കോഴിക്കോട്: വര്ണവിസ്മയനാദമൊരുക്കി ആറുനാള്‍ നീണ്ട സംസ്ഥാന സ്കൂള്‍ കലാമേളയ്ക്ക് ഇന്ന് കൊടിയിറക്കം. ആഘോഷത്തിന്റെ രാപ്പകലുകള്‍ നഗരത്തിന്റെ ഉത്സവമായി മാറി.പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും മുകളില്‍ കലയുടെ മഴവില്ലഴക് മനസിലും മാനത്തും നിറച്ച ദിനങ്ങളാണ് കടന്നുപോയത്.
കോഴിക്കോടോ പാലക്കാടോ എന്ന തര്‍ക്കത്തിന് ഇന്ന് തീരുമാനമാകും. കഴിഞ്ഞ തവണ പാലക്കാട്ട് നിന്ന് സ്വര്‍ണ്ണക്കപ്പ് നേടിയ കോഴിക്കോടിന് മധുരപ്രതികാരം നല്കുന്ന വിധത്തിലാണ് പാലക്കാട് ലീഡ് നിലനിര്‍ത്തുന്നത്. എന്നാല്‍ അവസാനഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കിരീടം കോഴിക്കോടിന് അവകാശപ്പെട്ടതാക്കുമെന്ന വാശിയോടെ കോഴിക്കോട്ടുകാര്‍ പൊരുതുകയാണ്.
ഒന്നരമാസത്തെ മാത്രം തയ്യാറെടുപ്പിലാണ് മേള കോഴിക്കോട് നടത്തിയത്. ആദ്യം മാറിനിന്നവര്‍ സംഘാടകരായി രംഗത്തുവന്നതോടെ നഗരം ഒറ്റ മനസ്സായി കേരളത്തിന്റെ കൗമാര കലോത്സവത്തിന് സ്വാഗതമോതി.
ഏറ്റവും കൂടുതല്‍ അപ്പീലും വിജിലന്‍സ് പരാതിയുമുണ്ടായ കലോത്സവ വിധി നിര്‍ണ്ണയം പരാതി ഉയര്‍ത്തിയിട്ടുണ്ട്. കലോത്സവത്തിന് സമൂലമായ അഴിച്ചുപണി വേണമെന്ന ചര്‍ച്ചയും ഈ കലോത്സവത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: