കട്ടപ്പന: കര്‍ഷകരാണ് നാടിന്റെ നട്ടെല്ലെന്നും അവരുടെ സംരക്ഷണത്തിന് ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
മാറി മാറി ഭരിച്ച സര്‍ക്കാര്‍ കര്‍ഷക സംരക്ഷണത്തിനായി യാതൊന്നും ചെയ്തില്ല. എല്ലാ കര്‍ഷകരും പ്രതിസന്ധിയിലാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ സമ്പദ്ഘടന പിടിച്ചുനിര്‍ത്താനാകൂ അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്കായിരിക്കണം മുന്തിയ പരിഗണന നല്‍കേണ്ടത്.
കട്ടപ്പനയില്‍ വിമോചനയാത്രയ്ക്കിടെ നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം. കേരളത്തിലെ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കാനായി പ്രധാനമന്ത്രിയേയും വകുപ്പ് മന്ത്രിമാരേയും ബിജെപി പ്രിതിനിധി സംഘം കാണുമെന്നും കുമ്മനം പറഞ്ഞു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടി കൊടുക്കുന്നതില്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. വിലയിടിവ് മൂലം ബുദ്ധിമുട്ടിയ റബര്‍ കര്‍ഷകര്‍ക്കായി പ്രത്യേക ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ബിജെപിയുടെ നിരന്തരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ്. യുപിഎ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് റബര്‍ വിലയിടിവിന് കാരണം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദനം നടക്കുന്ന കേരളത്തില്‍ നിന്ന് എട്ടുമന്ത്രിമാരുണ്ടായിട്ടും റബര്‍ കര്‍ഷകരുടെ രക്ഷക്കെത്തിയില്ല. എന്നാലിന്ന് റബ്ബറിന് 200 രൂപ കിലോഗ്രാമിന് വില ലഭിക്കുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുകയാണ്. റബര്‍ താങ്ങുവിലയ്ക്ക് 500 കോടി രൂപ അനുവദിക്കാന്‍ പോവുകയാണ്.
ഏലം, കുരുമുളക്, നെല്ല് തുടങ്ങിയ പ്രശ്നങ്ങളിലും അനുകൂല നിലപാടുണ്ടാകുമെന്ന് കുമ്മനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: