സിഡ്നി: ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ സിംഹളവീര്യം എരിഞ്ഞടങ്ങി. ലോകകപ്പ് ഏകദിന ക്രിക്കറ്റിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഒന്ന് പൊരുതാന്‍ പോലും കഴിയാതെ ശ്രീലങ്ക ദക്ഷിണാ്രഫിക്കക്ക് മുന്നില്‍ തകര്‍ന്നുതരിപ്പണമായത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 37.2 ഓവറില്‍ 133 റണ്‍സിന് ഓള്‍ഔട്ടായി. മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിംഗ്സില്‍ 45 റണ്‍സെടുത്ത സംഗക്കാരയാണ് ടോപ്സ്കോറര്‍. തിരിമന്നെ 41 റണ്‍സുമെടുത്തു. 19 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18 ഓവറില്‍ 134 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. പുറത്താകാതെ 78 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. വിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ശ്രീലങ്കക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ വിജയമാണിത്. ഈ ലോകകപ്പില്‍ സിക്സര്‍ പിറക്കാത്ത ആദ്യ മത്സരവുമാണിത്. ശ്രീലങ്കയുടെ ഏറ്റവും മികച്ച രണ്ട് താരങ്ങളായ സംഗക്കാരയും
നാല് വിക്കറ്റ് വീഴ്ത്തിയ ഇമ്രാന് താഹിറിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെ.പി. ഡുമ്നിയുടെയും തകര്‍പ്പന്‍ ബൗളിംഗാണ് ശ്രീലങ്കയെ ചെറിയ സ്കോറില്‍ ഒതുക്കിയത്. ഇന്നലത്തെ പ്രകടനത്തോടെ താഹിര്‍ വിക്കറ്റ് വേട്ടയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 7 കളികളില്‍ നിന്ന് 15 വിക്കറ്റുകളാണ് താഹിറിന്റെ ലോകകപ്പിലെ സമ്പാദ്യം. ഡുമ്നി ഹാട്രിക്കും നേടി. ഈ ലോകകപ്പിലെ രണ്ടാം ഹാട്രിക്കാണ് ഡുമ്നിയുടേത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിന്റെ സ്റ്റീഫന്‍ ഫിന് ആണ് ആദ്യ ഹാട്രിക്കിന് ഉടമ. ഇംമ്രാന്‍ താഹിറാണ് മാന്‍ ഓഫ് ദി മാച്ച്. ശ്രീലങ്കയ്ക്ക് വേണ്ടി തിരിന്ഡ കൗശല്‍ ഏകദിനത്തില്‍ അരങ്ങേറ്റം നടത്തി.
പരാജയത്തോടെ തുടര്‍ച്ചയായ നാലാം തവണയും സെമി കളിക്കാമെന്ന ലങ്കന്‍ സ്വപ്നം കൂടിയാണ് തകര്‍ന്നുവീണത്. ദക്ഷിണാഫ്രിക്കയുടെ നാലാം സെമിഫൈനലാണ് ഇത്തവണത്തേത്. 1992, 1999, 2007 വര്‍ഷങ്ങളിലാണ് അവര്‍ മുന്‍പ് അവസാന നാലില്‍ കളിച്ചിട്ടുള്ളത്.
പടിക്കല്‍ കലമുടയ്ക്കുന്നവരെന്ന ചീത്തപ്പേര് ഇത്തവണ മായ്ച്ചുകളയാനും ദക്ഷിണാഫ്രിക്കക്കായി. മുന്‍ ലോകകപ്പുകളില്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഹോട്ട് ഫേവറിറ്റുകളായിരുന്നെങ്കിലും ഒരിക്കല്‍ പോലും ലോക കിരീടത്തില്‍ മുത്തമിടാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത്തവണ അത് സാധിക്കണമെങ്കില്‍ ഇനിയുള്ള രണ്ട് കളികള്‍ ജയിച്ചാല്‍ മതി. സെമിഫൈനലും ഫൈനലും.
ഇന്നലെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു. സ്കോര്‍ബോര്‍ഡില്‍ നാല് റണ്‍സുള്ളപ്പോള്‍ രണ്ട് ഓപ്പണര്‍മാരെയും അവര്‍ക്ക് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത കുശല്‍ പെരേരയെ അബോട്ട് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലും 7 പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ദില്‍ഷനെ സ്റ്റെയിന് ഡുപ്ലെസിസിന്റെ കൈകളിലും എത്തിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സംഗക്കാരയും തിരിമന്നെയും ഒത്തുചേര്‍ന്നതോടെ ലങ്കന്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍വച്ചു. എന്നാല്‍ സ്കോര്‍ 69-ല്‍ എത്തിയപ്പോള്‍ 48 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത തിരിമന്നെയെ ഇംമ്രാന്‍ താഹിര്‍ സ്വന്തം പന്തില്‍ പിടികൂടിയതോടെ ശ്രീലങ്കന്‍ തകര്‍ച്ചയും തുടങ്ങി.
മൂന്നിന് 81 റണ്‍സ് എന്ന നിലയില്‍ നിന്ന് 52 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ശ്രീലങ്കക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്. തിരിമന്നെക്ക് പകരം ക്രീസിലെത്തിയ മഹേല ജയവര്‍ദ്ധനെക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സ്കോര്‍ ബോര്‍ഡില്‍ 81 റണ്‍സ് ആയപ്പോള്‍ നാല് റണ്‍സെടുത്ത ജയവര്‍ദ്ധനയെ ഇംമ്രാന്‍ താഹിര്‍ ഡുപ്ലെസിസിന്റെ കൈകളിലെത്തിച്ചു. അഞ്ചാം വിക്കറ്റില്‍ സംഗക്കാരയും ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും ചേര്‍ന്ന് സ്കോര്‍ 114-ല്‍ എത്തിച്ചു.
എന്നാല്‍ 19 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസിനെ 33-ാം ഓവറിലെ അവസാന പന്തില്‍ ജെ.പി. ഡുമ്നി ഡുപ്ലെസിസിന്റെ കൈകളിലെത്തിച്ചു. ഒരു ഓവറിന്റെ ഇടവേളക്കുശേഷം 35-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ ഒരു റണ്‍സെടുത്ത കുലശേഖരയെയും റണ്ണൊന്നുമെടുക്കാതിരുന്ന തരിന്‍ഡു കൗശലിനെയും മടക്കി ഡുമ്നി ഹാട്രിക്കും പൂര്‍ത്തിയാക്കി. സ്കോര്‍ 127-ല്‍ നില്‍ക്കേ ഒമ്പതാമനായി 96 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത സംഗക്കാരയെ മോര്‍ക്കലിന്റെ പന്തില്‍ മില്ലര്‍ പിടികൂടുകയും ചെയ്തു. അവസാന അഞ്ച് വിക്കറ്റുകള്‍ വെറും 19 റണ്‍സെടുക്കുന്നതിനിടെയാണ് ശ്രീലങ്ക വലിച്ചെറിഞ്ഞത്.
ഇംമ്രാന്‍ താഹിറിനും ജെ.പി. ഡുമ്നിക്കും പുറമെ അബോട്ട്, സ്റ്റെയിന്, മോര്‍ക്കല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.134 റണ്‍സിന്റെ ചെറിയ ലക്ഷ്യത്തെ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഹാഷിം ആംലയും ഡി കോക്കും നല്‍കിയത്. 6.4 ഓവറില്‍ സ്കോര്‍ 40 എത്തിയശേഷമാണ് ഇൗ കൂട്ടുകെട്ട് പിരിഞ്ഞത്. 16 റണ്‍സെടുത്ത ആംലയെ മലിംഗയുടെ പന്തില്‍ കുലശേഖര പിടികൂടി. തുടര്‍ന്ന് ഡുപ്ലെസിസിനെ കൂട്ടുപിടിച്ച് ക്വിന്റണ്‍ ഡി കോക്ക് 192 പന്തുകള്‍ ബാക്കിനില്‍ക്കേ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 57 പന്തുകള്‍ നേരിട്ട ഡി കോക്ക് 12 ബൗണ്ടറികളുമായി 78 റണ്‍സും ഡു പ്ലെസിസ് 21 റണ്‍സും നേടി പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: