മലപ്പുറം: റിപ്പബ്ലിക് ദിനത്തില്‍ യാത്രക്ക് അവധിയായിരുന്നെങ്കിലും യാത്രാനായകന് കുമ്മനം രാജശേഖരന് തിരക്കിട്ട മണിക്കൂറുകളായിരുന്നു. വിവിധ പരിപാടികളില്‍ പങ്കെടുത്ത അദ്ദേഹം രാവിലെ മുതല്‍ രാത്രി വരെ പ്രവര്‍ത്തകരോടൊപ്പമായിരുന്നു. കോട്ടക്കല്‍ ഭാരതീയ വിദ്യാഭവന് സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷമായിരുന്നു ആദ്യ പരിപാടി. മധുരം നല്‍കിയും കഥകള്‍ പറഞ്ഞും ജ്വലിക്കുന്ന സ്വാതന്ത്ര്യ സമര ചരിത്രം ഓര്‍മ്മിച്ചും കുട്ടികളോട് കൂട്ടുകൂടിയ അദ്ദേഹം ഒരു മണിക്കൂറോളം ചെലവഴിച്ചു.
അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറിയിടിച്ച് മരിച്ച കഞ്ചിക്കോട്ടെ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ തൊഴിലാളികളുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.കഴിഞ്ഞ ആഗസ്തിലായിരുന്നു അപകടം. മനുഷ്യത്വത്തിന്റെ മഹാപ്രതീകങ്ങളായി ജീവന് ത്യജിച്ചവരെ എന്നാല്‍ സര്‍ക്കാര്‍ അവഗണിച്ചു. തുല്യനീതി നിഷേധിക്കപ്പെട്ടവരോടൊപ്പം വേദന പങ്കിട്ടാണ് അദ്ദേഹം മടങ്ങിയത്. തുടര്‍ന്ന് കോട്ടക്കല്‍ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്റ്റി വൈദ്യരത്നം പി.കെ.വാര്യരെ സന്ദര്‍ശിച്ച് കുമ്മനം സൗഹൃദം പുതുക്കി.
ആയുര്‍വ്വേദ രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന് പി.കെ.വാര്യര്‍ കുമ്മനത്തോട് വിശദീകരിച്ചു. വൈകിട്ട് കുറ്റിപ്പുറം പുതുപ്പറമ്പ് മഹാദേവക്ഷേത്രത്തിന്റെ ഗോപുര നടയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിച്ചു. മാമാങ്കത്തിന്റെ സാംസ്കാരിക തനിമ വീണ്ടെടുക്കുന്നതിനും നദീസംരക്ഷണത്തിനും തിരുനാവായയില്‍ നിളാ വിചാര വേദി സംഘടിപ്പിച്ച പരിപാടിയിലും കുമ്മനം മുഖ്യപ്രഭാഷകനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: