ധ്യാനം, പ്രാര്‍ഥന, പ്രാണായാമം മുതലായ സാധനകള്‍ അനുഷ്ഠിക്കുന്നതിന് ഏറ്റവും അനുയോജ്യം പത്മാസനമാണ്. എത്രനേരം ഇരുന്നാലും യാതൊരു ക്ലേശവും തോന്നുന്നതല്ല. വിഗ്രഹം പ്രതിഷ്ഠിച്ച മാതിരി നിശ്ചലമായിട്ടായിരിക്കണം. ശരിയായ നേരെ ആയിരുന്നാല്‍ മാത്രമേ മനസും ബുദ്ധിയും സ്റ്റെഡിയായിരിക്കു. ഈ ആസനത്തിലിരുന്ന് വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് വളരെ പ്രയോജനപ്രദമായി കണ്ടിട്ടുണ്ട്. മനസ് വായിക്കുന്നതിലും വായിക്കുന്നത് മനസിലും പ്രതിഷ്ഠിതമാകാന് പത്മാസനം സഹായിക്കുന്നു.
ചെയ്യേണ്ട വിധം
1) രണ്ടു കാലും നീട്ടിനിവര്‍ന്നിരിക്കുക. ഉപ്പൂറ്റികളും വിരലുകളും ചേര്‍ന്നിരിക്കണം.
2) വലത്തുകാല് മടക്കി പാദം ശരീരത്തിനടുക്കലേക്ക് കൊണ്ടു വരിക.
3) വലത്തേ കൈകൊണ്ട് വലത്തെ കാലിന്റെ കണ്ണയിലും ഇടത്തെകൈ കൊണ്ട് പെരുവിരലും പിടിച്ച് പാദം നിലത്ത് നിന്നും സാവധാനം ഉയര്‍ത്തി ഇടത്തേത്തുടയില്‍ കയറ്റി, ഉപ്പൂറ്റി അടിവയറില്‍ തൊടത്തക്കവണ്ണം അടുപ്പിച്ച് മലര്‍ത്തി വയ്ക്കുക. കാല്‍മുട്ട് നിലത്തു പതിഞ്ഞാണിരിക്കേണ്ടത്.
4) ഇതുപോലെ ഇടത്തുകാല് മടക്കി പാദം അടുപ്പിച്ചുകൊണ്ട് വന്ന് കണ്ണങ്കാലും വിരലുകളും കൈകള്‍ കൊണ്ട് പിടിച്ച് വലത്തെ തുടയുടെ മുകളില്‍ കയറ്റി മലര്‍ത്തിവയ്ക്കുക. കാല്‍മുട്ടുകള്‍ രണ്ടും സ്പഷ്ടമായി നിലത്തു പതിഞ്ഞിരിക്കണം. അടി വയറിനോട് ചേര്‍ന്ന് ഉപ്പൂറ്റികള്‍ മുട്ടി ഉരുമ്മിയും ഇരിക്കേണ്ടതാകുന്നു.
5) നട്ടെല്ല് മുഴുവന്‍ നിവര്‍ന്നിരിക്കണം. താടി നിലത്തിന് സമാന്തരമാകത്തക്ക വിധം തല അല്പം ഉയര്‍ത്തണം.
6) കൈകള്‍ നീട്ടി അതാതു വശത്തെ കാല്‍മുട്ടുകളില്‍ വയ്ക്കുക. കണ്ണുകള്‍ മൃദുവായി അടയ്ക്കുക.
7) സ്വാഭാവികമായിത്തന്നെ ശ്വാസ്വോച്ഛാസം നടത്തുക.
8 ) കൈകള്‍ നീട്ടി കാല്‍മുട്ടുകളില്‍ കമിഴ്ത്തിവയ്ക്കുന്നതിന് പകരം ഇടത്തുകൈ മലര്‍ത്തി ഉപ്പൂറ്റികളുടെ മുകളില്‍ വയ്ക്കുക. വലത്തു കൈയും അതുപോലെ മലര്‍ത്തി ഇടത്തെ ഉള്ളംകൈയ്യില്‍ മലര്‍ത്തി വയ്ക്കുക. കൈവിരലുകള്‍ അകത്തേയ്ക്ക് സ്വല്പം വളഞ്ഞിരിക്കണം.
പത്മാസനത്തില്‍ പ്രയാസം കൂടാതെ ഇരിക്കാന്‍ കഴിയണമെങ്കില്‍ മറ്റ് പല ആസനങ്ങളും പരിശീലിച്ച് അരക്കെട്ടിനും മുട്ടിനും കുഴയ്ക്കും എല്ലാം ഒരുവിധം അഴച്ചില് കിട്ടണം. കുട്ടികള്‍ക്ക് പ്രായം ചെന്നവരെപ്പോലെ ക്ലേശിക്കേണ്ടിവരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: