സമ്പന്നമായ സംസ്കൃത നാടക പാരമ്പര്യത്തിന്റെ മഹിമ കലോത്സവ വേദിയിലെ ഹൈസ്കൂള്‍ വിഭാഗം നാടക മത്സരത്തെ ഗൗരവതരമാക്കി. ഭാസനാടക ചക്രത്തിലെ പ്രമുഖ നാടകങ്ങള്‍, കാളിദാസന്റെയും ശൂദ്രകന്റെയും ഭവഭൂതിയുടെയും കേരളീയനായ ശക്തിഭദ്രന്റെയും നാടകങ്ങള്‍ കുട്ടികള്‍ അരങ്ങിലെത്തിച്ചു.
ഊരുഭംഗവും മധ്യമവ്യായോഗവും ശക്തിഭദ്രന്റെ ആശ്ചര്യ ചൂഡാമണിയും രംഗവേദിയില്‍ നാട്യശാസ്ത്ര പ്രകാരമുള്ള നടനകലയുടെ വിവിധ ഭാവങ്ങളുണര്‍ത്തി. ശൂദ്രക മഹാകവിയുടെ മൃച്ഛകടികത്തിന്റെ ആവിഷ്കാരം ആദ്യമായി സ്കൂള്‍ കലോത്സവ നാടകവേദിയിലെത്തിയെന്ന അപൂര്‍വതയും ഈ കലോത്സവത്തിന്റെതായി.
സംസ്കൃത പുരാണനാടകങ്ങളുടെ തനിമ ചോര്‍ന്നുപോകാതെയുള്ള അവതരണങ്ങളോടൊപ്പം രംഗകലയുടെ പുതിയ പരീക്ഷണങ്ങളും ഉണ്ടായി. സി.എന്‍. ശ്രീകണ്ഠന് നായരുടെ ലങ്കാലക്ഷ്മിയും കെ. സുരേന്ദ്രന്റെ സീതായനവും ഉള്‍ച്ചേര്‍ത്ത് ഒരുക്കിയ നാടകം, ഒഎന്‍വിയുടെ ഊജ്ജയിനിയെ ആസ്പദമാക്കി അവതരിപ്പിച്ച നാടകം തുടങ്ങിയ പരീക്ഷണ നാടകങ്ങള്‍ പതിവ് അവതരണ രീതികളില്‍ നിന്ന് മാറി നടന്നവയായിരുന്നു.
ആകെ 21 നാടകങ്ങളാണ് ഇന്നലെ രംഗത്തെത്തിയത്. 7 നാടകങ്ങള്‍ അപ്പീലിലൂടെയാണ് അവതരണാനുമതി നേടിയത്.
പാരിപ്പള്ളി അമൃത സെക്കന്ററി വിദ്യാലയം അവതരിപ്പിച്ച ആശ്ചര്യചൂഢാമണി, പത്തനംതിട്ട കോന്നി വിഎച്ച്എസ് അവതരിപ്പിച്ച മൃച്ഛകടികം, പട്ടാമ്പി സിജിഎം ഹയര്‍ സെക്കന്ററി സ്കൂള്‍ അവതരിപ്പിച്ച അഭിഷേകം നാടകം, കാഞ്ഞങ്ങാട് ഹയര്‍ സെക്കന്ററി സ്കൂള്‍ അവതരിപ്പിച്ച ലങ്കാലക്ഷ്മി, മണ്ണമ്പറ്റ മാതാ എച്ച്എസ് അവതരിപ്പിച്ച മാളവികാ കാളിദാസ്, ആലുവ വിദ്യാധിരാജ ഹൈസ്കൂള്‍ അവതരിപ്പിച്ച ബാലിമോക്ഷം, എന്നിവ അവതരണം കൊണ്ടും അഭിനയ ചാരുതകൊണ്ടും ശ്രദ്ധേയമായി.
നാടകത്തെ ഗൗരവമായി സമീപിക്കുന്ന ഒരുകൂട്ടം കലാ പ്രേമികളുടെ പ്രയത്നമാണ് ഇന്നലെ സംസ്കൃത നാടകവേദിയെ സജീവമാക്കിയത്. എന്നാല്‍ ക്ലാസ്സിക്കല്‍ നാടക കലയുടെ ഈ രംഗാവിഷ്കാരങ്ങള്‍ മാധ്യമശ്രദ്ധയില്‍ നിന്നും ചാനല്‍ തിരക്കുകളില്‍ നിന്നും ഏറെ അകലെയായിരുന്നു. എന്നാല്‍ സദസ്യരുടെ പങ്കാളിത്തം നാടകവേദിയെ സജീവമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: