“പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി മാത്രം സിനിമയില്‍ പ്രത്യേകിച്ചൊന്നും ഞാന്‍ ചെയ്യാറില്ല. എന്നാല്‍ എന്റ സിനിമ കാണുന്ന പ്രേക്ഷകര്‍ അതിഷ്ടപ്പെടും സ്വീകരിക്കും എന്നെനിക്കുറപ്പുണ്ട്.” ആന്ദ്രെ ടാര്‍കോവ്സ്കി, ഫ്രഞ്ച് സംവിധായകന്
തന്റെ വെബ്സൈറ്റില്‍ കുറിച്ചിട്ട ഈ വാക്കുകളില്‍ ശ്യാമപ്രസാദ് എന്ന സംവിധായകനെ വായിച്ചെടുക്കാം. കല ജീവിതഗന്ധിയായിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്ന സംവിധായകന്. ഈ വാശിയാകാം ഫാന്റസിയുടെ മേഖലകളില്‍ വിരാചിക്കുന്ന അമാനുഷിക കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ അരങ്ങുതകര്‍ത്തപ്പോഴും ജീവിത യാഥാര്‍ത്ഥ്യത്തിന്റെ ഏടുകള്‍ തിരഞ്ഞുനടക്കാന്‍ ശ്യാമപ്രസാദിനെ പ്രേരിപ്പിച്ചത്. സാധാരണക്കാരായിരുന്നു അദ്ദേഹത്തിന്റെ നായകനും നായികയും. തീക്ഷ്ണമായ ജീവിതാനുഭവങ്ങളായിരുന്നു പ്രമേയം. നായകന്റെ അസാധ്യപ്രകടനത്തിന് കയ്യടികള്‍ മുഴങ്ങിയ സിനിമാ കൊട്ടകകള്‍ സംവിധായകന് കരുത്തു നല്കി. കണ്ടുമടുത്ത പ്രമേയങ്ങളുടെയും കേട്ടു പഴകിയ മുദ്രാവാക്യങ്ങളുടെയും അന്ധകാരംമൂടിയ മലയാളസിനിമാ പശ്ചാത്തലത്തില്‍ ശ്യാമപ്രസാദിന്റെ സിനിമകള്‍ക്ക് കാര്മ്മേഘങ്ങള്ക്കിടയിലെ വെള്ളിടികള്പോലെ സ്വര്‍ണ്ണനിറമായിരുന്നു.
നവതരംഗങ്ങളുടെ പാളത്തിലൂടെയാണ് മലയാളസിനിമയുടെ പ്രയാണമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. മാറ്റം, പരീക്ഷണം എന്നീ വാക്കുകള്‍ മലയാള സിനിമയില്‍ ധാരാളമായി ഉപയോഗിക്കുന്ന ഇക്കാലത്തിനു മുമ്പ് മാറ്റങ്ങളുടെ പാത കാണിച്ചുതന്ന സംവിധായകനാണ് ശ്യാമപ്രസാദ്. സ്വന്തം പ്രതിഭയോട് നീതി പുലര്‍ത്തി ഓരോ കാലത്തും ഓരോ സമയത്തും തന്റേതായ വഴികളിലൂടെ ക്യാമറയോടൊപ്പം മൂല്യങ്ങളെയും ചേര്‍ത്തുപിടിച്ചു നടന്ന സംവിധായകന്. അഗ്നിസാക്ഷിയായി ഒരേ കടല്‍ കടന്ന് ഋതുവിനൊപ്പം അകലെനിന്നും നമ്മുടെ ഹൃദയത്തിന് അരികെ നടന്നടുത്ത കലാകാരന്.
ശ്യാമപ്രസാദിന്റെ പുതിയ ചിത്രമായ അരികെയുടെ വിശേഷങ്ങളിലേക്ക്
അകലെ നിന്ന് അരികിലേക്ക്
ബംഗാളിയായ സുനില്‍ ഗംഗോപാധ്യായയുടെ ഒരു നീണ്ട കഥയെ ആസ്പദമാക്കിയാണ് അരികെ ചെയ്തിരിക്കുന്നത്. കഥ വായിച്ചപ്പോള്‍ തന്നെ സിനിമയാക്കണമെന്നുണ്ടായിരുന്നു. അരികെ ഉണ്ടെങ്കിലും അറിയാതെ പോകുന്ന പ്രണയത്തിന്റെ കഥയാണ് അരികെ. സ്നേഹം തേടിയുള്ള മനുഷ്യമനസ്സിന്റെ സഞ്ചാരത്തെ തികച്ചും യാഥാര്‍ത്ഥ്യബോധത്തോടുകൂടി അവതരിപ്പിക്കാനുള്ള ശ്രമം. ലിംഗ്വിസ്റ്റിക് വിഭാഗത്തില്‍ ഗവേഷകനായ കേന്ദ്രകഥാപാത്രമായി ദിലീപും കല്പനയായി സംവൃതാ സുനിലും അനുരാധയായി മംതാ മോഹന്‍ദാസും വേഷമിടുന്നു. ഇവര്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് അരികെ.
‘കഥകളിലും സിനിമകളിലും മാത്രമേ യഥാര്‍ത്ഥ പ്രണയമുള്ളൂ’
പ്രണയത്തെ നിര്‍വചിക്കുക വിഷമകരമാണ്. പ്രണയത്തില്‍ സ്നേഹവും സൗഹൃദവും വാത്സല്യവുമുണ്ട്. ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും ഈ സ്നേഹവും പ്രണയവും ആവശ്യമാണ്. അതിന്റെ യാഥാര്‍ത്ഥ്യം തേടിയുള്ള തിരച്ചിലിലാണ് നാം. ഓരോരുത്തരും ഓരോ രീതിയിലാണ് പ്രണയത്തെ അളക്കുന്നതെന്നു മാത്രം. അരികെയിലെ കഥാപാത്രങ്ങള്‍ തന്നെ പ്രണയത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവരാണ്. തനിക്ക് നിഷേധിക്കപ്പെട്ട സ്നേഹം കാരണം ലോകത്തില്‍ സ്നേഹമില്ലെന്ന് വിശ്വസിക്കുന്ന അനുരാധ, സ്നേഹം വളരെ ക്രൂരമായി നിഷേധിക്കപ്പെട്ടിട്ടും താനിപ്പോഴും സ്നേഹത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്ന ശന്തനു, സ്നേഹത്തെ വെറുമൊരു കളിതമാശയായി പുറന്തോടായി കൊണ്ടുനടക്കുന്ന കല്പന. സ്നേഹത്തെ ഒറ്റവാക്കില്‍ നിര്‍വചിക്കുക പ്രയാസമാണ്. എങ്കിലും സിനിമയില്‍ കാണുന്ന നാം റൊമാറ്റിക് എന്നു വിളിക്കുന്ന പ്രണയം യഥാര്‍ത്ഥ ജീവിതത്തില്‍ തിരയുന്നതില്് അര്‍ത്ഥമില്ല.
സൗഹൃദം… പ്രണയം
സൗഹൃദത്തിനും പ്രണയത്തിനും ഇടയില്‍ ചെറിയ അതിര് വരമ്പുകളേയുള്ളൂ. രണ്ടും വേര്‍തിരിക്കുക ബുദ്ധിമുട്ടാണ്. സാഹചര്യത്തിനനുസരിച്ച് അത് മാറുന്നു. എങ്കിലും സൗഹൃദം പ്രണയത്തിലേക്ക് മാറുകയോ മാറാതിരിക്കുകയോ ചെയ്യാം. പ്രണയമില്ലാതെയും സൗഹൃദം നിലിനില്ക്കാം.
സിനിമയ്ക്കുവേണ്ടി കഥ കെട്ടിച്ചമക്കാനില്ല
ഞാന്‍ ചെയ്ത സിനിമകളധികവും സാഹിത്യകൃതിയെ ആസ്പദമാക്കിയുള്ളതാണ്. ലളിതാംബികാ അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി (അഗ്നിസാക്ഷി), സുനില്‍ ഗംഗോപാധ്യായുടെ ഹിരാക് ദീപ്തി (ഒരേ കടല്‍), ടെന്നീസ് വില്യംസിന്റെ ദി ഗ്ലാസ് മാനേജരി (അകലെ) എന്നീ സാഹിത്യകൃതികള്‍ എന്നെ ആഴത്തില്‍ സ്വാധീനിച്ചതുകൊണ്ടാണ് അവ സിനിമയായത്. നമ്മുടെ ജീവിതവുമായി കഥയെ ബന്ധപ്പെടുത്താന്‍ സാധിക്കുമ്പോഴാണ് കഥയ്ക്ക് മൂല്യമുണ്ടാകുന്നത്. സാഹിത്യകൃതികള്‍ക്ക് ഈ മൂല്യമുണ്ട്. എന്നാല്‍ സിനിമയ്ക്കുവേണ്ടി മാത്രം കെട്ടിച്ചമയ്ക്കപ്പെടുന്ന കഥകള്‍ കൃത്രിമമാണ്. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടിവരുന്നതാണ് അതിലെ മൂല്യച്യുതി. അതുകൊണ്ടാണ് അത്തരം സിനിമകള്‍ നമ്മുടെ ജീവിതത്തെ സ്പര്‍ശിക്കാതെ പോകുന്നത്. ഒരു സാഹിത്യകാരന് കഥയെഴുതുമ്പോള്‍ അയാള്‍ക്കുമുന്നില്‍ താരങ്ങളോ ലോക്കേഷനോ ബഡ്ജറ്റോ ഒന്നുമില്ല; ജീവിതം മാത്രമേയുള്ളൂ. വളരെ നൈസര്‍ഗികവും ശക്തവുമായിട്ടുള്ള രചനയാണ് നടക്കുക. സാഹിത്യകൃതിയുടെ ഈ മൂല്യം എന്റെ സിനിമകള്‍ക്ക് ആധാരമാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ സിനിമക്കുവേണ്ടി കഥകള്‍ കെട്ടിപ്പെടുക്കുന്നതില്‍ താല്‍പ്പര്യമില്ല.
സാഹിത്യകൃതികളോട് നീതിപുലര്ത്തേണ്ടതില്ല
സാഹിത്യകൃതികള്‍ സിനിമയാക്കുമ്പോള്‍ കഥാപാത്രങ്ങളോട് നീതിപുലര്‍ത്താന്‍ കഴിയുമോ എന്ന് പലരും ചോദിക്കാറുണ്ട്. നീതിപുലര്‍ത്തുക എന്നത് മാധ്യമങ്ങളുടെയും വിമര്‍ശകരുടെയും പദപ്രയോഗമാണ്. സാഹിത്യകൃതിയോട് നീതിപുലര്‍ത്തുക എന്നതല്ല സംവിധായകന്റെ ധര്‍മ്മം. ഒരു കഥ വായിക്കുമ്പോള്‍ സംവിധായകന്റെ മനസ്സില്‍ ഉളവാകുന്ന പ്രചോദനവും വികാരവിചാരങ്ങളുമാണ് സിനിമയായി മാറേണ്ടത്. രചയിതാവിന്റെ അഭിരുചികളെ പകര്‍ത്തുന്നത് വെറുമൊരു തര്‍ജമ മാത്രമായിത്തീരും. സാഹിത്യകൃതിയുടെ പുനരാവിഷ്കാരമാണ് ദൃശ്യവല്‍ക്കരിക്കുമ്പോള്‍ സംഭവിക്കേണ്ടത്. അങ്ങനെ തന്റെ പ്രേക്ഷകരോടും മാധ്യമത്തോടും നീതി പുലര്‍ത്തുകയാണ് സംവിധായകന് ചെയ്യേണ്ടത്.
സിനിമ സ്വയം തൃപ്തിപ്പെടുത്തണം
സിനിമയിലെ പ്രധാന ഘടകമാണ് പ്രേക്ഷകര്‍. എന്നാല്‍ ഈ ഘടകമായിരിക്കരുത് സംവിധായകനെ മുന്നോട്ടു നയിക്കുന്നത്. ഒരു കൃതി ഉളവാക്കിയിട്ടുള്ള തീവ്രമായ അനുഭവം അതിന്റെ തീക്ഷ്ണഭാവത്തില്‍ ആ പ്രമേയത്തിന്റെ പരിശുദ്ധിയെ നശിപ്പിക്കാതെ അവതരിപ്പിക്കുക എന്നതാണ് സംവിധായകന്റെ കടമ. സ്വയം സത്യസന്ധനായി സ്വന്തം തൃപ്തിക്കനുസരിച്ച് ചെയ്യുമ്പോള്‍ അത് ഇഷ്ടപ്പെടുന്ന ആയിരം പേരെങ്കിലും ഉണ്ടാകും. സ്വന്തം കാഴ്ചപ്പാടുകളോടും അഭിരുചികളോടും നീതി പുലര്‍ത്തി ചെയ്യുന്ന വിഷയത്തെ സത്യസന്ധമായി സമീപിക്കുകയും ഞാന്‍ കാണാനിഷ്ടപ്പെടുന്ന കഥ എന്ന അര്‍പ്പണബോധത്തോടുകൂടിയും ചെയ്യുന്ന ഒന്നാണ് സിനിമ.
തല്‍സമയം ഒരു റെക്കോര്‍ഡിംഗ്
ലളിതവും സ്വാഭാവികവുമായ സാഹചര്യത്തിലൂടെയാണ് അരികെ കടന്നുപോകുന്നത്. ആ സ്വാഭാവികത അഭിനയത്തിലും ഉണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായതിനാലാണ് സിനിമയില്‍ മുഴുനീളം തല്‍സമയ റെക്കോര്‍ഡിംഗ് ഉപയോഗിച്ചിട്ടുള്ളത്. ഇത് സിനിമക്ക് കുറേക്കൂടി വിശ്വസനീയത കൈവരുത്തും. സാധാരണയായി സിനിമകളിലുപയോഗിക്കുന്ന ഡബ്ബിംഗും പ്രോമ്പ്റ്റിംഗും ഇതിലുപയോഗിച്ചിട്ടില്ല. മലയാള സിനിമ മാത്രമാണ് ഡബ്ബിംഗിനെ ഇത്രയധികം ആശ്രയിക്കുന്നത്. അഭിനേതാവിന്റെ കഴിവിനെ ഇല്ലാതാക്കുകയാണ് ഡബ്ബിംഗ്. ലൈവ് റെക്കോര്‍ഡിലേക്ക് മലയാള സിനിമ മാറേണ്ടിയിരിക്കുന്നു. ഡബ്ബ് ചെയ്ത ശബ്ദം കേട്ട് ശീലിച്ച നമുക്ക് തിയേറ്ററില്‍ സിനിമ കാണുന്ന സമയത്ത് ലൈവ് റെക്കോര്‍ഡിംഗ് ചെറിയൊരു ആസ്വാദനക്കുറവ് വരുത്തിയേക്കാം.
നവതരംഗം ചരിത്രത്തിന്റെ തുടര്‍ച്ച
മലയാള സിനിമയില്‍ അടുത്തകാലത്തായി പുതിയ ഉണര്‍വ്വ് ഉണ്ടായിട്ടുണ്ട് എന്നത് നിഷേധിക്കാനാവില്ല. മലയാളി പ്രേക്ഷകന്റെ അഭിരുചിയിലും മാറ്റങ്ങള്‍ ദൃശ്യമാണ്. എന്നാല്‍ ഈ നവതരംഗം ഇപ്പോഴത്തെ മാത്രം പ്രതിഭാസമായി വിലയിരുത്താന്‍ സാധിക്കില്ല. വിപ്ലവാത്മകരമായ സിനിമകള്‍ ചെയ്തുകൊണ്ടുതന്നെയാണ് അടൂര്‍ ഗോപാലകൃഷ്ണന്, അരവിന്ദന്, പത്മരാജന്, ഭരതന് തുടങ്ങിയ സംവിധായകര്‍ മലയാള സിനിമയിലേക്ക് കടന്നുവന്നതും മലയാള സിനിമയെ മുന്നോട്ടു നയിച്ചതും. അവര്‍ കെട്ടിപ്പടുത്ത ഭദ്രമായ അടിത്തറയില്‍ നിന്നുകൊണ്ടാണ് നമുക്ക് ഇവിടെ വരെ എത്താന്‍ സാധിച്ചതും ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുന്നതും. നവതരംഗമെന്ന് ഇപ്പോള്‍ വിലയിരുത്തുന്ന സിനിമകളേക്കാള്‍ ഗംഭീരമായ സിനിമകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുള്ള ഉണര്‍വ്വ് ചരിത്രത്തിന്റെ തുടര്‍ച്ചയായിട്ട് മാത്രമേ കാണാന്‍ കഴിയൂ. ഈ വര്‍ഷമോ കഴിഞ്ഞ വര്‍ഷമോ ഉണ്ടായ പ്രതിഭാസമായി കരുതാനാവില്ല. ചരിത്രം മറക്കുക എന്നത് മാധ്യമങ്ങളുടെയും വിമര്‍ശകരുടെയും സ്വഭാവമാണ്.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: