പന്തളം: ശബരിമല തീര്‍ത്ഥാടനകാലത്ത് ആരംഭിച്ച ശബരിമല റോഡിലെ കുളനട-ആറന്മുള ഭാഗത്തെ നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ ഇഴഞ്ഞു നീങ്ങുന്നു. തുടക്കത്തില്‍ത്തന്നെ വിവാദത്തിലായിരുന്ന ഈ റോഡിന്റെ ടാറിംഗ് പൂര്‍ത്തിയായിട്ടുണ്ട്. അപകടകരമായ വളവുകളും മറ്റുമുള്ള ഇവിടെ പലയിടങ്ങളിലും സംരക്ഷണ ഭിത്തിയുടെ പണിപൂര്‍ത്തിയായിട്ടില്ല. മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. കുളനട ക്ഷേത്രം മുതല്‍ അഞ്ചു കിലോമീറ്ററിലെ പണിയാണ് തുടങ്ങിയതെങ്കിലും ഇത് ആറന്മുള വരെ നീട്ടുവാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. ബിനു പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കുന്ന നവംബര്‍ 15ന് ഒരു ദിവസം മുമ്പ് റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ റോഡ് അടച്ചത് വിവാദമായിരുന്നു. കാല്‍നടയാത്രക്കാര്‍ക്കുപോലും പോകാന്‍ കഴിയാത്തവിധം റോഡ് ഇളക്കിയിട്ടിരുന്നു. ഇത് രാജു എബ്രഹാം എംഎല്‍എ പൊതുമരാമത്തുവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും, മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അടുത്തദിവസം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയറും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ഉടന്‍തന്നെ ആദ്യഘട്ടം ടാറിംഗ് പൂര്‍ത്തിയാക്കി റോഡ് തുറന്നുകൊടുക്കുകയുമായിരുന്നു.
പണികള്‍ പൂര്‍ത്തിയായ ഭാഗത്ത് വൈദ്യുതി തൂണുകള്‍ ഇപ്പോഴും അപകടകരമായ തരത്തില്‍ റോഡിന്റെ നടുക്കുതന്നെയാണ് നില്‍ക്കുന്നത്. ഇത് വശങ്ങളിലേക്കു മാറ്റിയിടാന്‍ വൈദ്യുതി വകുപ്പ് ഇതുവരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ല. വീതി കുറഞ്ഞ റോഡിന്റെ ഉള്ളന്നൂര്‍ ഭാഗത്ത് വയലിന്റെ അരികിലുള്ള സംരക്ഷണഭിത്തി തകര്‍ന്നുകിടക്കുന്നത് കെട്ടുന്ന ജോലിയും പൂര്‍ത്തീകരിക്കാനായിട്ടില്ല. താഴ്ച്ചയുള്ള പ്രദേശങ്ങള്‍ ഉയര്‍ത്തലും വശങ്ങള് കെട്ടലും പണിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വ്വെയര്‍ എത്തി റോഡ് അളന്നപ്പോള്‍ പല സ്ഥലങ്ങളിലായി കൈയ്യേറ്റവും കണ്ടെത്തിയിട്ടുണ്ട്. കുളനട വില്ലേജോഫീസിന് മുന്‍വശം ഓടയ്ക്കായി എടുത്ത സ്ഥലം നികത്തി അവിടെ വെള്ളം ഒഴുകിപ്പോകാനായി ടൈല്‍സ് നിരത്താനുള്ള പദ്ധതിയും റോഡുപണിക്കൊപ്പം പൂര്‍ത്തിയാക്കും. കുളനട മുതല്‍ 5.7 കിലോമീറ്റര്‍ റോഡാണ് അഞ്ചുകോടി രൂപാ ചെലവില്‍ ബി.എം.ആന്റ് ബി.സി. ടാറിംഗും അനുബന്ധ പണികളും നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: