കുറ്റ്യാടി: പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി ജീവന് ബലിനല്‍കിയ അനൂപിന്റെ രക്ഷിതാക്കള്‍ക്ക് വിമോചനയാത്ര സ്വീകരണവേദിയില്‍ ആദരം. നിട്ടൂരിലെ വെള്ളൊലിപ്പില്‍ അനൂപിന്റെ അച്ഛന് കണാരന്, അമ്മ സുശീല എന്നിവരെയാണ് വിമോചനയാത്രാ നായകന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരന് ആദരിച്ചത്. വിമോചനയാത്രക്ക് മരുതോങ്കര റോഡില്‍ നല്കിയ സ്വീകരണചടങ്ങിലായിരുന്നു ഇരുവരും ആദരം ഏറ്റുവാങ്ങിയത്.
തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് അനൂപിന്റെ രക്ഷിതാക്കളെ ആദരിച്ചതെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ഡിസംബര്‍ 16ന് പ്രകൃതി സംരക്ഷണവേദി നടത്തിയ ധര്ണ്ണയ്ക്കു നേരെ സിപിഎമ്മുകാര്‍ നടത്തിയ ആക്രമണത്തിലാണ് അനൂപിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ചികിത്സക്കിടെ അനൂപ് മരണമടഞ്ഞു. അനൂപിന്റെ മരണത്തിന് കാരണമായത് സിപിഎമ്മിന്റെ ഭൂമാഫിയ, ക്വാറി മാഫിയ ബന്ധങ്ങളാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ടവര് കോര്പ്പറേറ്റുള്ക്കൊപ്പം നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുകയാണ്. അനൂപിന്റെ ബലിദാനം എക്കാലത്തും സ്മരിക്കപ്പെടും. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ജീവന് ബലിനല്‍കിയ ആദ്യവ്യക്തിയാണ് അനൂപെന്നും കുമ്മനം രാജശേഖരന് കൂട്ടിച്ചേര്‍ത്തു.
പി.കെ. രാജന് അധ്യക്ഷത വഹിച്ചു. പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, ശോഭാസുരേന്ദ്രന്, വി.വി.രാജന്, അഡ്വ. കെ.പി. പ്രകാശ്ബാബു, പി.രഘുനാഥ്, ടി.പി.ജയചന്ദ്രന്‍മാസ്റ്റര്‍, ടി.ബാലസോമന്‍, പി.ജിജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: