കണ്ണൂര്‍: ലീഗിനും കാന്തപുരം വിഭാഗത്തിനും പുറമേ ഉത്തര കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂരില്‍ സിപിഎം-എസ്ഡിപിഐ ബന്ധവും മറനീക്കി. നേതൃത്വങ്ങളുടെ നടപടികള്‍ക്കെതിരെ ഇരു പാര്‍ട്ടികളുടേയും അണികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തലശ്ശേരിയില്‍ ഫസല്‍ വധത്തിന് ഉത്തരവാദികളായ സിപിഎം നേതാക്കളുള്‍പ്പെടെ മത്സര രംഗത്തുണ്ട് എന്നതാണ് പ്രശ്നം.
കണ്ണൂര്‍ ആയിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ മരവിപ്പിച്ചത് സിപിഎമ്മും എസ്ഡിപിഐ നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എസ്ഡിപിഐക്ക് സാന്നിധ്യം ഉറപ്പിക്കാന്‍ ആയിക്കരയില്‍ സിപിഎമ്മിന് വോട്ട് ചെയ്യാനും തൊട്ടടുത്ത വാര്‍ഡില്‍ എസ്ഡിപിഐയെ ജയിപ്പിക്കാനുമാണ് ധാരണ.
കോര്‍പ്പറേഷനില്‍ മാത്രമല്ല ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം നേതൃത്വം ഐഎന്എല്ലിനോടൊപ്പം തീവ്ര സ്വഭാവമുളള എസ്ഡിപിഐയുമായും ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും രഹസ്യ ധാരണയിലെത്തിയിട്ടുണ്ട്. പാനൂര്‍ നഗരസഭയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ പരിയാരം ഗ്രാമ പഞ്ചായത്ത് തിരുവട്ടൂര്‍ വാര്‍ഡില്‍ ഉള്‍പ്പെടെ പലയിടത്തും സിപിഎമ്മിനും എസ്ഡിപിഐയ്ക്കും ഒരേ സ്ഥാനാര്‍ത്ഥിയാണ് നിലവിലുളളത്.
രണ്ടാം വാര്‍ഡായ തിരുവട്ടൂരില്‍ പി എം നാദിറ ബീവിയാണ് സിപിഎമ്മിന്റെയും എസ്ഡിപിയുടെയും സ്ഥാനാര്‍ത്ഥി. ഇരുപാര്‍ട്ടികളുടെയും സംയുക്ത സ്ഥാനാര്‍ത്ഥിയായ ഇവരെ സ്വതന്ത്ര പരിവേഷം നല്കി ‘കൈവണ്ടി’ അടയാളത്തിലാണ് അവര്‍ മത്സരിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുമെന്ന് തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം ഏതു വിധേനയും വിജയം ഉറപ്പിക്കാനായി ഇന്നലെവരെ വര്‍ഗ്ഗീയത ആരോപിച്ചിരുന്ന കക്ഷികളെ പോലും വാരി പൂണരുന്നത് തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: