നിമിഷയുടെ കഥ നിങ്ങൾക്കറിയാമോ… കുറച്ച് ദിവസങ്ങളായി പത്രങ്ങൾ ആഘോഷിച്ച് കൊണ്ടിരിക്കുന്ന നിമിഷ. മതം മാറി ഫാത്തിമയായ നിമിഷ. ഐഎസിൽ ചേർന്നു എന്ന് സംശയിക്കപ്പെടുന്ന നിമിഷ. നിങ്ങളറിയണം. നിമിഷ ഒരു സാധാരണ കുട്ടിയായിരുന്നില്ല. നിമിഷ പഠിച്ചത് തിരുവനന്തപുരം ചിന്മയ സ്കൂളിലാണ്. പഠിക്കുമ്പോൾ പുരാണങ്ങളിലും മറ്റും അപാരമായ താല്പര്യം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനതലത്തിൽ ഗീതാ പാരായണത്തിന്ന് ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. കൃത്യമായ ഹൈന്ദവ പശ്ചാത്തലത്തിലാണ് നിമിഷ വളർന്നത്. എന്നിട്ടും ഇങ്ങനെയുള്ള ഒരു പെൺകുട്ടി എങ്ങനെ മതം മാറി ഫാത്തിമയായി എന്ന ചോദ്യം പ്രസക്തമാണ്.
ആദ്യം കരുതിയത് ഇസയോടുള്ള പ്രണയമാണു നിമിഷയുടെ മതം മാറ്റത്തിലേക്ക് നയിച്ചത് എന്നാണ്. എന്നാൽ യാഥാർത്ഥ്യം അമ്പരപ്പിക്കുന്നതാണ്. ഇസയെ കല്ല്യാണം കഴിക്കുന്നതിന്ന് രണ്ടു വർഷം മുന്നേ നിമിഷ മതം മാറിയിരുന്നു.
ബിഡിഎസിനു പഠിക്കുമ്പോഴാണു നിമിഷ ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലാവുന്നത്. പ്രണയം കടുത്തപ്പോൾ കാമുകൻ പറയുന്നതെന്തും വേദ വാക്യമാവുന്ന പെൺകുട്ടികളിൽ നിന്ന് ഒട്ടും വ്യത്യസ്തയായിരുന്നില്ല നിമിഷയും. മത പാഠശാലയിലേക്കാണു കാമുകൻ നിമിഷയെ നയിച്ചത്. പതിയെ പതിയെ അവർ അവളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി. ഇസ്ലാം ആണു കൂടുതൽ ശരി എന്ന് നിമിഷ ചിന്തിക്കാൻ തുടങ്ങി. ഹിന്ദു ധർമ്മത്തിലുള്ള പലതിലും അവൾ സംശയിക്കാൻ തുടങ്ങി. മൗലവിമാർ ഹിന്ദു ധർമ്മത്തെ കുറിച്ച് ഉന്നയിച്ച ചോദ്യങ്ങൾ അവളെ ആശയക്കുഴപ്പത്തിലാക്കി. ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ടിടാതെ കയറുന്നതും വ്യത്യസ്ത ആചാരങ്ങളും ഒക്കെ തെറ്റാണെന്ന് അവൾ വാദിക്കാൻ തുടങ്ങി.
ഹിന്ദു ധർമ്മത്തെ കുറിച്ച് ആഴത്തിൽ അറിവില്ലാത്തതും മൗലവിമാരുടെ തന്ത്രവും ഫലിച്ചു. നിമിഷ കടുത്ത ഹിന്ദു വിരോധിയായി. നിമിഷ കടുത്ത ഇസ്ലാം മത വിശ്വാസിയായി എന്ന് ഉറപ്പായി. ഇതോടെ നിമിഷയുടെ കാമുകൻ നിമിഷയെ കയ്യൊഴിഞ്ഞു. അയാൾ ലൗ ജിഹാദിന്റെ അടുത്ത ഇരയെ തേടി പുറപ്പെട്ടു. കാമുകൻ കയ്യൊഴിഞ്ഞിട്ടും ഇസ്ലാം മതത്തെ കയ്യൊഴിയാൻ നിമിഷ തയ്യാറായില്ല. അത്രക്ക് കടുത്തതായിരുന്നു മൗലവിമാർ അവളുടെ മസ്തിഷ്കത്തിൽ കടത്തിവിട്ട വിഷാണുക്കൾ. പിന്നീട് അവൾ തിരുവനന്തപുരത്തെത്തി മതം മാറി. മതം മാറ്റം എന്ന് അതിനെ വിളിക്കാൻ പോലും അവൾ സമ്മതിച്ചില്ല. സ്വന്തം മതത്തിലേക്കുള്ള തിരിച്ച് പോക്ക് എന്നാണ് അവൾ പറഞ്ഞത്. കാരണം എല്ലാവരും ജനിക്കുന്നത് മുസ്ലീം ആയിട്ടാണത്രേ.
പിന്നീടാണു നിമിഷയെ മതം മാറ്റിയ സംഘടന വഴി ഇസയെ പരിചയപ്പെടുന്നത്. അവൾ അയാളെ വിവാഹം കഴിച്ചു. പിന്നീട് നടന്നതൊക്കെ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നു. ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും നല്ല കുടുംബ പശ്ചാത്തലമുണ്ടായിട്ടും ചതി മനസ്സിലാക്കാൻ നിമിഷക്കായില്ല. അങ്ങനെ എത്രയെത്ര നിമിഷമാർ. നിമിഷക്കുണ്ടായ അപകടത്തിനു ഞാനും നിങ്ങളും കാരണക്കാരല്ലേ? ആചാരങ്ങളിലും അനാചാരങ്ങളിലും മയങ്ങി ഹിന്ദു ധർമ്മത്തെ ആഴത്തിലറിയാതെ നമ്മളൊക്കെ ഹിന്ദുക്കളാണെന്ന് പറഞ്ഞ് നടക്കുന്നു. ഒന്നോർക്കുക നാളെ ഒരു മൗലവിയുടേയോ പാതിരിയുടേയോ ചോദ്യങ്ങൾക്ക് മുന്നിൽ ഒലിച്ച് പോകാനുള്ളതേ ഉള്ളൂ എന്റേയും നിങ്ങളുടേയും ഹിന്ദുത്വം.
ഉപരിപ്ലവമായ ആചാരങ്ങൾ മാത്രമാണ് മതമെന്ന് വിശ്വസിക്കുന്ന ആർക്കും പറ്റാവുന്നതേ ഉള്ളൂ ഇതൊക്കെ. ഭക്തന്മാരുടെ അജ്ഞത മുതലെടുക്കുകയാണു ഇപ്പോൾ ക്ഷേത്രം ഭാരവാഹികളുടെ ലക്ഷ്യം. ക്ഷേത്രങ്ങൾ തമ്മിൽ ഭക്ത ജനങ്ങളെ പിടിക്കാൻ ചെറിയ മൽസരം പോലുമുണ്ട്. ഓരോരുത്തരും ഓഫർ ചെയ്യുന്ന വഴിപാട് കണ്ടാൽ നമ്മൾ ഞെട്ടിപ്പോവും. ഇപ്പോൾ അടുത്ത് ഒന്ന് കണ്ടു. പാപമുക്തി പൂജ. 200 രൂപ കൊടുത്താൽ സകല പാപവും നീക്കും. ഫാമിലി പാക്കേജുമുണ്ട്. അപ്പോൾ റേറ്റ് കുറയും. ഇതിനൊക്കെ ഗ്രന്ഥങ്ങളുടെ അടിസ്ഥാനവും പറയും. ശത്രു സംഹാരം മുതൽ കല്ല്യാണം വരെ ഇത്തരം പരിപാടികൾ കൊണ്ട് സാധിക്കും എന്നാണ് ഓഫർ. ഇതിനോട് മൽസരിക്കാൻ മറ്റൊരു കൂട്ടർ ഇനി സ്വർഗ്ഗസ്ഥ പൂജ സംഘടിപ്പിക്കും. 1000 രൂപ കൊടുത്താൽ സ്വർഗ്ഗം ഗ്യാരന്റി. ഇത് കൂടാതെ പൂരം വെടിക്കെട്ട് ആന തുടങ്ങി സകല ലൊട്ട് ലൊടുക്ക് പരിപാടികളുടെ ചുറ്റും കിടന്ന് തിരിയുകയാണു ഹിന്ദു സമൂഹം. ഇതിന്റെ പൊരുൾ അറിയണമെന്നില്ല ആർക്കും. അറിയിക്കാനുള്ള സംവിധാനവുമില്ല.
അമ്പലങ്ങളിൽ കയ്യിട്ട് വാരാനാണു ദേവസ്വം ബോർഡിനും രാഷ്ട്രീയ പാർട്ടികൾക്കും താല്പര്യം. ലൗ ജിഹാദിനെതിരെ സമരം ചെയ്യുന്നതിനൊപ്പം യഥാർത്ഥ ധർമ്മം പഠിക്കാൻ അവസരമുണ്ടാകണം. അല്ലെങ്കിൽ നിമിഷമാർ ഫാത്തിമമാരാവും നമ്മളൊക്കെ അപ്പോഴും ക്ഷേത്രം സ്വർണ്ണം പൂശിയും കൊടിമരം സ്വർണം പൂശിയും ആനന്ദ നിർവൃതി അടയും. ഏതെങ്കിലും ഒരു മൊല്ലയോ പാതിരിയോ ഒരു ചോദ്യം ചോദിക്കുന്നത് വരെ. ചോദ്യം കേട്ടാൽ നമുക്കും തോന്നും ഇത് ശരിയാണല്ലോ എന്ന്. നമ്മൾ ഒരു കുമിള പോലെ പൊട്ടി പോവും. അതുണ്ടാവരുത്. കടൽ പോലെ കിടക്കുന്ന ഭാരത ഭൂവിന്റെ ദർശനം നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ സംവിധാനമുണ്ടാവട്ടെ. സ്വധർമ്മത്തെ പറ്റി ബോധമുണ്ടാവട്ടെ. മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ചൂളാതിരിക്കട്ടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: