പാലക്കാട്: സ്വകാര്യ വോള്‍വോ ബസുകള്‍ക്ക് അന്തര്‍സംസ്ഥാന പെര്‍മിറ്റുകള്‍ നല്കുമ്പോള് നിസഹായരായ യാത്രക്കാരുടെ സംരക്ഷണത്തിനായി സംസ്ഥാന സര്ക്കാര്വ്യക്തമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ഗതാഗത സെക്രട്ടറിക്കും കമ്മീഷണര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് ടിക്കെറ്റെടുത്ത് കെപിഎന്‍ ട്രാവല്‍സ് എന്ന സ്വകാര്യ വോള്‍വോ ബസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത വനിത സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ബസിന്റെ യന്ത്രത്തകരാര്‍ കാരണം തമിഴ്നാട്ടിലെ വള്ളിയൂരില്‍ സ്ത്രീയെ ഇറക്കി വിട്ടു എന്നാണ് പരാതി.ടിക്കറ്റിന്റെ പണം കൃത്യസമയത്ത് മടക്കി നല്കിയുമില്ല. 2016 ജൂലൈ 17നായിരുന്നു സംഭവം.
കമ്മീഷന് ഗതാഗത കമ്മീഷണറില്‍ നിന്നും ബസ് നടത്തിപ്പുകാരില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു.ബസിന്റെ യന്ത്രത്തകരാര്‍ കാരണം പരാതിക്കാരിക്ക് യാത്ര തുടരാന്‍ കഴിഞ്ഞില്ലെന്നും പകരം വാഹനം തരപ്പെടുത്തി നല്‍കിയില്ലെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. പണം മടക്കി നല്‍കിയത് ദിവസങ്ങള്‍ക്ക്ശേഷമാണ്.
എന്നാല്‍ ബസിന് അപ്രതീക്ഷിതമായുണ്ടായ യന്ത്രത്തകരാര്‍ കാരണം പരാതിക്കാരിക്ക് റയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ യാത്രാ സൗകര്യം നല്‍കിയതായി ബസുടമ കമ്മീഷനെ അറിയിച്ചു.
ഗതാഗത കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ലെന്നും അപൂര്‍ണമാണെന്നും കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു. പരാതിക്കാരിക്ക് നിയമപരമായി ലഭിക്കേണ്ട പരിഗണനയും സംരക്ഷണവും നിഷേധിക്കപ്പെട്ടത് ഗതാഗത കമ്മീഷണര്‍ ഗൗരവത്തോടെ വിലയിരുത്തിയില്ലെന്ന് ഉത്തരവില്‍ പറയുന്നു.
അന്തര്‍സംസ്ഥാന യാത്രക്കായി സ്വകാര്യ വോള്‍വോ സര്‍വീസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരികയാണെന്ന് കമ്മീഷന് നിരീക്ഷിച്ചു.
കൂടുതല്‍ തുക നല്കി ടിക്കെറ്റെടുക്കുന്നത് ബസിലുള്ള വിശ്വാസ്യത കാരണമാണ്.വിശ്വാസം തകര്‍ക്കുന്ന പെരുമാറ്റം ബസ് ഉടമയുടെ ഭാഗത്തു നിന്നുണ്ടാകരുത്.ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീയെ ഓട്ടോയില്‍ കയറ്റി അന്യസംസ്ഥാനത്തെ റയില്‍വേ സ്റ്റേഷനിലേക്കയക്കുന്നത് അനുചിതമാണ്.നിര്‍ദ്ദിഷ്ട സ്ഥലത്തേക്ക്, പകരം യാത്രാ സംവിധാനം ഒരുക്കേണ്ട ബാധ്യത സ്ഥാപനത്തിനുണ്ട്.
ഇത്തരം നിയമപ്രകാരമുള്ള ചുമതലകള്‍ നിറവേറ്റിയോ എന്ന് ഗതാഗത കമ്മീഷണര്‍ പരിശോധിക്കാത്തത് വീഴ്ചയാണെന്നും കമ്മീഷന് നിരീക്ഷിച്ചു. ഉത്തരവ് ചീഫ് സെക്രട്ടറിക്കും ഗതാഗത കമ്മീഷണര്‍ക്കും അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: