മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ പാതപിന്തുടര്ന്ന് അഴിമതി രഹിത വികസനമാണ് മലപ്പുറത്തും എന്‍ഡിഎയുടെ ലക്ഷ്യമെന്ന് സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ശ്രീപ്രകാശ്. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഇരുമുന്നണികളെയും ജനങ്ങള്‍ തൂത്തെറിയും. എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ പ്രത്യക്ഷത്തിലും സിപിഎം പരോക്ഷമായും പിന്തുണ കൊടുക്കുന്ന ലീഗ് സ്ഥാനാര്‍ത്ഥിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും തമ്മിലുള്ള മത്സരമാണ് മലപ്പുറത്ത് നടക്കുന്നത്.
മോദി സര്‍ക്കാറിനെതിരെ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ ആരോപണങ്ങളൊന്നുമില്ലാത്തതിനാലാണ് മതതീവ്ര നിലപാടുള്ള കക്ഷിയാണ് ഫാസിസ്റ്റ് കക്ഷിയാണ് എന്നൊക്കെ ബിജെപിക്കെതിരെ ഇടതുപക്ഷവും യുഡിഎഫും ആരോപിക്കുന്നത്.
ബീഫ് നിരോധനത്തിന്റെ പേരില്‍ ബിജെപിക്കെതിരെ നടത്തുന്നത് വ്യാജ പ്രചരണമാണ്. ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ച് ചാവുന്നയുടെ ഇറച്ചി വില്‍പ്പന നടത്തിയ അനധികൃത കടകളാണ് പൂട്ടിച്ചത്. ഇഷ്ടഭക്ഷണം കഴിക്കുന്നതിന് പാര്‍ട്ടി എതിരല്ല. വിജയിച്ചാല്‍ ഇവിടെയും നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ബീഫ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവധ നിരോധനം ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും നിരോധനമുണ്ട്. ഒരു വിഭാഗക്കാര്‍ ദൈവമായി കാണുന്നതിനാലാണ് ഈ നിരോധം. മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശത്ത് നിന്നാണ് 73 ബി ജെ പി സ്ഥാനാര്‍ഥികള്‍ യു പിയില്‍ വിജയിച്ചത്. ദാദ്രിയിലും ഫൈസാബാദിലും പാര്‍ട്ടിക്കായിരുന്നു ജയം.
മുത്തലാക്കിനെതിരെ നിലപാടെടുക്കുന്നത് മുസ്ലിം സഹോദരിമാര്‍ക്കുവേണ്ടിയാണ്. ജയിച്ചാല്‍ ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. പ്രചരണത്തിനിടയില്‍ വിദ്യാര്‍ഥിനികളോട് സംസാരിക്കുമ്പോള്‍ അവര്‍ തനിക്ക് നല്കുന്ന പിന്തുണ തന്നെയാണ് ഇതിനെതിരെയുള്ള വികാരത്തിന്റെ ഉദാഹരണം.
ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട് കഴിഞ്ഞ തവണത്തേതിന്റെ ആറിരട്ടി വോട്ട് പിടിക്കാന്‍ കഴിയും. മോദിയുടെ വികസനം ജനങ്ങള്‍ സ്വീകരിച്ചതും ബിജെപിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറിയതും അനുകൂലമാവും. മുന്‍പ് മണ്ഡലത്തെ പ്രതിനിധീകരിച്ച ലീഗ്, സിപിഎം ജനപ്രതിനിധികള്‍ക്ക് മണ്ഡലത്തിന്റെ വികസനത്തിന് ഒന്നും ചെയ്യാനായില്ലെന്നത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ മുദ്രവായ്്പ പോലുള്ള വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേരളത്തിലെ എം പിമാര്‍ തയ്യാറാവുന്നില്ല. ബിജെപിക്ക് ഗുണം ചെയ്യുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ മുടക്കുന്നത്.
വിജയിച്ചാല്‍ മലപ്പുറത്തിന്റെ വികസന ആവശ്യം പാര്‍ലിമെന്റില്‍ ഉന്നയിക്കും. കുടിവെള്ളം, റോഡ് വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. എയിംസ് മാതൃകയില്‍ കാന്‍സര്‍, വൃക്കരോഗ ചികിത്സക്ക് പ്രാധാന്യം നല്‍ുന്ന ആശുപത്രി മണ്ഡലത്തില്‍ സ്ഥാപിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: