സിനിമാപ്രേക്ഷകരുടെ മനസില്‍ തങ്ങിനില്ക്കാന് വീണ്ടുമൊരു കഥാപാത്രം. ഗ്രാന്റ് മാസ്റ്ററിലെ കിഷോര്‍. മലയാളികളുടെ മനസില്‍ ഇടവേളകള്‍ സൃഷ്ടിച്ചശേഷം ശക്തമായ കഥാപാത്രങ്ങളുമായി എത്തുക എന്നത് നരേന്റെ മാത്രം ശൈലിയാണ്. അടൂര്‍ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്തിലെ മുത്തുവിലൂടെ സ്വപ്നതുല്യമായ തുടക്കംകുറിച്ച നരേന്റെ ഫോര്‍ ദി പീപ്പിളിലെ രഞ്ജന്‍ മാത്യൂവും അച്ചുവിന്റെ അമ്മയിലെ ഡോ. ഇമ്മാനുവല്‍ ജോണും ക്ലാസ്മേറ്റ്സിലെ മുരളിയും ഒരേ കടലിലെ ജയകുമാറും ഭാഗ്യദേവതയിലെ സാജന് ജോസഫും റോബിന്‍ഹുഡിലെ അലക്സാണ്ടറും വീരപുത്രനിലെ മുഹമ്മദ് അബ്ദുള്‍ റഹ്മാന് സാഹിബുമെല്ലാം എന്നും പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന കഥാപാത്രങ്ങളാണ്. അവിസ്മരണീയമായ കഥാപാത്രങ്ങള്‍ ലഭിച്ചിട്ടും മലയാളത്തില്‍ മുഖ്യധാരാ നടനായി മാറാന്‍ ഇന്നും നരേനായിട്ടില്ല. തമിഴില്‍ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളെ അത്രകണ്ട് ഇഷ്ടപ്പെടുന്ന നരേന് തനിക്ക് താരപരിവേഷം തന്ന തമിഴ് സിനിമയെ കൈയൊഴിയാന്‍ തയ്യാറല്ല. തമിഴകത്തെ സൂപ്പര്‍ സംവിധായകനായ മിഷ്കിനുമായി നരേന് വീണ്ടും കൈകൊടുക്കുമ്പോള്‍ മലയാളത്തിലും നരേന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവാകുമെന്ന് കരുതപ്പെടുന്ന ഒരു പാട് കഥാപാത്രങ്ങള്‍ കാത്തുനില്‍ക്കുകയാണ്. ഗ്രാന്റ് മാസ്റ്ററിന്റെ തിളക്കത്തില്‍ നരേന് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.
ഗ്രാന്റ് മാസ്റ്ററുടെ വിജയം
മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ കൂടെ ആദ്യമായി അഭിനയിക്കാനായി. മുമ്പ് പല കാരണങ്ങള്‍കൊണ്ടും ലാലേട്ടനുമൊത്തുള്ള ചിത്രങ്ങള്‍ നടക്കാതെ പോയിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണന്റെ പല പ്രോജക്ടുകളിലും അവസരം ലഭിച്ചെങ്കിലും എനിക്ക് അഭിനയിക്കാന്‍ പറ്റിയില്ല. അങ്ങനെയിരിക്കെയാണ് ഗ്രാന്റ് മാസ്റ്റര്‍ ലഭിക്കുന്നത്. യുടിവിയെപോലെയുള്ള ഒരു മികച്ച ബാനറിന്റെ സിനിമ, ലാലേട്ടന്റെ കൂടെ അഭിനയിക്കാനാവുക ഇതെല്ലാം ഒരു നടനെന്ന നിലയില്‍ ഒരുപാട് ഗുണം ചെയ്തു.
നരേനൊപ്പം മലയാളസിനിമയില്‍ കടന്നുവന്ന പലരും സൂപ്പര്‍താരങ്ങളായി. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടും മലയാളത്തില്‍ മുഖ്യധാരയിലേക്കെത്താനാവാത്തത്
മലയാളത്തില്‍ മുഖ്യധാരയില്‍ നിലനില്ക്കണമെങ്കില് തമിഴ് സിനിമ പാടേ മറക്കണം. ഏത് ഇന്‍ഡസ്ട്രിയിലായാലും അവിടെ സ്ഥിരമായി ശ്രദ്ധിക്കപ്പെടണമെങ്കില്‍ ആ ഇന്‍ഡസ്ട്രിയുമായി ഒരു കൂട്ടായ്മ ഉണ്ടാവണം. “അച്ചുവിന്റെ അമ്മ”ചെയ്തുകഴിഞ്ഞപ്പോഴാണ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒരു സുഹൃത്ത് സംവിധായകന് മിഷ്കിന്റെയടുത്ത് എന്റെകാര്യം പറയുന്നത്. ഫോര്‍ ദി പീപ്പിളില്‍ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്ത നടനാണ് എന്നൊക്കെ. സുഹൃത്ത് എന്നോട് മിഷ്കിനെപോയി കാണാനും പറഞ്ഞു. മലയാളത്തില്‍ നല്ല ഓപ്പണിംഗ് ലഭിച്ച സമയം. ഞാന്‍ ആദ്യം മടിച്ചു. നീ എന്തായാലും കഥകേട്ടിട്ട് വേണമോ വേണ്ടയോ എന്ന് ചിന്തിക്ക് എന്നു സുഹൃത്ത് പറഞ്ഞു. ചിത്തിരം പേശുതെടിയിലേക്കെത്തുന്നത് അങ്ങനെയാണ്. എല്ലാവരും പുതുമുഖങ്ങളായിരുന്നു. സിനിമ തീരാന്‍ ഒരുവര്‍ഷമെടുത്തു. ചിത്തിരംപേശുംതെടി പൂര്‍ത്തിയാക്കിയ വേളയില്‍ മലയാളത്തില്‍ ക്ലാസ്മേറ്റ്സ്, പന്തയക്കോഴി, ഒരേ കടല്‍ തുടങ്ങിയ ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങള്‍ വന്നു. അപ്പോഴേക്കും അന്‍ജാതൈ തേടിയെത്തി. അത് ഹിറ്റായി. നെഞ്ചിരിക്കും വെറി, പള്ളിക്കൂടം തുടങ്ങിയ സിനിമകളും തമിഴില്‍ ചെയ്തു. തമിഴില്‍ ഒരുപാട് ആരാധകരുണ്ടായ ചിത്രങ്ങളായിരുന്നു ഈ രണ്ട്ചിത്രങ്ങളും. മലയാളികള്‍ക്ക് ഈ ചിത്രങ്ങളെക്കുറിച്ച് അത്ര അറിവില്ല. ഇതിനിടയില്‍ പൂക്കട രവി എന്ന തമിഴ്ചിത്രത്തിനുവേണ്ടി ഒന്നരവര്‍ഷം പോയി. സിനിമയുടെ മുക്കാല്‍ഭാഗം പൂര്‍ത്തിയായിട്ടും പുറത്തിറങ്ങാതെപോയത് വിഷമമുണ്ടാക്കി. തമിഴില്‍ ഒരു സിനിമ ചെയ്യുന്നകാലയളവില്‍ മലയാളത്തില്‍ അഞ്ചോ ആറോ ചിത്രങ്ങള്‍ ചെയ്യാനാവും. അന്‍ജാതൈ കഴിഞ്ഞ് ടെന്‍ഷനടിച്ച് നിന്നപ്പോഴാണ് മലയാളത്തില്‍ ജോഷിസാറിന്റെ റോബിന്‍ഹുഡ് ചെയ്യുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം വാണിജ്യസിനിമയല്ലെങ്കിലും ബിഗ് ബജറ്റ് ചിത്രമായ വീരപുത്രനില്‍ മുഖ്യവേഷം ചെയ്യാനുള്ള അവസരം ലഭിച്ചു. അപ്പോഴാണ് മിഷ്കിന് വീണ്ടും മുഖംമൂടിയുമായെത്തുന്നത്. തമിഴില്‍ നിന്നും നല്ല പ്രൊജക്ടുകള്‍ വരുമ്പോള്‍ ഒഴിഞ്ഞുമാറാനാവുന്നില്ലെന്നതാണ് സത്യം. ഒരു പക്ഷേ ഒന്നു രണ്ടുവര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും ഒരു ഇന്‍ഡസ്ട്രിയില്‍ ഉറച്ചുനില്‍ക്കും.
മുഖംമൂടിയില്‍ ആദ്യമായി വില്ലന്‍വേഷം
മിഷ്കിന്റെ ചിത്രമായതുകൊണ്ടു മാത്രമാണ് വില്ലന്‍വേഷം ഏറ്റെടുത്തത്. ബിഗ്ബജറ്റ് ചിത്രമായ മുഖംമൂടി നിര്‍മ്മിക്കുന്നത് യു ടിവി ഗ്രൂപ്പാണ്. ജീവയാണ് നായകന്. നായകവേഷം ചെയ്യുന്ന ഒരാള്‍ തന്നെ വില്ലന്‍വേഷം ചെയ്യണമെന്ന യു ടിവിയുടെ നിര്‍ദ്ദേശമാണ് മിഷ്കിനെ എന്റെയടുത്തെത്തിച്ചത്. എന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവാകും അങ്കുചാമി എന്ന വില്ലന്‍വേഷം. ഡ്രാഗണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന അങ്കുചാമി രാത്രികളില്‍ മാത്രം പുറത്തിറങ്ങുന്ന വില്ലനാണ്. വളരെ ശാന്തനും സാധാരണരീതിയിലും പെരുമാറുന്ന കഥാപാത്രം. പക്ഷേ ക്രിമിനല്‍ വാസന പുറത്തേക്കുവരുമ്പോള്‍ അങ്കുചാമി വളരെയധികം മാറും. ഈ ഭാവമാറ്റം ചിത്രത്തില്‍ ഒരു ഹൈലൈറ്റ് ആണ്. മനോഹരമായ ആക്ഷന്‍രംഗങ്ങളുള്ള ചിത്രമാണ് മുഖംമൂടി.
മാര്‍ഷല്‍ ആര്‍ട്സ് പഠനം
മുമ്പ് കരാട്ടേ പഠിച്ചിട്ടുണ്ടായിരുന്നു. അങ്കുചാമിയാവാന്‍ വിങ്ങ്ച്യൂം എന്ന ആയോധനകല പഠിക്കാന്‍ കുങ്ങ്ഫു മാസ്റ്ററുടെ അടുക്കല്‍പോയി. ചെന്നൈയിലെ മഹാബലിപുരത്ത് അഞ്ചാറുമാസം അതികഠിനപരിശീലനമായിരുന്നു. ഇക്കാലയളവില്‍ ആയോധനകലയുടെ ചെറിയ ഒരു ഭാഗംമാത്രമേ നമുക്ക് പരിശീലിക്കാന്‍ കഴിയൂ. അങ്കുചാമിക്കുവേണ്ടി ശരീരഭാരം എട്ട്കിലോ വരെ കുറച്ചു. ദിവസവും മണിക്കൂറുകള്‍ പരിശീലനമുണ്ടാകും. മാസ്റ്റര്‍ പരിശീലിപ്പിക്കുന്ന പലതും നമ്മളെ കൊണ്ട് ചെയ്യാനാവില്ല. പരിശീലനത്തിനിടെ കാലിലെ മസിലിന് പ്രശ്നവുമുണ്ടായി. മുഖംമൂടിയിലെ ആക്ഷന്‍ രംഗങ്ങളില്‍ കഷ്ടപ്പെട്ടതിന്റെ പ്രതിഫലനമുണ്ടാവും. സെപ്തംബറില്‍ മുഖംമൂടി തീയേറ്ററുകളിലെത്തും.
മറ്റുള്ളവരോട് അധികം ഇടപഴകാത്ത സംവിധായകനാണ് മിഷ്കിന്, അദ്ദേഹവുമായുള്ള അടുപ്പം
തമിഴ്സിനിമയിലെ മികച്ച സംവിധായകരിലൊരാളാവാന്‍ പോകുന്ന വ്യക്തിയാണ് മിഷ്കിന്. അദ്ദേഹവുമായുള്ള കൂട്ടായ്മ വളരെ നല്ല അനുഭവമാണ്. ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദമുള്ളതിനാല്‍ പരസ്പരം മനസ്സിലാക്കാന്‍ പറ്റാറുണ്ട്. പ്രത്യേകത പുലര്‍ത്തുന്ന സംവിധായകനാണ് മിഷ്കിന്.
താല്പര്യമില്ലാത്തവരോട് പുള്ളി മിണ്ടാറില്ല. അധികം ആള്‍ക്കാരോട് ഇടപഴകില്ല. സെന്‍സിറ്റീവും കഠിനപ്രയത്നം നടത്തുന്ന വ്യക്തിയുമാണ് ദിവസം 10 മണിക്കൂര്‍ വരെ പുസ്തക വായനയില്‍ മുഴുകും. യഥാര്‍ത്ഥ കലാകാരന്റെ ഗുണങ്ങളുള്ള മിഷ്കിന് ജീവിതത്തില്‍ അഭിനയമില്ല. അതുകൊണ്ട് തന്നെ പല പ്രശ്നങ്ങളുമുണ്ടാകാറുണ്ട്. പലര്‍ക്കും അദ്ദേഹത്തെ ഇഷ്ടപ്പെടാത്ത അവസ്ഥയുണ്ട്.
മലയാളത്തില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടോ. ചിലര്‍ക്കെതിരെ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആക്ഷേപം?
മലയാളസിനിമയില്‍ അത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. തമിഴില്‍ നിന്നും തിരിച്ചുവരുമ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന സിനിമകള്‍ എപ്പോഴും കിട്ടാറുണ്ട്. ഏത് ഇന്‍ഡസ്ട്രിയിലും കോക്കസ് ഉണ്ടാവാറുണ്ട്. ഒരുമിച്ച് കുറേപേര്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അതുണ്ടാവുക സ്വാഭാവികം. കോക്കസില്‍ താല്പര്യമില്ലാത്തതുകൊണ്ടും എനിക്ക് പ്രശ്നങ്ങളില്ലാത്തതുകൊണ്ടും അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. നമുക്ക് കിട്ടേണ്ടത് നമുക്ക് കിട്ടും എന്ന വിശ്വാസമുണ്ട്.
പോലീസ് വേഷങ്ങളില്‍ തിളങ്ങുന്നു
ധാരാളം പോലീസ് വേഷങ്ങള്‍ തേടിയെത്താറുണ്ട്. കഴിവതും ഒഴിവാക്കുന്നുണ്ട്. താല്പര്യമുള്ളവ മാത്രമേ തെരഞ്ഞെടുക്കാറുള്ളൂ. പോലീസ് വേഷങ്ങള്‍ ചെയ്യാന്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നുമില്ല.
മലയാളത്തില്‍ നായകവേഷങ്ങളില്‍ ശ്രദ്ധിക്കപ്പെടാത്തതില്‍ നിരാശയുണ്ടോ?
അത്തരം കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഏറെയൊന്നും തേടിയെത്തിയില്ല എന്നതാണ് വാസ്തവം. വീരപുത്രനില്‍ മുഖ്യവേഷം ചെയ്യാനായത് ഗുണം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ഇനി അത്തരം ചിത്രങ്ങള്‍ തേടിവരുമെന്നും പ്രതീക്ഷയുണ്ട്. കാക്കിചട്ടൈയില്‍ പ്രധാന വേഷമാണ്.
സുനില്‍കുമാര്‍ നരേനായത്?
സിനിമയില്‍ വരുമ്പോള്‍ സുനില്‍കുമാര്‍ എന്നപേര് അത്ര രസകരമായി തോന്നിയില്ല. ‘അച്ചുവിന്റെ അമ്മ’ കഴിഞ്ഞ് തമിഴിലേക്കെത്തിയപ്പോള്‍ ധനുഷ് എന്ന പേര് സ്വീകരിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ആ സമയം തമിഴില്‍ ധനുഷിന്റെ ഉദയമായിരുന്നു. ആര്യന് എന്ന പേര് മനസില്‍ കണ്ടപ്പോള്‍ ആര്യ വന്നു. അങ്ങനെയാണ് നരേന്ദ്രന്റെ ചുരുക്കെഴുത്തായ നരേന് എന്ന പേര് സ്വീകരിച്ചത്.
കടന്നുവന്ന വഴികള്‍
പത്താംക്ലാസ് വരെയുള്ള പഠനം അബുദാബിയിലായിരുന്നു. കുട്ടിക്കാലം മുതല്‍ അഭിനയമോഹം കൂടെ കൊണ്ടുനടന്നു. സിനിമയിലെത്തണമെങ്കില്‍ പ്രൊഫഷണലായി എന്തെങ്കിലും പഠിക്കണമെന്ന ഉദ്ദേശത്തോടെയാണ് അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സിനിമാട്ടോഗ്രാഫിക്ക് ചേര്‍ന്നത്. അവിടെ നിന്നും രാജീവ്മേനോന്റെ അസിസ്റ്റന്റായി. അദ്ദേഹത്തെപോലൊരാളെ ഗുരുവായി കിട്ടിയതാണ് ഭാഗ്യം. അഭിനയമാണ് എന്റെ ആഗ്രഹം എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ആദ്യം ഞാന്‍ നിന്നെ ഒരു നല്ല ക്യാമറാമാന് ആക്കാമെന്നാണ്. പിന്നീട് അഭിനയമോഹവുമായി അവസരങ്ങള്‍ തേടി നടന്നപ്പോഴും അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. ഒന്നും ശരിയായില്ലെങ്കില്‍ തിരിച്ചുവന്ന് കൂടെക്കൂടിക്കൊള്ളൂ എന്നത്. വളരെയേറെ ആത്മവിശ്വാസം തന്ന പിന്തുണയായിരുന്നു രാജീവ് മേനോന്റേത്.
മഞ്ജുവുമായുള്ള പ്രണയം
കൈരളി ചാനലില്‍ ഹലോ ഗുഡ് ഈവനിംഗ് പരിപാടിക്കെത്തുമ്പോഴാണ് ആദ്യമായി മഞ്ജു ഹരിദാസിനെ പരിചയപ്പെടുന്നത്. ഞങ്ങള്‍ക്ക് രണ്ട്പേര്‍ക്കും കോമണ്‍ ഫ്രണ്ടുണ്ടായിരുന്നു. പരിചയം ക്രമേണ ഇഷ്ടമായി. ആദ്യമായി പ്രൊപ്പോസ് ചെയ്തത് ഞാനാണ്. പക്ഷേ വീട്ടില്‍ ഒ.കെ.പറഞ്ഞാലേ വിവാഹം നടക്കൂ എന്ന് മഞ്ജു പറഞ്ഞു. വീട്ടില്‍ പറഞ്ഞു. വലിയ ക്ലൈമാക്സൊക്കെ ഉണ്ടാവുമെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ മഞ്ജുവിന്റെ വീട്ടുകാര്‍ അപ്രതീക്ഷിതമായി സമ്മതിച്ചു. അതോടെ പ്രണയം യാഥാര്‍ത്ഥ്യമായി.
ഏഴാമത്തെ വരവ്
എം.ടി.ഹരിഹരന് കൂട്ടുകെട്ടിന്റെ ഒരു സിനിമയില്‍ ഭാഗഭാക്കാവുന്നുവെന്നത് വലിയ കാര്യമാണ്. ഹരിഹരന് സാര്‍ പറഞ്ഞത് ‘വീരപുത്രന് കണ്ടിരുന്നു അതിമനോഹരമായി എന്നാണ’്. അത് വലിയ സന്തോഷമുണ്ടാക്കി.
പുതിയ ചിത്രങ്ങള്‍
കാക്കിച്ചട്ടൈയുടെ റീമേക്ക്. ഷാജികൈലാസിന്റെ സംവിധാനത്തില്‍ വളരെ പ്രതീക്ഷയുള്ള പ്രൊജക്റ്റാണ്. ജൂവല്‍തീഫ്, ഇ.എം.എസും പെണ്‍കുട്ടിയും എന്നീ ചിത്രങ്ങളുമുണ്ട്.
കുടുംബം
പൊന്നാനിയിലാണ് തറവാട്. അച്ഛന് ടി.എം.രാമകൃഷ്ണന്. അമ്മ ശാന്തകുമാരി. ഇരുവരും ഇപ്പോള്‍ തൃശൂരിലാണ്. മഞ്ജുവും മകള്‍ തന്മയുമൊത്ത് ചെന്നൈയിലാണ് ഞാന്‍.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: