മങ്കാത്തയുടെ വിജയലഹരി അടങ്ങും മുമ്പ് �തല�യുടെ ആരാധകര്‍ ആവേശതിമിര്‍പ്പിലാണ്. തങ്ങള്‍ ഇഷ്ടപ്പെടുന്ന രൂപത്തിലും ഭാവത്തിലും ഇഷ്ടനായകനായ അജിത്തിനെ കാണാന്‍ പല തവണ റിലീസ് മാറ്റിവെച്ച തമിഴിലെ ബിഗ്ബജറ്റ് ചിത്രമായ ബില്ല 2 ന്റെ വരവിനായി കാത്തിരിക്കുകയാണ് അവര്‍. തമിഴിലെ എക്കാലത്തെയും റെക്കോര്‍ഡുകളാണ് ബില്ലയുടെ നിര്‍മ്മാണത്തിലൂടെയും വിതരണത്തിലൂടെയും തകര്‍ക്കപ്പെടുന്നത്. 65കോടി മുടക്കി നിര്‍മ്മിച്ച ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം വിറ്റുപോയത് 5.3കോടിക്കാണ്. സണ്‍ നെറ്റ് വര്‍ക്ക് ഇവിടുത്തെ അവകാശം നേടിയെടുത്തത് 6.25കോടിക്കും. അജിത്തിന്റെ പിറന്നാള്‍ ദിനമായ മേയ് 1 ന് ചിത്രത്തെ കാത്തിരുന്ന ദക്ഷിണേന്ത്യേന്‍ സിനിമാലോകം ഒരിക്കല്‍കൂടി നിരാശയിലായിട്ടുണ്ട്. മേയ് അവസാനവാരമാകും ചിത്രം തീയേറ്ററിലെത്തുക. തമിഴകം പ്രതീക്ഷയോടെ ബില്ല-2 നുവേണ്ടി കാത്തിരിക്കുമ്പോള്‍ മലയാളികളും ഏറെ പ്രതീക്ഷയിലാണ്. ഒരു പുത്തന്‍ നായികാവസന്തത്തിന്റെ തുടക്കത്തിനുവേണ്ടി 2008ലെ മിസ് വേള്‍ഡ് റണ്ണര്‍ അപ്പിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ പാര്‍വ്വതി ഓമനക്കുട്ടനാണ് ബില്ല 2-ലെ നായിക. നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷമാണ് ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തേക്കുള്ള പാര്‍വ്വതി ഓമനക്കുട്ടന്റെ വരവ്. ബില്ല 2 സിനിമാലോകത്ത് തനിക്ക് വഴിത്തിരിവാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍വ്വതി ഓമനക്കുട്ടന്.
ബില്ല 2 ലേക്കെത്തുന്നത്
ഒരു ഫാഷന്‍ഷോയില്‍ വച്ച് എന്നെ കണ്ട ബില്ല 2 ന്റെ നിര്‍മ്മാതാവും ഇന്‍ എന്റര്‍ടെയിന്‍മെന്റ് സി.ഇ.ഒ.യുമായ സുനീര്‍ ഖേത്രപാല്‍ ആണ് സംവിധായകനായ ചക്രിടുലേത്തിയെ ചെന്നു കാണാനാകുമോ എന്നു ചോദിക്കുന്നത്. ബില്ല 2 ന്റെ കഥകേട്ടയുടന്‍ വീട്ടില്‍ ആലോചിച്ചശേഷം സമ്മതം മൂളി.
ബില്ല 2 വിലെ അനുഭവങ്ങള്‍
ബില്ല 2, ബില്ലയുടെ രണ്ടാം ഭാഗമല്ല. സാധാരണക്കാരനായ ഡേവിഡ് എങ്ങനെ ഡോണ്‍ ആവുന്നു എന്ന കഥയാണ് ബില്ല 2 പറയുന്നത്. അജിത്തിനെപോലൊരു സൂപ്പര്‍താരവുമൊത്ത് അഭിനയിക്കുക എന്നത് മികച്ച അനുഭവമായിരുന്നു. ഒരു പുതുമുഖനായികയുടെ എല്ലാ ടെന്‍ഷനും ഉണ്ടായിരുന്നു. ഇത്രയും വലിയ ഒരു നടനൊത്ത് ഒരു പുതുമുഖതാരം അഭിനയിക്കാനെത്തുമ്പോള്‍ ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങളും തുടക്കത്തില്‍ ഉണ്ടായിരുന്നു. അജിത്തിന്റെ ഒരു ആരാധികകൂടിയായിരുന്നു ഞാന്‍. എങ്ങനെ പെരുമാറുമെന്നത് വലിയ ആശങ്കയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിനയവും ഫ്രീയായി ഉള്ള സംസാരവും എന്നെ അമ്പരിപ്പിച്ചുകളഞ്ഞു. സംസാരിച്ചു തുടങ്ങിയാല്‍ ഒരു സാധാരണമനുഷ്യന്റെ പെരുമാറ്റം. അജിത്തിനെപോലുള്ളവര് സൂപ്പര്‍താരങ്ങളായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിക്കുന്നതിന്റെ രഹസ്യം അവരുടെ പെരുമാറ്റമാണ്. അജിത്തിന്റെ അച്ഛന് മലയാളിയാണ്. അമ്മ ഉത്തരേന്ത്യയില്‍ നിന്നും. ഷൂട്ടിംഗ് വേളയില്‍ ലൊക്കേഷനില്‍ ശാലിനിയും കുഞ്ഞും അജിത്തിന്റെ അച്ഛനും അമ്മയുമൊക്കെ എത്തിയിരുന്നു. അവരുടെ ഒക്കെ ഇടപെടല്‍ സ്വന്തം കുടുംബാംഗത്തെപോലെയാ യിരുന്നു.
ബില്ല 2ലെ ക്ലൈമാക്സ് സീന്‍ ആണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ചലഞ്ചിംഗ് ആയത്. അതേകുറിച്ച് കൂടുതല്‍ പറയാനാവില്ല. സിനിമയിലെ ഓരോ ദിവസത്തേയും അനുഭവങ്ങള്‍ മറക്കാനാവാത്തതാണ്. സംവിധായകന് ചക്രി ടുലേത്തിയുടെയും ക്യാമറാമാന് ആര്.ഡി. രാജശേഖരന്റെയും അനുഭവങ്ങള്‍ സിനിമയെ മികച്ചതാക്കിയിട്ടുണ്ട്.
യുണൈറ്റഡ് 6 ന്റെ വിശേഷങ്ങള്‍
ബോളീവുഡ്സിനിമയായ യുണൈറ്റഡ് 6 ഇപ്പോള്‍ ചെന്നൈയില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഒരു അഭിനയപരിശീലനകളരിയായിരുന്നു ആദ്യ സിനിമ. സംവിധായകനടക്കമുളളവര്‍ പുതിയ ടീമായതിനാല്‍ വലിയ ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. കഥാപാത്രം ഒരു മോഡല്‍ ആയിട്ടായിരുന്നു.
അഭിനയമാണോ മോഡലിംഗാണോ താലപര്യം
മോഡലിംഗിലൂടെയാണ് തുടക്കം. ഞാന്‍ സിനിമയിലെത്തിയത് മോഡല്‍ ആയതിലൂടെയാണ്. അഭിനയമാണ് ഏറ്റവും ഇഷ്ടപ്പെടുന്നത്. രണ്ടും വിടാന്‍ പറ്റില്ല. അഭിനയ സാധ്യതയുള്ള നല്ല വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം.
മലയാളിയായിട്ടും മലയാളത്തില്‍ നിന്നും അകന്ന്
മലയാളത്തിലേക്ക് വരാന്‍ താല്പര്യമില്ലെന്ന് ഒക്കെ ചിലര്‍ എഴുതുകയും പറയുകയും ചെയ്യുന്നുണ്ട്. ആരാണ് ഇത് ചെയ്യുന്നത് എന്നറിയില്ല. നാട്ടില്‍ അമ്മൂമ്മയോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ നസീര്‍, ജയന്, ഷീല തുടങ്ങിയവരുടെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. കുട്ടിക്കാലം മുതല്‍ മലയാള സിനിമകളോട് പ്രത്യേക അടുപ്പമുണ്ട്. നല്ല സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല. ഗദ്ദാമ, പ്രണയം, ബ്യൂട്ടിഫുള്‍ തുടങ്ങി നല്ല കാറ്റഗറിയിലുള്ള ചിത്രങ്ങള്‍ വിരളമാണ്.
മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രധാന്യമുള്ള സിനിമകള്‍ മലയാളത്തിലുണ്ടായിരുന്നു. ശോഭനയും മഞ്ജുവാര്യരുമൊക്കെ ഇന്നും പ്രേക്ഷകമനസില്‍ നിറഞ്ഞുനില്ക്കുന്നത് അതുകൊണ്ടാണ്. ഇന്ന് പുരുഷമേധാവിത്യമുള്ള സിനിമകളാണധികവും. എത്രയോ കാലത്തിനുശേഷമാണ് സ്ത്രീകഥാപാത്രത്തിനു പ്രധാന്യമുള്ള ഗദ്ദാമ എന്ന ചിത്രമിറങ്ങുന്നത്. മലയാള സിനിമ തട്ടികൂട്ട് ഹാസ്യത്തിനുപുറകേ പോകുന്നു. ആരെങ്കിലും ഒരു പാറ്റേണില്‍ ഒരു സിനിമ ചെയ്ത് ശ്രദ്ധിക്കപ്പെട്ടാല്‍ അതിനുപുറകെ വച്ചുപിടിക്കും. മലയാള സിനിമയുടെ തനിമ നഷ്ടപ്പെടുകയാണ്. മറ്റേത് ഇന്ഡസ്ട്രിയിലേക്കാളും കഴിവുള്ള അഭിനയപ്രതിഭകള്‍ മലയാളത്തിലുണ്ട്. അവരുടെ കഴിവ് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള സിനിമകളുണ്ടാവുന്നില്ല. ജഗതി ശ്രീകുമാര്‍ ഉദയനാണ് താരത്തില്‍ ചെയ്ത കഥാപാത്രം മറ്റൊരാള്‍ക്കും ചെയ്യാനാവില്ല. സലിംകുമാറിനും ബാബുരാജിനും സ്ഥിരം പാറ്റേണില്‍ നിന്നും മാറി അഭിനയിക്കാനാവുമെന്ന് വ്യക്തമായത് എത്രയോനാള്‍ കഴിഞ്ഞ് ‘അച്ഛനുറങ്ങാത്ത വീടും’ �സാള്‍ട്ട് ആന്‍ഡ് പെപ്പറും� ഇറങ്ങുമ്പോഴാണ്.
മലയാളത്തില്‍ പ്രതിഫലമോ ബാനറോ അല്ല പ്രശ്നം. രണ്ട്പാട്ടിനു വേണ്ടിയോ രണ്ട് സീനിനുവേണ്ടിയോ അഭിനയിക്കാന്‍ തയ്യാറല്ല. നല്ല കഥാപാത്രമാണെങ്കില്‍, നല്ല കഥയാണെങ്കില്‍ മലയാളത്തില്‍ തീര്‍ച്ചയായും അഭിനയിക്കും. ഇതുവരെ ഒരു മലയാളസിനിമയിലും കരാറായിട്ടില്ല. മറിച്ച് ചില പ്രചരണങ്ങളുണ്ടായിരുന്നു. അത് എങ്ങനെ വന്നുവെന്ന് അറിയില്ല.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച്
നമ്മുടെ സമൂഹത്തില്‍ പുരുഷമേധാവിത്വമാണ് കൂടുതല്‍. ദൈവത്തിന്റെ സ്വന്തം നാടെന്നുപേരുള്ള നാട്ടില്‍ വരുന്ന കാര്യത്തില്‍ ഇപ്പോള്‍ താല്പര്യം നഷ്ടപ്പെടുകയാണ്. ഓരോ ദിവസവും മനസ് വിഷമിപ്പിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കേണ്ടി വരുന്നത്. നിയമവ്യവസ്ഥ ശക്തമല്ലാത്തതാണ് പ്രധാനകാരണം. കുറ്റം ചെയ്താല്‍ രക്ഷപ്പെടാനാവില്ല എന്ന തോന്നലുണ്ടായാല്‍ കുറ്റകൃത്യം ചെയ്യുന്നതിന് പേടിയുണ്ടാവും. മലയാളികള്‍ വിദ്യാസമ്പന്നരാണെങ്കിലും ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ്. വികസനമുള്‍പ്പെടെ എല്ലാ കാര്യത്തിലും ഇതാണ് അവസ്ഥ.
സാമൂഹ്യസേവനം
സാമൂഹ്യസേവനത്തെക്കുറിച്ച് മിസ് വേള്‍ഡ് മത്സര രംഗത്തെത്തുന്നതുവരെ അത്ര ചിന്തിച്ചിരുന്നില്ല. മത്സരത്തില്‍ സാമൂഹ്യസേവനരംഗം പ്രമേയമാക്കി സി.ഡി. തയ്യാറാക്കാനുണ്ടായിരുന്നു. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്താല്‍ പ്രശസ്തിക്കുവേണ്ടി ചെയ്യുന്നുവെന്ന ധാരണയാണ് പലര്‍ക്കും മദര്‍തെരേസ ആവാന്‍ പോവുകയാണോ എന്നുവരെ ചോദിക്കുന്നവരുണ്ട്. ഭാരതത്തിന്റെ അടിസ്ഥാനമായ വേദങ്ങളിലും ഗീതയിലുമെല്ലാം മറ്റുള്ളവരെ സഹായിക്കുന്നതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പക്ഷേ ആവശ്യം വരുമ്പോള്‍ സഹജീവികളെ സഹായിക്കുന്ന സമീപനം നമ്മുടെ നാട്ടിലില്ല. ഇന്ന് ഒരുപാട് എന്‍.ജി.ഒ.കളുണ്ട്. പക്ഷേ പലരും 100ശതമാനം സേവനം നല്‍കുന്നില്ല. സാഹചര്യങ്ങള്‍ ചൂഷണം ചെയ്യുന്നുമുണ്ട്. എനിക്ക് വിശ്വസ്തതയുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികസേവനം ചെയ്യുന്നുണ്ട്. ഡല്‍ഹിയിലെ ജെന്‍സിസ് ഫൗണ്ടേഷന് എന്ന സംഘടനയുടെ ഗുഡ്വില് അംബാസിഡറാണ്. വലിയ കമ്പനികളുമായി ബന്ധപ്പെട്ട് ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈദരാബാദില്‍ കനേഡിയന്‍ പൗരനായ സതീഷ് സിഖയുടെ �ഹെല്‍ത്തി കിഡ്സ് ഹാപ്പികിഡ്സ്�എന്ന സംഘടനയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. വികലാംഗരായ കുട്ടികളുടെ ക്ഷേമത്തിനായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. സമയം കിട്ടുമ്പോഴെല്ലാം ഇവിടങ്ങളില്‍ ചെലവഴിക്കാറുണ്ട്.
ഇഷ്ടവിനോദങ്ങള്‍
സിനിമ കാണുക തന്നെ. പാട്ടും ഡാന്‍സുമൊക്കെ താല്പര്യമാണ്. ഭരതനാട്യം പഠിക്കുന്നുണ്ട്. കഥക് ഒന്നരവര്‍ഷം പഠിച്ചിരുന്നു. ക്ലാസിക്കല്‍ ഡാന്‍സിനൊപ്പം വെസ്റ്റേണ്‍ ഡാന്‍സും പരിശീലിക്കുന്നുണ്ട്. യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍കൂടിയാണ്
ഇഷ്ടപ്പെടാത്ത സ്വഭാവം
അച്ഛനില്‍ നിന്നും പാരമ്പര്യമായി കിട്ടിയതാണ്. പെട്ടെന്ന് ദേഷ്യം വരും. അംഗീകരിക്കാന്‍ പറ്റാത്ത കാര്യമുണ്ടെങ്കില്‍ അത് എവിടെയായാലും പറയും. �ഡിപ്ലോമസി� യൊന്നുമല്ല. സ്വാഭാവസവിശേഷതകൊണ്ട് ധ്യാനം സ്വായത്തമാക്കിയിട്ടുണ്ട്.
വിവാഹം
അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. കരിയറിനാണ് മുന്‍ഗണന. ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ഒരു അഭിനേത്രിയെത്തിയാല് വിവാഹം കഴിച്ചാല്‍ അവര്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും അകന്നിരിക്കും. മറ്റു രാജ്യങ്ങളിലൊന്നും ഈ പ്രശ്നമില്ല. അഭിനയവും വിവാഹജീവിതവും തമ്മില്‍ കൂട്ടികുഴക്കേണ്ടതില്ല. ഓസ്കാര്‍ അവാര്‍ഡ് നേടിയ പ്രമുഖതാരങ്ങളെല്ലാം വിവാഹിതരാണ്.
കുടുംബം
അച്ഛന് ഓമനക്കുട്ടന് നായര്‍ മുബൈയിലെ താഝോട്ടലില് റസ്റ്റോറന്റ് മാനേജരാണ്. അമ്മ ശ്രീകലാ ഓമനക്കുട്ടന് വി.ജി എന്‍. ജൂവലേഴ്സിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. സഹോദരന് ജയസൂര്യ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: