കൊല്ലം: കരിമണല്‍ഖനനവും കെഎംഎംഎല്‍ നിയമനവും ഐആര്‍ഇ ഭൂമി കൈയേറ്റവുമടക്കം സംസ്ഥാനത്തൊട്ടാകെ വിവാദമുയര്‍ത്തിയ പ്രശ്നമേഖലയാണ് മന്ത്രി ഷിബുബേബിജോണിന്റെ സ്വന്തം പഞ്ചായത്ത്. കൊല്ലം ജില്ലയിലെ നീണ്ടകര, ചവറ പഞ്ചായത്തുകളില്‍ സജീവസാന്നിധ്യമായ മന്ത്രി തന്നെയാണ് ഇക്കുറി ബിജെപിയുടെയും ഇടത് പാര്‍ട്ടികളുടെയും പ്രധാന പ്രചാരണവിഷയം. മന്ത്രിയുടെ പഞ്ചായത്തായിട്ടും നീണ്ടകര ഇനിയും കരകയറിയിട്ടില്ല.
കൊടിയ വെള്ളക്കെട്ടിലാണ് ഒട്ടുമിക്ക കുടുംബങ്ങളുടെയും ജീവിതം. കടലും കായലുമൊക്കെയുണ്ടെങ്കിലും ഒരു തുള്ളി വെള്ളം കുടിക്കാന്‍ സമരത്തിനിറങ്ങേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്ക്. ശാസ്താംകോട്ട കായലില്‍ നിന്ന് വെള്ളമെത്തിയില്ലെങ്കില്‍ കുടിവെള്ളം പോലും കിട്ടാക്കനി. റോഡില്ല, കൃഷിയില്ല, കമ്പനികളുടെ ചണ്ടിഡിപ്പോയാക്കി മാറ്റപ്പെട്ടുപോയ നാടാകെ കാന്‍സര്‍രോഗ ഭീതിയില്‍. കരിഞ്ഞുതൂങ്ങിയ തെങ്ങിന് തലപ്പുകള്‍ പറയുന്നതാണ് മന്ത്രിയുടെ സ്വന്തം പഞ്ചായത്തിന്റെ വികസന കഥ.
തൊഴിലാളി നേതാവായിരുന്ന ബേബിജോണിന്റെ മകനെന്ന പകിട്ടിലാണ് ജനങ്ങള്‍ അന്ന് ഷിബുവിനൊപ്പം നിന്നതെങ്കിലും മുതലാളിമാര്‍ക്കൊപ്പമാണ് മന്ത്രി എന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ നീണ്ടകര. കരിമണല്‍ഖനനത്തിന് സ്വന്തം ഭൂമി വിട്ടുകൊടുത്തവര്‍ പകരം ഭൂമിയോ കമ്പനി വാഗ്ദാനം ചെയ്ത തൊഴിലോ ഇല്ലാതെ തെരുവോരത്ത് കുടിപ്പാര്പ്പാരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. മന്ത്രി ഇനിയും ഈ നാട്ടുകാരുടെ മുന്നിലേക്ക് എത്തിയിട്ടില്ല.
ബംഗാള്‍ കഴിഞ്ഞാല്‍ ആര്‍എസ്പിയുടെ മണ്‍വെട്ടിയും മണ്‍കോരിയും കാണണമെങ്കില്‍ ഈ നാട്ടില്‍ വരണം. കഴിഞ്ഞകുറി ഷിബുവിന്റെ ആര്‍എസ്പിയും പ്രേമചന്ദ്രന്റെ ആര്‍എസ്പിയും രണ്ട് വള്ളത്തിലായിരുന്നു. ആകെ പതിമൂന്ന് വാര്‍ഡുള്ള നീണ്ടകരയില്‍ രണ്ട് കൂട്ടര്‍ക്കും രണ്ടുവീതം മെമ്പര്‍മാരെ നല്കിയ നാട്ടുകാര്‍ ഷിബുവിനെയും പ്രേമനെയും പിണക്കിയില്ല. കോണ്‍ഗ്രസിന് അഞ്ചായിരുന്നു അംഗബലം. ഷിബുവിന്റെ രണ്ടും കൂടിച്ചേര്‍ന്ന് ഒരാളിന്റെ ബലത്തിലാണ് യുഡിഎഫ് പഞ്ചായത്ത് ഭരിച്ചുതുടങ്ങിയത്. പിന്നെ പ്രേമചന്ദ്രനും കൂട്ടരും തോണിമാറിക്കയറിയതോടെ ആര്‍എസ്പിക്ക് സീറ്റ് നാലായി. സിപിഎമ്മിന് മൂന്നും ബിജെപിക്ക് ഒന്നും സീറ്റുണ്ട്. ബിജെപി കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പഞ്ചായത്തിലെ പത്താംവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.
തൊഴിലാളികള്‍ക്കെതിരായ മന്ത്രി ഷിബുവിന്റെ ഇടപെടലുകളാണ് പഞ്ചായത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ചവറയിലെയും നീണ്ടകരയിലെയും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ സംഘടിത ക്രൈസ്തവസഭ ഏര്‍പ്പെടുത്തിയ മതവിലക്കിന് മന്ത്രിയടക്കമുള്ളവര്‍ പിന്തുണ നല്‍കിയത് തീരദേശത്ത് പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്. മത്സ്യബന്ധനോപകരണങ്ങള്‍ നശിപ്പിക്കുകയും തൊഴിലാളികളെ കടലില്‍ ബന്ദികളാക്കുകയും ചെയ്തപ്പോഴും മന്ത്രിയോ എംപിയോ തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനുണ്ടായില്ലെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
തോട്ടം തൊഴിലാളികളുടെ കാര്യത്തില്‍ സ്വീകരിച്ച വഞ്ചനാപരമായ നിലപാട് നീണ്ടകരയില്‍ മന്ത്രിക്കും യുഡിഎഫിനുമെതിരായ രാഷ്ട്രീയ പ്രചാരണായുധമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോഴും മന്ത്രിയടക്കമുള്ളവര്‍ ഇനിയും പരസ്യപ്രചാരണത്തിന് രംഗത്തെത്താത്തത് ചുവരെഴുത്ത് കൃത്യമായി മനസ്സിലാക്കിയിട്ടാണെന്നാണ് എതിരാളികളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: