ഇത് നെല്ക്കതിരിന്റെ വര്‍ഷം. കേരളത്തിലെ പ്രധാന കാര്‍ഷിക മേഖലയ്ക്കായി സര്‍ക്കാര്‍ 2016 ലെ ചിങ്ങം മാസം മുതലുള്ള ഒരു വര്‍ഷം നെല്ല് വര്‍ഷമായി ആചരിക്കുകയാണ്. രാസപ്രയോഗങ്ങള് കുറച്ച് ജൈവരീതിയിലേക്കുള്ള മടക്കമാണ് ലക്ഷ്യം. എന്നാല്‍ ഇന്നും കേരളത്തിന്റെ നെല്ലറകളില്‍ ഹെക്ടറിന് രണ്ട് കിലോ വരെയാണ് കീടനാശിനി പ്രയോഗം. ദേശീയ തലത്തില്‍ ശുപാര്‍ശ ചെയ്യുന്നത് വെറും 280 ഗ്രാം എന്നത് മറച്ച് വെയ്ക്കാന്‍ കഴിയാത്ത മറ്റൊരു സത്യം.
എല്ലാമറിയാവുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ഈ രീതികള്‍ പിന്തുടരുകയാണ്. എന്നാല്‍ ഈ കൂട്ടത്തിലും വെല്ലുവിളികളെ ഏറ്റെടുക്കുന്നവരുമുണ്ട്. പരീക്ഷണം നടത്താന്‍ തയ്യാറായ അത്തരത്തിലുള്ള ഒരു കര്ഷകന് കുട്ടനാട്ടിലുണ്ട്. പേര് ആര്. അനില്‍കുമാര്‍. രാമങ്കരി പഞ്ചായത്ത് മാമ്പുഴക്കരി സ്വദേശി.
സഹോദരിയുടെ മരണമാണ് രാസപ്രയോഗത്തിലൂടെ കൃഷി നടത്തിയുരുന്ന അനിലിനെ നാല് വര്‍ഷം മുമ്പ് പ്രകൃതിക്കൃഷിയിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലെത്തിച്ചത്. കാന്‍സര്‍ ബാധിച്ചായിരുന്നു സഹോദരിയുടെ മരണം. ചികിത്സ നടത്തിയിരുന്ന സമയത്ത് ആശുപത്രിയില്‍ ഒപ്പം പോയിരുന്ന അനില്‍ രാസപ്രയോഗങ്ങളുടെ ഉപയോഗം കാന്‍സറിന് കാരണമാകുന്നുവെന്ന സത്യം തിരിച്ചറിഞ്ഞു. നെല്‍ക്കൃഷിയിലെ രാസപ്രയോഗം കുട്ടനാട്ടന്‍ മേഖലയില്‍ കാന്‍സര്‍ രോഗികളുടെ വര്‍ദ്ധനവിന് കാരണമാകുന്നതായി പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. 2013ല്‍ അനില്‍ തന്റെ പ്രകൃതി കൃഷി ആരംഭിച്ചു. രാസവളങ്ങള്‍ക്കും, കീടനാശിനികള്‍ക്കും പകരമായി ഉപയോഗിച്ചത് ‘പ്രകൃതിസൗഹൃദ ജീവാമൃതമാണ്’.
ജീവാമൃതം എന്ത്…എങ്ങനെ തയ്യാറാക്കാം….
10 കിലോ ചാണകവും, ആറ് ലിറ്റര്‍ ഗോമൂത്രവും, ഓരോ കിലോ വീതം പയറും, പഴവും പിന്നെ പാടശേഖരത്ത് നിന്നുള്ള ഒരു പിടി മണ്ണും കൂടി ചേര്‍ന്നതാണ് ജീവാമൃതം. കാസര്‍കോട് കുള്ളന്‍ വിഭാഗത്തില്‍പ്പെട്ട പശുവിനെയും അനില്‍ സ്വന്തമാക്കിയിരുന്നു. 200 ലിറ്റര്‍ വെള്ളത്തോടൊപ്പം ഈ ചേരുവ വലിയ പ്ലാസ്റ്റിക് ഡ്രമ്മിലേക്ക് പകരും. പിന്നീട് രണ്ട് ദിവസത്തോളം അടച്ച് വെയ്ക്കും. മൂന്നാം ദിവസം മുതല്‍ ഏഴ് ദിവസത്തിനകമാണ് അവ നെല്ചെടികളില് തളിയ്ക്കുന്നത്.
സാധാരണ കൃഷിയില്‍ ഏക്കറിന് രണ്ട് മുതല്‍ രണ്ടര ടണ്‍ വരെ വിളവ് കിട്ടുന്ന സ്ഥാനത്ത് അനിലിന് തുടക്കത്തില്‍ ഒന്നേക്കാള്‍ ടണ്‍ നെല്ലാണ് ലഭിച്ചത്. പ്രകൃതി കൃഷിയെ കൂടുതല്‍ മനസ്സിലാക്കിയ ശേഷം തൊട്ടടുത്ത വര്‍ഷവും രീതികള്‍ പിന്തുടര്ന്നു. ഫലമോ അപ്രാവശ്യം ഏക്കറിന് ഒന്നര ടണ്ണിന് മുകളില്‍ വിളവ് കിട്ടി. രാസ വസ്തുക്കള്‍ ഉപേക്ഷിച്ച് മണ്ണ് പ്രകൃതിയോട് ഇണങ്ങി തുടങ്ങിയെന്ന സന്ദേശവും അതോടെ ലഭിച്ചു.
ചെലവ് കുറവ് ; അരിക്ക് നല്ല വില
സിവില്‍ സപ്ലൈസ് രാസക്കൃഷിക്കാരുടെ നെല്ല് കിലോയ്ക്ക് 22.50 രൂപ എന്ന നിരക്കിലാണ് സംഭരിക്കുന്നത്. ആ സ്ഥാനത്ത് അനിലിനെ പോലുള്ള കര്‍ഷകരുടെ നെല്ലിന് ആവശ്യക്കാര്‍ നല്‍കുന്നത് കിലോയ്ക്ക് 30 രൂപ വരെയാണ്. ശുദ്ധമായ അരിയായതിനാല്‍ സന്നദ്ധസംഘടനകള്‍ ഉള്‍പ്പടെയുള്ള ആവശ്യക്കാരായുണ്ട്.
കുട്ടനാട്ടില്‍ കളയാണ് കൃഷിയുടെ പ്രധാന വില്ലനെന്ന് അനില്‍ പറയുന്നു. കള പറിക്കാനുള്ള ചിലവാണ് പ്രകൃതി കൃഷിയിലെ ഏക വെല്ലുവിളി. അതിനായി പ്രകൃതിദത്ത മരുന്ന് കണ്ടെത്തണമൊണ് ഈ കര്‍ഷകന്റെ ആഗ്രഹം. പ്രകൃതി സൗഹ്യദ കൃഷി തുടങ്ങിയപ്പോള്‍ പലരും അനിലിനെ പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നു. എന്നാല്‍ രാസപ്രയോഗങ്ങളില്ലെന്ന നിലപാടില്‍ ഉറച്ചു നില്കുകയായിരുന്നു. മാതാപിതാക്കളും, ഭാര്യയും, മക്കളും, ഭിന്നശേഷിക്കാരനായ ജ്യേഷ്ഠനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയവും നാല്പ്പത്തിയൊമ്പതുകാരനായ അനിലാണ്. എസ്.എന്‍.ഡി.പി. ശാഖയോഗം സെക്രട്ടറി കൂടിയാണ് ഈ കര്ഷകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: