട്.
ശരിയാണ്. പക്ഷെ, അങ്ങനെയൊരു അവകാശവാദത്തിന് അംഗീകാരവും ബഹുമതിയും കിട്ടുവാനായി ശ്രമിച്ചിട്ടില്ല; ശ്രമിക്കുകയുമില്ല. 1983 ല്‍, ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ‘വേട്ട’ സംവിധാനം ചെയ്തുകൊണ്ടാണ് ഞാന്‍ മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. അന്ന്, ആ പ്രായത്തില്‍ ഒരു സിനിമ വിചാരത്തിനപ്പുറമാണ്.
? വേട്ടയ്ക്ക് മറ്റുപല പ്രത്യേകതകളുമുണ്ടായിരുന്നു.
ഉവ്വ്. പ്രധാന സവിശേഷത മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീനിവാസന് എന്നിവര്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു അത,് എന്നതാണ്. ആ പടത്തിന്റെ ലൊക്കേഷനിലേക്ക് ബസ്സ് യാത്ര ചെയ്താണ് അന്ന് നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍ എത്തിയത്. ലോഡ്ജിലെ അസൗകര്യങ്ങളെക്കുറിച്ചുള്ള ശ്രീനിയുടെ പരിഭവങ്ങള്‍ ഇന്നും ഓര്‍ക്കാനാവുന്നു.
? ആ പ്രായത്തില്‍ താങ്കളെ സിനിമ ഏല്‍പ്പിക്കാന്‍ പ്രൊഡ്യൂസര്‍ ധൈര്യപ്പെട്ടു.
വേട്ടയുടെ പ്രൊഡ്യൂസര്‍മാര്‍ എന്റെ സഹോദരങ്ങള്‍തന്നെയായിരുന്നു. ചന്ദ്രാംഗദന്‍, സദാനന്ദന്, സത്യരാജന്‍ എന്നിവര്‍ ഗാലറി ഫിലിംസ് എന്ന ബാനറിലായിരുന്നു ആ ചിത്രം നിര്‍മ്മിച്ചത്. ആറുലക്ഷമായിരുന്നു അന്നത്തെ ചെലവ്. സിനിമയോടുള്ള എന്റെ അഭിനിവേശം കണ്ടിട്ടാണ് അവരങ്ങനെ ചെയ്തത്.
? സിനിമയെ ഗൗരവമായി കാണുന്നത് എപ്പോഴാണ്.
വര്‍ക്കല എസ്.എന്‍. കോളേജില്‍ പഠിക്കുമ്പോഴാണ് അടൂര്‍ ഗോപാലകൃഷ്ണനെ കാണുവാനും പരിചയപ്പെടുവാനും അവസരം കിട്ടുന്നത്. ആ പരിചയം അദ്ദേഹത്തിന്റെ ചിത്രലേഖ ഫിലിം സൊസൈറ്റിയിലേക്കുള്ള പ്രവേശനത്തിന് ക്ഷണമാവുകയും അനേകം ലോക ക്ലാസ്സിക്കുകള്‍ കാണുവാന്‍ ഇടയാക്കുകയും ചെയ്തു. ആയിടക്ക് ചിത്രലേഖ ഫിലിം സൊസൈറ്റി, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് ഒരു ഫിലിം അപ്രിസിയേഷന്‍ കോഴ്സ് നടത്തിയപ്പോള്‍ കോളേജ് വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് തനിക്കുമാത്രമേ പ്രവേശനം കിട്ടിയുള്ളൂ. ഒരു ഫിലിം വിദ്യാര്‍ത്ഥിയേക്കാള്‍ സിനിമ കാണാനും സിനിമയെക്കുറിച്ച് പഠിക്കുവാനും കഴിഞ്ഞു. ഇതെല്ലാം എന്നിലെ സിനിമാക്കാരനെ വളര്‍ത്തുകയായിരുന്നു. അങ്ങനെയാണ് ‘വിഗ്രഹം’ എന്നുപേരിട്ട ഒരു തിരക്കഥ ഞാനെഴുതുന്നത്.
ഇതുകണ്ട എന്റെ അച്ഛനും സഹോദരങ്ങളും എന്നെ പ്രോത്സാഹിപ്പിക്കുകയും ഒരു സിനിമ നിര്‍മ്മിക്കാന്‍ അവര്‍ തയ്യാറാവുകയും ചെയ്തു. അങ്ങനെ ചെയ്തതാണ് ‘വേട്ട’..
? ഇരുപത്തിയൊന്നാം വയസ്സില്‍ സിനിമയിലെത്തിയ താങ്കള്‍ക്ക് എന്തുസംഭാവനയാണ് മലയാള സിനിമയ്ക്ക് നല്കാന് കഴിഞ്ഞിട്ടുള്ളത്.
എന്റെ സിനിമകള്‍തന്നെയാണ് എന്റെ സംഭാവനകള്‍. വേട്ടയ്ക്കുശേഷം, നുള്ളിനോവിക്കാതെ, ഇവരെ സൂക്ഷിക്കുക, വര്‍ഷങ്ങള്‍ പോയതറിയാതെ, എക്സ്ക്യൂസ് മീ, ഏത് കോളേജിലാ, സ്പര്‍ശം എന്നിവയാണ് ഞാന്‍ ചെയ്തിട്ടുള്ള ചിത്രങ്ങള്‍. ശിവജി, രാജീവ് എന്നീ നടന്മാരും ക്യാമറമാന് സാലുജോര്‍ജ്, സംഗീത സംവിധായകന് രാജാമണി എന്നിവരും എന്റെ സിനിമകളിലൂടെയാണ് രംഗപ്രവേശം ചെയ്തത്. മോഹന്‍ സിത്താരയുടെ ആദ്യത്തെ എവര്‍ഗ്രീന്‍ ഹിറ്റ് ഗാനമാണ് ‘ഇല പൊഴിയും ശിശിരത്തില്‍..’ പ്രേംകുമാര്‍, കലാഭവന്‍ മണി എന്നിവരും ആദ്യമായി നായകവേഷങ്ങളില്‍ വരുന്നതും എന്റെ പടങ്ങളിലൂടെയാണ്. ഇതിനിടയില്‍ ബന്ധന എന്ന കന്നഡ ചിത്രവും സംവിധാനം ചെയ്യുകയുണ്ടായി. പ്രേക്ഷകരാണ് എന്റെ സിനിമയുടെ സവിശേഷതകള്‍ വിലയിരുത്തേണ്ടത്.
? ‘വര്‍ഷങ്ങള്‍ പോയതറിയാതെ’യുടെ സംവിധായകന് എന്ന നിലയിലുള്ള പേരും പ്രശസ്തിയും താങ്കള്‍ക്ക് ലഭിച്ചിട്ടില്ല.
പൂര്‍ണ്ണമായും ശരിയല്ലത്. മാധ്യമങ്ങളും നിരൂപകരും ആവശ്യമായ ശ്രദ്ധ ആ സിനിമക്ക് നല്‍കിയിരുന്നു. പിന്നെ, സ്പര്‍ശത്തിനുശേഷം വന്ന കാലയളവ് പ്രതികൂലമായി എന്നെ ബാധിച്ചു.
? ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം താങ്കള്‍ സിനിമയിലേക്ക് തിരിച്ചുവരികയാണ്.
അതെ.
? ഈ കാലയളവില്‍ താങ്കള്‍ പൂര്‍ണ്ണമായും സിനിമയില്‍ നിന്നും വിട്ടുനിന്നു.
ഇല്ല; ‘സിനിമ’ചെയ്തില്ലന്നെയുള്ളൂ. ഇക്കാലയളവില്‍ കൈരളി, ദൂരദര്ശന് ചാനലുകളില്‍ സീരിയലുകള്‍ ചെയ്തു. പിന്നെ, ടെലിഫിലിം, ഷോര്‍ട്ടുഫിലിം, ആഡ്..
? ഏഴ് വര്‍ഷങ്ങള്‍ മലയാള സിനിമയെ സംബന്ധിച്ച് മാറ്റങ്ങളുടെ നീണ്ട കാലയളവാണ്. താങ്കള്‍ അത് ഉള്‍ക്കൊള്ളുന്നു.
തീര്‍ച്ചയായും; ഞാനത് ഉള്‍ക്കൊള്ളുന്നു. ഏറ്റവും പുതിയ സിനിമകള്‍വരെ കാണുവാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്..
? സൂപ്പര്‍സ്റ്റാറുകളെ ഒന്നിച്ചഭിനയിപ്പിച്ച താങ്കള്‍ക്ക് ഇന്നവരെക്കുറിച്ചുള്ള അഭിപ്രായം.
കൊമേഡിയനായി കണക്കുകൂട്ടിയിരുന്ന സലീംകുമാറിനെപ്പോലുള്ളവര് നല്ല ക്യാരക്ടര്‍ നടനായി അവാര്‍ഡുകള്‍ വാരിക്കൂട്ടുമ്പോള്‍, മഹാനടന്മാരായ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കൊമേഡിയന്മാരായി അവതരിപ്പിച്ച് അപഹാസ്യരാക്കാനാണ് മലയാളത്തിലെ വലിയ സംവിധായകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അന്തര്‍ദ്ദേശീയ നിലവാരമുള്ള അവര്‍ക്ക് ഉചിതമായ കഥാപാത്രങ്ങളുള്ള സിനിമകള്‍ ചെയ്യുവാന്‍ എനിക്ക് ഇന്നും താല്പര്യമുണ്ട്.
? തിരിച്ചു വരവ് തമിഴ് പടത്തിലൂടെ എന്നു തീരുമാനിച്ചു.
അതെ. പുതിയ പ്രമേയങ്ങള്‍ക്കും അഭിനേതാക്കള്‍ക്കും മലയാളത്തേക്കാള്‍ സ്വീകാര്യത തമിഴിലാണ്. കഥയേതായാലും നല്ല സിനിമകള്‍ തമിഴ്ജനത രണ്ടുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. എന്റെ തമിഴ് പടത്തിന്റെ പേര് തൂതുവാന്‍ എന്നാണ്. തൃശ്ശൂരിലെ ബിസിനസ്സുകാരായ ശശിധരന് പണിക്കവീട്ടിലും ശങ്കരരാമനും ചേര്‍ന്നാണ് പടം നിര്‍മ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ ആദിത്യ, ഗൗരി എന്നിവരാണ് നായകനായികമാര്‍. അതുപോലെത്തന്നെ ഈ പടത്തില്‍ ഒരു പുതുമുഖ സംഗീതസംവിധായകനെയും ഞാന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്-സജിത് സാന്ദ്ര. സിനിമയുടെ രചന ഞാന്‍തന്നെയാണ് നടത്തിയിരിക്കുന്നത്. ക്യാമറ ദിലീപ്രാമന്‍. പടം ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തും.
? സംവിധായകന് എന്ന നിലയില്‍ താങ്കള്‍ സംതൃപ്തനാണോ.
മനസ്സിലെ സിനിമ ഇനിയും സാക്ഷാത്കരിക്കാതെ പോവുക എന്നത് ഒരു സംവിധായകന്റെ ദുരന്തമാണ്. എനിക്കും ആ അവസ്ഥയുണ്ട്. വ്യക്തിക്കും സമൂഹത്തിനും എന്നെന്നും ഓര്‍മ്മിക്കാനുതകുന്ന, മനുഷ്യരെ മനുഷ്യത്വത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന ഒരു സിനിമ എന്റെ സ്വപ്നമാണ്..
ശശിധരന് പണിക്കവീട്ടിലും ശങ്കരരാമനും ചേര്‍ന്നുതന്നെ നിര്‍മിക്കുന്ന മണ്ണില്‍ വീണ മേഘമേ എന്ന തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ മോഹന്‍രൂപ്. തൃശ്ശൂര്‍ നഗരിയില്‍ സ്ഥിരമായി താമസിക്കുന്ന മോഹന്‍രൂപിന്റെ ഭാര്യ പ്രീത. മക്കള്‍: മൃണാള്‍, നിള.
എം.എന്‍. ശ്രീരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: