കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശമാണ് യുഡിഎഫ് മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ പി. കെ. ജയലക്ഷ്മിയുടെ സ്വന്തം തട്ടകമായ തവിഞ്ഞാല്‍ പഞ്ചായത്ത്. നിലവില്‍ യുഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തില്‍ ഇത്തവണ പ്രസിഡണ്ട് പദവി എസ് ടി സംവരണമാണ്. ഇതാകട്ടെ കോണ്‍ഗ്രസ് മുസ്ലിം ലീഗിന് ദാനം നല്‍കുകയും ചെയ്തു.
കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം ശക്തമായതിനാല്‍ മന്ത്രി ജയലക്ഷ്മി തന്നെയാണ് യുഡിഎഫന്റെ മുഖ്യപ്രചാരക. ഗോത്രവീടുകള്‍ സന്ദര്‍ശിച്ചും കുടുംബയോഗങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുത്തും പ്രചാരണം കൊഴുപ്പിക്കാന്‍ മന്ത്രി ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞകാല പിന്തുണ ലഭ്യമല്ല. ഇത് കോണ്‍ഗ്രസ് നേതൃത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളും അതുവഴി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിനുണ്ടായ പുരോഗതിയുമാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി മന്ത്രി ജയലക്ഷ്മി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ കാര്യമായ നേട്ടങ്ങള്‍ ഈ നാലരകൊല്ലത്തിനിടയില് തവിഞ്ഞാല്‍ പഞ്ചായത്തില്‍ എത്തിയിട്ടില്ലെന്നത് മറ്റൊരു യാഥാര്‍ഥ്യം. വോട്ടര്‍മാരുടെ ഇത്തരം ചോദ്യങ്ങളോട് മന്ത്രിയുടെ മറുപടി നിശബ്ദതയില്‍ ഒതുങ്ങും.
22 വാര്‍ഡുകളാണ് തവിഞ്ഞാല്‍ പഞ്ചായത്തിലുള്ളത്. പതിവിന് വിപരീതമായി ഏഴിടങ്ങളില്‍ ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. 11, 12, 20, 21, 9, 10,18 വാര്‍ഡുകളാണിവ. കഴിഞ്ഞവര്‍ഷം ബിജെപി ഒരു വോട്ടിന് പരാജയപ്പെട്ട എടത്തന വാര്‍ഡും 50 വോട്ടിന് പരാജയപ്പെട്ട ഇടിക്കരയും ഉള്‍പ്പെടുന്നു.
മന്ത്രി ജയലക്ഷ്മിയുടെ വീടിന് സമീപമുള്ള ട്രൈബല്‍ സൊസൈറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയിക്കാനായത് ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി. മന്ത്രിയുടെ സഹോദരനും ഐ.സി.ബാലകൃഷ്ണന് എംഎല്‍എയുടെ സഹോദരനും സൊസൈറ്റി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റിരുന്നു. പഞ്ചായത്തിലെ മുതിരേരി വാര്‍ഡില്‍ മേരി അബ്രഹാമിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. എടത്തന, കൈതക്കൊല്ലി, ഇടിക്കര വാര്‍ഡുകളില്‍ പ്രചാരണത്തിന് ബിജെപിക്കാണ് മുന്‍തൂക്കം. എസ്ടി സംവരണമായ പഞ്ചായത്ത് പ്രസിഡണ്ട് പദം ലീഗിന് നല്‍കിയതില്‍ പഞ്ചായത്തിലെ ഭൂരിഭാഗം വരുന്ന ആദിവാസികള്‍ക്കിടയില്‍ ശക്തമായ അതൃപ്തിയാണുള്ളത്.
മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ കുറ്റിയോട്ടില്‍ അച്ചപ്പനെ മത്സരിപ്പിക്കാതെ മാറ്റിനിര്‍ത്തിയും ആദിവാസി നേതാവായ ടി.കെ.ഗോപിക്ക് സീറ്റ് നല്‍കാത്തതും യുഡിഎഫിനുള്ളില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച ഉമ്മന്‍ചാണ്ടി തലപ്പുഴയില്‍ പങ്കെടുത്ത പൊതുയോഗത്തില്‍ സിപിഎമ്മിനെതിരെ ഒരക്ഷരം പോലും ഉരിയാടിയില്ല. പ്രസംഗത്തിലുടനീളം ബിജെപിയെ വിമര്‍ശിക്കാനാണ് തിരഞ്ഞെടുത്തത്. ഇതിന് കാരണം. തവിഞ്ഞാല്‍ പഞ്ചായത്തിലെ മത്സരം ബിജെപിയും യുഡിഎഫും തമ്മിലായതുകൊണ്ടുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: