പത്തനംതിട്ട: എസ്എന്‍ഡിപിയെ നേരിടാന്‍ പാര്‍ട്ടിക്ക് തന്നെ ആശ്രയിക്കേണ്ടി വന്നുവെന്ന് സന്തോഷിച്ച വി. എസ്. അച്യുതാനന്ദന് അത് പാര്‍ട്ടിയുടെ കെണിയായിരുന്നുവെന്ന് തിരിച്ചറിയാന്‍ വൈകി. പാര്‍ട്ടിയിലെ വിഎസ് വിരുദ്ധരുടെ ലക്ഷ്യം വിജയിച്ചുവെന്നാണ് വ്യക്തമാകുന്നത്.
അച്യുതാനന്ദന്റെ ജനപിന്തുണയുടെ ഭൂരിപക്ഷവും എസ്എന്‍ഡിപിയോഗ നേതൃത്വവും അണികളുമായിരുന്നു എന്നറിയാമായിരുന്ന സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കള്‍, പരസ്യ വിമര്‍ശനങ്ങളും പരിഹാസങ്ങളും നടത്തിച്ച് അച്യുതാനന്ദനെ യോഗം അണികളില്‍നിന്ന് അകറ്റാനാണ് ലക്ഷ്യമിട്ടത്.
പാര്‍ട്ടിയില്‍നിന്ന് അച്യുതാനന്ദനെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചപ്പോളെല്ലാം അനുകൂലിച്ച് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയത് എസ്എന്‍ ഡിപി യോഗം അനുഭാവികളായിരുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ വിഭാഗവുമായി അച്യുതാനന്ദനെ അകറ്റാനുള്ള അവരുടെ ലക്ഷ്യം ഈ തെരഞ്ഞെടുപ്പു പ്രചാരണത്തിലൂടെ സാധിച്ചു.
അച്യുതാനന്ദനെതിരേയുണ്ടായ ഏതു നീക്കങ്ങളും പ്രതിരോധിക്കാന്‍ എസ്എന്‍ഡിപി യോഗ നേതൃത്വം വിശിഷ്യാ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്നോട്ട് വന്നിരുന്നു. അത് പൊതുസമൂഹം ഏറ്റെടുക്കുകയും അച്യുതാനന്ദന് അനുകൂലമായ ജനവികാരം ഉണ്ടാവുകയും ചെയ്തു. അപ്പോഴെല്ലാം സിപിഎം നേതൃത്വത്തിന് തീരുമാനങ്ങള്‍ മാറ്റേണ്ടിയും വന്നു. ഈ സംഘടിത ജനവിഭാഗത്തെ വിഎസില്‍ നിന്ന് അകറ്റാനവസരം വന്നപ്പോള്‍ ഒരുവിഭാഗം സിപിഎം നേതാക്കള്‍ അത് ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ബിജെപിയും എസ്എന്‍ഡിപി യോഗ നേതൃത്വവുമായി സഹകരിക്കാന്‍ തുടങ്ങിയത് മുതല്‍ യോഗനേതൃത്വത്തിനെതിരേ കടുത്ത ആക്ഷേപങ്ങള്‍ ചൊരിയാന്‍ സിപിഎം വിഎസിനെയാണ് മുന്നില്‍ നിര്‍ത്തിയത്. ഇതോടെ അണികള്‍ക്ക് അച്യുതാനന്ദന് വിരോധം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചുവര്‍ഷം സംസ്ഥാനത്ത് മുഖ്യമന്ത്രിയായിട്ടും ശാശ്വതീകാനന്ദ സ്വാമിയുടെ മരണം സംബന്ധിച്ച് യാതൊരു സംശയവും ഇല്ലാതിരുന്ന വി.എസ്.അച്യുതാനന്ദന് കേവലം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇപ്പോള്‍ ആരോപണങ്ങളുമായി മുന്നോട്ട് വന്നത് പൊതുസമൂഹത്തിനും അവമതിപ്പുണ്ടാക്കി.
സിപിഎം നേതൃത്വം മുഖ്യമായും ലക്ഷ്യമിട്ടതും ഇതുതന്നെ; ഒപ്പം യോഗം പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കാനായെങ്കില് അതും നേട്ടമെന്നു കരുതി. എന്നാല്‍, യോഗം സെക്രട്ടറിയേയും യോഗത്തിന്റെ ആത്മീയാചാര്യനായിരുന്ന ശാശ്വതീകാനന്ദയേയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്ത വിഎസ്പ്രസംഗങ്ങള് യോഗം പ്രവര്‍ത്തകരെ ഒറ്റക്കെട്ടാക്കുകയും സിപിഎം വിരോധികളാക്കുകയേ ചെയ്തുള്ളു.
തെരഞ്ഞെടുപ്പിന് രണ്ടാംഘട്ടം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നിര്‍ബന്ധിത വിശ്രമത്തിലായ വി.എസിന് മകന് അരുണ്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള വിജിലന്‍സ് ശുപാര്‍ശകൂടി വന്നതോടെ പൊതുവേദികളന്യമായി. വിഎസിനെ പ്രതിരോധിക്കാന്‍ സിപിഎം നേതൃത്വം വലിയ വ്യഗ്രത കാട്ടിയുമില്ല. എളമരം കരീമിനെതിരേ ചക്കിട്ടപ്പാറ ഖനനാനുമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് പറഞ്ഞതോടെ സിപിഎം നേതൃത്വം തൃപ്തരായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി വിഎസ് ഭീഷണി ഉണ്ടാകരുതെന്ന് കണക്കുകൂട്ടിയ ഒരു വിഭാഗം സിപിഎം നേതാക്കളുടെ പദ്ധതി ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തോല്‍വി പിണഞ്ഞാല്‍, വിഎസിനെതിരേ കുറ്റപത്രമായിരിക്കും അതിരുവിട്ട യോഗം വിമര്‍ശനമെന്നും സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: