തിരുവനന്തപുരം: പൂജപ്പുര നഗരിയില്‍ പൂരോത്സവമൊരുക്കിയ പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ സംസ്ഥാനത്ത് സംശുദ്ധ രാഷ്ട്രീയത്തിന്റെയും ജനപക്ഷ വികസനത്തിന്റെയും മൂന്നാം ബദലിന്റെ ഉദയം അടയാളപ്പെടുത്തി വിമോചന യാത്രക്ക് സമാപനം. ഭരണതലസ്ഥാനം കാത്തിരുന്ന മോചന നായകന് കുമ്മനത്തിന് അനുഗ്രഹവുമായി അനന്തപുരി ആഘോഷത്തില്‍ അണിചേര്‍ന്നു. ധര്മരാജ്യത്തിന്റെ പ്രവാചകന് ദീനദയാല്‍ജിയുടെ ബലിദാനദിനത്തില്‍, മറ്റൊരു കേരളം സാധ്യമാണെന്ന പ്രഖ്യാപനമായി സമ്മേളനം മാറി.
നഗരത്തെ ഇളക്കി മറിച്ച ഘോഷയാത്രയോടെ സമരനായകന് കുമ്മനം വേദിയിലെത്തുമ്പോള്‍ സമ്മേളന നഗരി നിറഞ്ഞുകവിഞ്ഞിരുന്നു. ഉദ്ഘാടകനായ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും എത്തിയതോടെ ആവേശം കൊടുമുടിയേറി. ദേശീയ സംസ്ഥാന നേതാക്കളുടെ നിറസാന്നിധ്യത്താല്‍ സമ്പന്നമായ വേദിയില്‍ മലയാളത്തില്‍ അഭിസംബോധന ചെയ്തായിരുന്നു രാജ്നാഥ് സിങ് തുടങ്ങിയത്. സിപിഎം-കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി പ്രസംഗം മുന്നേറി. ബിജെപിയുടെ ചെറിയ തുടക്കവും ഒറ്റയ്ക്ക് അധികാരത്തിലെത്തിയതും ചൂണ്ടിക്കാട്ടി കേരളത്തിലും ഭരണ നേട്ടം ബാലികേറാമലയല്ലെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയ കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിക്കാനും രാജ്നാഥ് മറന്നില്ല. ഒരു വ്യവസായവും വളരാത്ത കേരളത്തില്‍ അഴിമതി വ്യവസായം മാത്രമാണ് മുന്നേറുന്നത്. സൂര്യപ്രകാശം ഏറ്റവുമധികം ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും സാധ്യത ഉപയോഗപ്പെടുത്താതെ അഴിമതി വളര്ത്തുകയാണുണ്ടായതെന്നും സോളാര്‍ അഴിമതിയെ പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസന പിന്നാക്കാവസ്ഥയും മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും അക്കമിട്ട് നിരത്തി മൂന്നാം ബദലിന് ആഹ്വാനം ചെയ്താണ് രാജ്നാഥ് സിങ് പ്രസംഗം അവസാനിപ്പിച്ചത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബിജെപിക്ക് എന്നും നേട്ടങ്ങള്‍ സമ്മാനിച്ച ശ്രീപത്മനാഭന്റെ നാട് ഭരണത്തിലേറാനുള്ള ആത്മവിശ്വാസം പകര്‍ന്നാണ് വിമോചനയാത്രക്ക് സമാപനം നല്‍കിയത്. 140 നിയോജകമണ്ഡലങ്ങളുടെയും സ്വീകരണമേറ്റവാങ്ങിയാണ് ജനുവരി 20ന് കാസര്‍കോട് ഉപ്പളയില്‍ നിന്നും ആരംഭിച്ച യാത്ര ഇന്നലെ സമാപിച്ചത്.
കുപ്പത്തൊട്ടിയിലെ മാലിന്യം ഭക്ഷണമാക്കാന്‍ വിധിക്കപ്പെട്ട വനവാസി കുട്ടികളുള്ള കണ്ണൂര്‍ അമ്പലക്കുഴി കോളനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായത്തിന്റെ ആദ്യഗഡു കോളനി പ്രതിനിധികള്‍ക്ക് വേദിയില്‍ കുമ്മനം കൈമാറി. യാത്രക്കിടെ കുമ്മനം കോളനി സന്ദര്‍ശിച്ച് അവരോടൊപ്പം ഭക്ഷണം കഴിച്ചിരുന്നു. സിയാച്ചിനില്‍ മരിച്ച വീരസൈനികര്‍ക്ക് സമ്മേളനം ആദരാഞ്ജലിയര്‍പ്പിച്ചു. ദീനദയാല്‍ജിയുടെ ഛായാചിത്രത്തില്‍ രാജ്നാഥ് സിങ്ങും കുമ്മനവും പുഷ്പാര്‍ച്ചന നടത്തി. വിമോചന ഗാനം രചിച്ച വിനു ശ്രീലകത്തെ കുമ്മനം ആദരിച്ചു. മണ്ഡലം, ഏരിയാ പ്രസിഡന്റുമാരും വിവിധക്ഷേത്ര സംഘടനകളും പൗരപ്രമുഖരും യാത്രാനായകനെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: