ഹാമില്ട്ടണ്: അയര്‍ലന്‍ഡിനെതിരെ ടീം ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്റ് മികച്ച തുടക്കത്തിനുശേഷം 49 ഓവറില്‍ 259 റണ്‍സിന് ഓള് ഔട്ടായി. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ടീം ഇന്ത്യ എതിരാളികളെ ഓള് ഔട്ടാക്കുന്നത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ 79 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 260 റണ്‍സ് നേടിയാണ് വിജയം സ്വന്തമാക്കിയത്. ഈ ലോകകപ്പിലെ തുടര്‍ച്ചയായ അഞ്ചാം വിജയമാണ് ഇന്ത്യ ഇന്നലെ നേടിയത്. കൂടാതെ കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടശേഷം അപരാജിതരായി ഒമ്പത് മത്സരങ്ങളാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് വിക്കറ്റ് കുട്ടുകെട്ടും ഇന്നലെ പിറന്നു. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്നലെ ഒന്നാം വിക്കറ്റില്‍ നേടിയ 174 റണ്‍സ്. 1996-ലെ ലോകകപ്പില്‍ സച്ചിനും അജയ് ജഡേജയും ചേര്‍ന്ന് കെനിയക്കെതിരെ നേടിയ 163 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.
ഇന്നലെ ആദ്യം ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് ഒരു ഘട്ടത്തില്‍ മൂന്നിന് 206 എന്ന നിലയില്‍ നിന്നാണ് 259 റണ്‍സിന് ഓള് ഔട്ടായത്. ഇന്ത്യക്കെതിരായ അയര്‍ലന്‍ഡിന്റെ ഏറ്റവും മികച്ച സ്കോറാണ് ഇന്നലെ അവര്‍ കണ്ടെത്തിയത്. അയര്‍ലന്‍ഡിന് വേണ്ടി 75 റണ്‍സെടുത്ത നീല്‍ ഒബ്രിയാനും 67 റണ്‍സെടുത്ത പോര്‍ട്ടര്‍ഫീല്‍ഡും 42 റണ്‍സെടുത്ത സ്റ്റിര്‍ലിംഗും മാത്രമാണ് മികച്ച ബാറ്റിംഗ് നടത്തിയത്. ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന് (100) സെഞ്ചുറിയും രോഹിത് ശര്‍മ്മ (64) അര്‍ദ്ധസെഞ്ചുറിയും നേടി. ശിഖര്‍ ധവാനാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച അയര്‍ലന്‍ഡിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പോര്‍ട്ടര്‍ഫീല്‍ഡും സ്റ്റിര്‍ലിംഗും ചേര്‍ന്ന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരായ ഉമേഷ് യാദവിനെയും മുഹമ്മദ് ഷാമിയെയും അനായാസം നേരിട്ട ഇരുവരും മികച്ച റണ്‍റേറ്റിലാണ് റണ്‍സ് നേടിയത്. സ്പിന്നര്‍മാര്‍ എത്തിയശേഷമാണ് അയര്‍ലന്‍ഡ് കുതിപ്പിന് അല്പമെങ്കിലും തടയിടാന്‍ ഇന്ത്യക്ക് കഴിഞ്ഞത്. 15 ഓവറില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞത്. 41 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത സ്റ്റിര്‍ലിംഗിെന അശ്വിന്റെ പന്തില്‍ രഹാനെ കയ്യിലൊതുക്കി. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ എഡ് ജോയ്സിന് ഇന്നലെ തിളങ്ങാന്‍ കഴിഞ്ഞില്ല. രണ്ട് റണ്‍സ് മാത്രമെടുത്ത ജോയ്സിനെ റെയ്ന ബൗള്‍ഡാക്കിയപ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 92 റണ്‍സായിരുന്നു.
മൂന്നാം വിക്കറ്റില്‍ പോര്‍ട്ടര്‍ഫീല്‍ഡിനൊപ്പം നീല്‍ ഒബ്രിയാന് ചേര്‍ന്നതോടെ അയര്‍ലന്‍ഡ് വീണ്ടും പിടിമുറുക്കി. എന്നാല്‍ സ്കോര്‍ 145-ല്‍ എത്തിയപ്പോള്‍ 93 പന്തുകളില്‍ നിന്ന് 67 റണ്‍സെടുത്ത പോര്‍ട്ടര്‍ഫീല്‍ഡിനെ മോഹിത് ശര്‍മ്മ ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ചു. പിന്നീട് ഒബ്രിയാനും ബാല്‍ബിര്‍നിയും ചേര്‍ന്ന് 38.2 ഓവറില്‍ സ്കോര്‍ 200 കടത്തി. സ്കോര്‍ 206-ല്‍ എത്തിയപ്പോള്‍ അയര്‍ലന്‍ഡിന്റെ നാലാം വിക്കറ്റും നിലംപതിച്ചു. 24 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ബാല്‍ബിര്‍നിയാണ് അശ്വിന്റെ പന്തില്‍ മുഹമ്മദ് ഷാമിക്ക് ക്യാച്ച് നല്കി മടങ്ങിയത്. ഇതോടെ അയര്‍ലന്‍ഡിന്റെ തകര്‍ച്ചയും തുടങ്ങി. പിന്നീട് ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 53 റണ്‍സ് മാത്രമാണ് അവര്‍ക്ക് കൂട്ടിഗച്ചര്‍ക്കാന്‍ കഴിഞ്ഞത്. ബാല്‍ബിര്‍നിയ്ക്ക് ശേഷമെത്തിയ കെവിന് ഒബ്രിയാനെ (1) മുഹമ്മദ് ഷാമി വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലെത്തിച്ചു.
സ്കോര്‍ അഞ്ചിന് 208. 14 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആറാം വിക്കറ്റും നഷ്ടമായി. ആറ് റണ്‍സെടുത്ത ഗാരി വില്‍സണെ രവീന്ദ്ര ജഡേജ രഹാനെയുടെ കൈകളിലെത്തിച്ചു. 43-ാം ഓവറിലെ ആദ്യ പന്തില്‍ അയര്‍ലന്‍ഡ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ നീല്‍ ഒബ്രിയാനെ (75) ഷാമി ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ചതോടെ അവരുടെ തകര്‍ച്ച പൂര്‍ണമാവുകയും ചെയ്തു. ഒരുപന്തിന്റെ ഇടവേളക്കുശേഷം തോംസണ്‍ (2) റണ്ണൗട്ടാവുകയും ചെയ്തു. സ്കോര്‍ 238-ല്‍ എത്തിയപ്പോള്‍ 6 റണ്‍സെടുത്ത ഡോക്ക്റെല്ലിനെ ഉമേഷ് യാദവ് ധോണിയുടെ കൈകളിലെത്തിച്ചു. അവസാന വിക്കറ്റില്‍ മൂണിയും കുസാക്കും ചേര്‍ന്ന് 21 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സ്കോര്‍ 259-ല്‍ എത്തിച്ചതോടെ അയര്‍ലന്‍ഡ് ഇന്നിംഗ്സിന് തിരശ്ശീല വീഴുകയും ചെയ്തു. 11 റണ്‍സെടുത്ത കുസാക്കിനെ ഷാമി ഉമേഷ് യാദവിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 12 റണ്‍സുമായി മൂണി പുറത്താകാതെ നിന്നു.
ഇന്ത്യക്കായി മുഹമ്മദ് ഷാമി 41 റണ്‍സ് വഴങ്ങി മൂന്നും അശ്വിന് 38 റണ്‍സിന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
260 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യക്ക് ഇതാദ്യമായി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. ഐറിഷ് ബൗളര്‍മാരെ അനായാസം നേരിട്ട ധവാനും രോഹിതും ചേര്‍ന്ന് 8.2 ഓവറില്‍ 50ഉം 14.1 ഓവറില്‍ സ്കോര്‍ 100ഉം 20.1 ഒാവറില്‍ 150ഉം കടത്തിവിട്ടു. ഇതിനിടെ ഇരുവരും അര്‍ദ്ധസെഞ്ചുറികളും തികച്ചു. ഒടുവില്‍ 23.2 ഓവറില്‍ സ്കോര്‍ 174 റണ്‍സിലെത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. 66 പന്തില്‍ നിന്ന് മൂന്ന് വീതം ഫോറും സിക്സറുമടക്കം 64 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ തോംസണ്‍ ബൗള്‍ഡാക്കുകയായിരുന്നു. അനാവശ്യഷോട്ടിന് ശ്രമിച്ച രോഹിത്ശര്‍മ്മയുടെ ബാറ്റിന്റെ എഡ്ജില്‍ തട്ടിയാണ് പന്ത് വിക്കറ്റില്‍ പതിച്ചത്. ഇതിനിടെ രോഹിത് ഏകദിനത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുകയും ചെയ്തു. പിന്നീട് അധികം കഴിയും മുന്നേ ശിഖര്‍ ധവാന് സെഞ്ചുറിയും പൂര്‍ത്തിയാക്കി. 84 പന്തില്‍ നിന്ന് 11 ഫോറും അഞ്ച് സിക്സറുമടക്കമായിരുന്നു ധവാന് 100-ല്‍ എത്തിയത്. ലോകകപ്പില്‍ ശിഖര്‍ ധവാന്റെ രണ്ടാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. പൂള് ബിയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും ധവാന് ശതകം സ്വന്തമാക്കിയിരുന്നു. ഇന്നലെ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ ധവാന് പുറത്താവുകയും ചെയ്തു. തോംസണ്‍ എറിഞ്ഞ പന്തിന്റെ ദിശമനസ്സിലാക്കാതെ ബാറ്റ് വീശിയ ധവാനെ പോര്‍ട്ടര്‍ഫീല്‍ഡാണ് പിടികൂടിയത്. തുടര്‍ന്ന് വിരാട് കോഹ്ലിയും (42 പന്തില്‍ 44) അജിന്‍ക്യ രഹാനെയും (28 പന്തില്‍ 33) ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ആറ് ഓവറില്‍ 45 റണ്‍സ് വഴങ്ങി ഇന്ത്യയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് സ്റ്റുവര്‍ട്ട് തോംപ്സണാണ്.
സ്കോര്‍ ബോര്‍ഡ്
അയര്‍ലന്‍ഡ് ഇന്നിംഗ്സ്
പോര്‍ട്ടര്‍ഫീല്‍ഡ് സി ഉമേഷ് യാദവ് ബി മോഹിത് ശര്‍മ്മ 67, സ്റ്റിര്‍ലിംഗ് സി രഹാനെ ബി അശ്വിന് 42, എഡ് ജോയ്സ് ബി റെയ്ന 2, നീല്‍ ഒബ്രിയാന് സി ഉമേഷ് യാദവ് ബി മുഹമ്മദ് ഷാമി 75, ബാല്‍ബിര്‍നി സി മുഹമ്മദ് ഷാമി ബി അശവിന്‍ 24, കെവിന് ഒബ്രിയാന് സി ധോണി ബി ഷാമി 1, ഗാരി വില്‍സണ്‍ സി രഹാനെ ബി ജഡേജ 6, തോംപ്സണ് റണ്ണൗട്ട് 2, മൂണി നോട്ടൗട്ട് 12, ഡോക്ക്റെല്‍ സി ധോണി ബി ഉമേഷ് യാദവ് 6, കുസാക്ക് സി ഉമേഷ് യാദവ് ബി ഷാമി 11, എക്സ്ട്രാസ് 11, ആകെ 49 ഓവറില്‍ 259ന് എല്ലാവരും പുറത്ത്.
വിക്കറ്റ് വീഴ്ച: 1-89, 2-92, 3-145, 4-206, 5-208, 6-222, 7-226, 8-227, 9-238, 10-259.
ബൗളിംഗ്: ഉമേഷ് യാദവ് 4-0-34-1, മുഹമ്മദ് ഷാമി 9-0-41-3, മോഹിത് ശര്‍മ്മ 6-0-38-1, രവീന്ദ്ര ജഡേജ 7-0-45-1, ആര്. അശ്വിന് 10-1-38-2, സുരേഷ് റെയ്ന 10-0-40-1, രോഹിത് ശര്‍മ്മ 3-0-21-0.
ഇന്ത്യന്‍ ഇന്നിംഗ്സ്
രോഹിത് ശര്‍മ്മ ബി തോംസണ്‍ 64, ശിഖര്‍ ധവാന് സി പോര്‍ട്ടര്‍ഫീല്‍ഡ് ബി തോംസണ്‍ 100, വിരാട് കോഹ്ലി നോട്ടൗട്ട് 44, അജിന്‍ക്യ രഹാനെ നോട്ടൗട്ട് 33, എക്സ്ട്രാസ് 19, ആകെ 36.5 ഓവറില്‍ രണ്ട് വിക്കറ്റിന് 260.
വിക്കറ്റ് വീഴ്ച: 1-174, 2ന് 190.
ബൗളിംഗ്: മൂണി 6-0-44-0, കുസാക്ക് 8-0-43-0 തോംപ്സണ് 6-0-45-2, ഡോക്ക്റെല്‍ 5-0-44-0, സ്റ്റിര്‍ലിംഗ് 5-0-36-0, കെവിന് ഒബ്രിയാന് 6.5-0-42-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: