കഞ്ചിക്കോട്:സംസ്ഥാനത്ത് കൃഷി കുറഞ്ഞെങ്കിലും ജില്ലയില്‍ നിന്ന് മണ്ണ് കടത്ത് ഒരു നിയന്ത്രണവുമില്ലാതെ തുടരുകയാണ്. മണ്ണ് കടത്തിന് കടുത്ത ശിക്ഷയില്ലാത്തതാണ് കാരണം.
പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് പരമാവധി 25000 രൂപവരെയാണ് പിഴ ഈടാക്കുന്നത്. മാത്രമല്ല അറസ്റ്റിലായവര്‍ പെട്ടെന്നു തന്നെ ജാമ്യത്തിലിറങ്ങുകയും ചെയ്യും. മണ്ണ് ഖനനത്തിന് അതാതു ജില്ലകളിലെ ജിയോളജിവകുപ്പിന്റെയും വില്ലേജ് അധികൃതരുടെയും അനുമതിപത്രം വേണം. എന്നാല്‍ ഇത്തരം രേഖകള്‍ ആരും എടുക്കാറില്ലെന്ന് ബന്ധപ്പെട്ടവരുടെ കണക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്.
ഇടക്കാലത്ത് വാളയാറില്‍ നിന്നും 26 ലോഡ് മണ്ണ് കടത്തുന്നതിനിടെ പിടിച്ചത് തെളിയിക്കുന്നതും ഇതുതന്നെയാണ്. ഒറ്റ രാത്രി കൊണ്ടാണ് പരമാവധി ഇത്രയും മണ്ണ് മാഫിയകള്‍ അനധികൃതമായി കടത്താന്‍ തുനിഞ്ഞത്. പ്രദേശത്തു നിന്ന് കൃഷിക്കനുയോജ്യമായ മേല്‍മണ്ണാണ് വ്യാപകമായി വാഹനങ്ങളില്‍ കടത്തികൊണ്ടു പോകുന്നത്. ഇത്തരം വാഹനങ്ങള്‍ പോലീസിന്റെ കണ്ണില്‍ പെട്ടാല്‍ മാത്രമാണ് നിയമനടപടികള്‍ ഉണ്ടാകുന്നത്.
മണ്ണ് കടത്തുക്കാര്ക്കു പിന്നിലെ സാമ്പത്തിക രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഇവര്‍ നിഷ്പ്രയാസം തലയൂരുന്നതും പതിവാണ്. അനുമതിയില്ലാത്ത ഇഷ്ടികകളങ്ങളുടെ പ്രവര്‍ത്തനം ഒരു നിയന്ത്രണവുമില്ലാതെ ജില്ലയില്‍ തുടരുകയാണ്. ഇടയ്ക്കിടയ്ക്കെ കലക്ടറുടെയും വില്ലേജ് അധികൃതരുടെയും മിന്നല്‍ പരിശോധനകളില്‍ ഇത്തരം അനധികൃത ഇഷ്ടിക കളങ്ങള്‍ കണ്ടെത്തുകയും ഇവയില്‍ നിര്‍മ്മിച്ച ലക്ഷകണക്കിന് ഇഷ്ടികകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്യുന്നു.
ജില്ലയില്‍ നിന്നും അനധികൃതമായി കടത്തുന്ന ലോഡുകണക്കിന് മണ്ണുകള്‍ അയല്‍ജില്ലകളായ തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. വ്യാപകമായി മണ്ണുകുഴിച്ചെടുത്ത പ്രദേശങ്ങളാകട്ടെ ഇപ്പോള്‍ ഇഷ്ടിക ചൂളകളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചൂളകളും വ്യാപകമായുള്ള മണ്ണെടുപ്പും അവശേഷിക്കുന്ന തരിശുനിലം പ്രദേശങ്ങളില്‍ പൊതുവെയുള്ള ജലക്ഷാമവും രൂക്ഷമാവുകയാണ്. എന്നാല്‍ നടപടിയെടുക്കേണ്ട റവന്യൂ അധികൃതരുടെ ഭാഗത്തു നിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: