മായാവതിയുടെ അറുപത്തി ഒന്നാം പിറന്നാളായിരുന്നു ഈ മാസം 15ന്. ആര്‍ഭാടവും ധൂര്‍ത്തും നിറഞ്ഞ പതിവ് ആഘോഷ പരിപാടികള്‍ക്ക് അവധി നല്കിയ മായാവതി ഇത്തവണ ജന്മദിനത്തില് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ സമയം കണ്ടെത്തി. തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി) ഒറ്റക്ക് മത്സരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ഒറ്റക്ക് നില്ക്കാന് തീരുമാനിച്ചത് അമിത ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലല്ല, കൂട്ടുകൂടാന്‍ ആളില്ലാത്തതിനാലാണ്. ഭാവി ഇന്ത്യയുടെ നേതാവെന്ന് വാഴ്ത്തപ്പെട്ടിരുന്ന ബഹന്‍ജി ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ വഴികളില്‍ ഒറ്റപ്പെട്ടിരിക്കുന്നു. കെട്ടിവച്ച കാശുകിട്ടാത്ത ഇടതുപക്ഷത്തിനെ കൂടെക്കൂട്ടാമെങ്കിലും ആത്മഹത്യാപരമാണെന്ന് മായാവതിക്കറിയാം.
ജനാധിപത്യത്തിലെ അത്ഭുതമെന്ന് മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു വിശേഷിപ്പിച്ച മായാവതിക്ക് അതേ ജനാധിപത്യം തുടര്‍ച്ചയായ തോല്‍വികളിലൂടെ പ്രഹരമേല്‍പ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു തെരഞ്ഞെടുപ്പ്. നാല് തവണ മുഖ്യമന്ത്രിയായ മായാവതിക്ക് വിശേഷണങ്ങള്‍ ഏറെയായിരുന്നു. രാജ്യത്തെ ആദ്യ ദളിത് വനിതാ മുഖ്യമന്ത്രിയും യുപിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയുമായ മായാവതിയെ ഇന്ത്യയുടെ ഒബാമയെന്നും ഭാവി പ്രധാനമന്ത്രിയെന്നും ന്യൂസ് വീക്ക് മാഗസിന് പ്രശംസിച്ചു. ഫോബ്സിന്റെ ശക്തരായ ലോക വനിതാ നേതാക്കളുടെ പട്ടികയില്‍ അവര്‍ ഇടംനേടി. അടിച്ചമര്‍ത്തപ്പെട്ട ദളിത് വിഭാഗത്തിന്റെ അധികാര രാഷ്ട്രീയത്തിലേക്കുള്ള കുതിപ്പായി മായാവതിയുടെ വിജയം വിലയിരുത്തപ്പെട്ടു. മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട ദളിത് സ്വത്വത്തെ അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് വലിച്ചുകയറ്റിയപ്പോള്‍ അടിസ്ഥാന വര്‍ഗ്ഗത്തിലെ ചിലരെങ്കിലും ആശയും പ്രതീക്ഷയുമായി കൂടെക്കൂടി. അനുയായികള്‍ക്ക് അവര്‍ ബഹന്‍ജി (സഹോദരി) യായി. ബിഎസ്പിയെ ദളിത് വിഭാഗത്തിന്റെ മാത്രം പാര്‍ട്ടിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഇതേ മായാവതി പിറന്നാള്‍ ദിനത്തില്‍ മാധ്യമങ്ങളോട് വിലപിച്ചു!
2007ല്‍ കേവല ഭൂരിപക്ഷത്തോടെയാണ് ജനങ്ങള്‍ മായാവതിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത്. 1989ന് ശേഷം ആദ്യമായാണ് യുപിയില്‍ ഒരു പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചത്. സമാജ്വാദി പാര്‍ട്ടിയുടെ ഗുണ്ടാഭരണമാണ് ബിഎസ്പിയെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതെങ്കിലും മിന്നുന്ന വിജയത്തിന് പിന്നില്‍ ജാതി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളും നിര്‍ണായകമായിരുന്നു. അടിസ്ഥാന ജനതയുടെ വിമോചന നായകന് അംബേദ്കറിന്റെ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായാണ് 1984ല്‍ കാന്‍ഷിറാം ബിഎസ്പി സ്ഥാപിച്ചത്. ദളിത് വിഭാഗത്തിന്റെ പിന്നോക്കാവസ്ഥക്ക് രാഷ്ട്രീയ അധികാരത്തിലൂടെ പരിഹാരം കാണാനാകുമെന്ന് കാന്‍ഷിറാം സ്വപ്നം കണ്ടു. ഭരണത്തിലെത്താന്‍ ദളിത് വോട്ടുകള്‍ മാത്രം പോരെന്ന് മായാവതിയുടെ കാലത്ത് പാര്‍ട്ടി തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് ജാതി രാഷ്ട്രീയത്തിന്റെയും മതപ്രീണനത്തിന്റെയും ചെളിക്കുണ്ടിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു മായാവതി. ദളിതരുടെ പാര്‍ട്ടിയില്‍ നിന്ന് സര്‍വ്വജനങ്ങളുടെയും പാര്‍ട്ടിയാകാന്‍ വെമ്പല്‍ കൊണ്ടു. ഇതിന് എല്ലാ ജാതി മത ശക്തികളെയും കൂട്ടുപിടിച്ചു. ബിഎസ്പിയുടെ രാഷ്ട്രീയമെന്നാല്‍ അശ്ലീലമായ ജാതിസമവാക്യം മാത്രമായി. മുന്നോക്കാരെയും പിന്നോക്കക്കാരെയും മുസ്ലിങ്ങളെയും ഒരുപോലെ പ്രീണിപ്പിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ ഭരണത്തിനെതിരെ പൊതുവികാരം ശക്തമായതിനാല്‍ അധികാരത്തോടൊപ്പം നില്ക്കാന് താത്പര്യപ്പെടുന്ന സാമുദായിക ശക്തികള്‍ മായാവതിക്ക് വോട്ടുചെയ്തു.
ഭരണത്തിലെത്തിയപ്പോള്‍ സര്‍വ്വജന മുദ്രാവാക്യത്തിന് അടിതെറ്റി. മുന്നോക്കക്കാരെ പ്രീണിപ്പിക്കാന്‍ പട്ടികജാതി വര്‍ഗ്ഗ പീഡന നിരോധന നിയത്തില്‍ വെള്ളം ചേര്‍ത്തു. ഇത് വന്‍ വിവാദമാവുകയും ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. പരമ്പരാഗത വോട്ടുബാങ്കായിരുന്ന ദളിതുകള്‍ മായാവതിക്കെതിരെ തിരിഞ്ഞു. രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനവിഭാഗത്തിന്റെ വക്താവായെത്തിയ മായാവതി അധികാരത്തിന്റെ സുഖലോലുപതയില്‍ ആര്‍ഭാടത്തിന്റെയും അഴിമതിയുടെയും ബ്രാന്റ് അംബാസഡറായി. ജനങ്ങളെ സേവിക്കുന്നതിനാണ് വിവാഹവും കുടുംബജീവിതവും ഉപേക്ഷിച്ചതെന്ന് മായാവതി പറയാറുണ്ട്.
അപ്പോഴും അഴിമതിക്കും സ്വജനപക്ഷപാതത്തിനും കുറവുണ്ടായില്ല. നോട്ടുമാലകള്‍ അവര്‍ക്ക് ലഹരിയായി. അംബേദ്കറിന്റെ ഛായാചിത്രത്തിന് മുന്നില്‍ അഞ്ച് കോടി രൂപയുടെ കൂറ്റന്‍ നോട്ട് മാലയണിഞ്ഞ് മായാവതി പ്രത്യക്ഷപ്പെട്ടപ്പോള്‍ പ്രവര്‍ത്തകരും അമ്പരന്നു. കള്ളപ്പണമാണെന്ന് ആക്ഷേപമുയര്‍ന്നു. 2007-08 കാലത്ത് 26.26 കോടി രൂപയാണ് മായാവതി ആദായനികുതി അടച്ചത്. ഇതിനിടെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ആരോപണങ്ങള്‍ ഉയര്‍ന്നു. വിവാദമായ താജ് പൈതൃക ഇടനാഴിയില്‍ അഴിമതി നടന്നതായും മായാവതിയെ വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവുണ്ടെന്നും അന്നത്തെ ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്കി. സിബിഐ മായാവതിയുടെ വസതി റെയ്ഡ് ചെയ്തപ്പോള്‍ അനധികൃത സമ്പാദനത്തിന്റെ തെളിവുകള്‍ പുറത്തുവന്നു. നാടുനീളെ പാര്‍ട്ടി ചിഹ്നമായ ആനയുടെയും ദളിത് നേതാക്കളുടെയും പ്രതിമകള്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ചതും വിമര്‍ശിക്കപ്പെട്ടു.
മുഖ്യമന്ത്രിയാകുന്ന പല പ്രാദേശിക നേതാക്കള്‍ക്കുള്ള അസുഖം മായാവതിക്കുമുണ്ടായിരുന്നു. ഇന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതയെപ്പോലെ, ഉത്തര്‍ പ്രദേശിലിരുന്ന് അവര്‍ പ്രധാനമന്ത്രി പദം സ്വപ്നം കണ്ടു. നാഗാലാന്റിലെ കൊഹിമയില്‍ വരെ റാലി സംഘടിപ്പിച്ചു. രാജ്യമൊട്ടാകെ പാര്‍ട്ടി വ്യാപിപ്പിക്കാന്‍ ശ്രമം നടത്തി. ഇതിനിടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് തടയാനായില്ല. പ്രധാനമന്ത്രി പദം ദിവാസ്വപ്നമെന്ന് തിരിച്ചറിയാന്‍ അധികനാള്‍ വേണ്ടി വന്നില്ല. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ തുടക്കമായി. ഇരുപത് സീറ്റ് മാത്രമാണ് ബിഎസ്പിക്ക് ലഭിച്ചത്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണവും നഷ്ടപ്പെട്ടു. മോദി തരംഗം ആഞ്ഞടിച്ച 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി മായാവതിയെ ഞെട്ടിച്ചു. 80 സീറ്റിലും മത്സരിച്ച ബിഎസ്പിക്ക് ഒരിടത്തും ജയിക്കാനായില്ല.
തുടര്‍ച്ചയായ തോല്‍വികളുടെ ക്ഷീണത്തിനിടെയാണ് മറ്റൊരു തെരഞ്ഞെടുപ്പ്. നിങ്ങള്‍ ഗുണ്ടകള്‍ക്കാണോ ആനക്കാണോ വോട്ടുചെയ്യുകയെന്നായിരുന്നു 2012ല്‍ മായാവതി ചോദിച്ചത്. അഞ്ച് വര്‍ഷത്തെ അഖിലേഷിന്റെ അരാജക ഭരണം ചോദ്യം ആവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നുണ്ട്. എന്നാല്‍ മായാവതിയെക്കുറിച്ച് ഉത്തര്‍ പ്രദേശ് ഇപ്പോള്‍ സംസാരിക്കുന്നില്ല. അഖിലേഷിന്റെ ഗുണ്ടാഭരണത്തിന് പകരം മായാവതിയുടെ അഴിമതി ഭരണം അവര്‍ ആഗ്രഹിക്കുന്നില്ല. മോദിയും അഖിലേഷുമായാണ് മത്സരം. മുന്നോക്ക ജാതിക്കാര്‍ക്കും മുസ്ലിങ്ങള്‍ക്കും ഇപ്പോള്‍ മായാവതിയെ വേണ്ട. പാര്‍ട്ടി എല്ലാവരുടേതുമാണെന്ന് വരുത്തിത്തീര്‍ത്തപ്പോള്‍ ദളിത് വിഭാഗവും അകന്നു. എസ്പിയെ ചെറുക്കാന്‍ ഇന്നിപ്പോള്‍ ബിജെപിയുമുണ്ട്.
തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് മുസ്ലിങ്ങളെയാണ് മായാവതി കുറ്റപ്പെടുത്തിയത്. രണ്ട് തവണ ബിജെപി പിന്തുണയോടെ മായാവതി മുഖ്യമന്ത്രിയായത് തീവ്രമുസ്ലിം മത നേതാക്കളെ അകറ്റി. സാമുദായിക സമവാക്യമാണ് ഇത്തവണയും ബിഎസ്പിയുടെ തുറുപ്പുചീട്ട്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലിങ്ങള്‍ക്ക് പതിവിലേറെ പ്രാധാന്യം നല്കി. 19 ശതമാനം മുസ്ലിം വോട്ടുള്ള സംസ്ഥാനത്ത് 24 ശതമാനം സീറ്റുകള്‍ അവര്‍ക്ക് നല്കി. 97 സീറ്റുകളില്‍ മുസ്ലിങ്ങള്‍ മത്സരിക്കും. അയോധ്യയില്‍ മത്സരിപ്പിക്കുന്നത് മുസ്ലിം സ്ഥാനാര്‍ത്ഥിയെ. കലാപ ബാധിത പ്രദേശങ്ങളിലും മുസ്ലിങ്ങളെ സ്ഥാനാര്‍ത്ഥിയാക്കി. മുസ്ലിം മതവികാരത്തിനൊപ്പമാണ് ബിഎസ്പിയെന്ന് സ്ഥാപിക്കാനുള്ള ശ്രമം. പിന്നാക്കവിഭാഗങ്ങളെ 87 സീറ്റിലൊതുക്കി. ഇതില്‍ ഭൂരിഭാഗവും സംവരണ മണ്ഡലങ്ങളാണ്. ബ്രാഹ്മണര്‍ക്ക് 66ഉം താക്കൂര്‍ വിഭാഗത്തിന് 36ഉം സീറ്റുകള്‍ നല്കി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നോട്ട് റദ്ദാക്കലിന് മുന്‍പ് ആറ് വലിയ റാലികളാണ് മായാവതി നടത്തിയത്. പിന്നീട് നിശബ്ദമായി. നോട്ട് റദ്ദാക്കല്‍ പാര്‍ട്ടിയുടെ സാമ്പത്തിക അടിത്തറ തകര്‍ത്തു. നോട്ട് റദ്ദാക്കലിന് ശേഷം പാര്‍ട്ടിയുടെയും സഹോദരന്റെയും അക്കൗണ്ടിലെത്തിയ നൂറ് കോടിയിലേറെ രൂപയുടെ നിക്ഷേപം പുറത്തറിഞ്ഞതും ക്ഷീണമായി. കള്ളപ്പണ പാര്‍ട്ടിയെന്ന് മോദി ബിഎസ്പിയെ കടന്നാക്രമിച്ചു. ഏഴ് വര്‍ഷത്തിനിടെ സഹോദരന് അനന്ദ് കുമാറിന്റെ സമ്പത്ത് ഏഴരക്കോടി രൂപയില്‍ നിന്ന് 1316 കോടിയായി വര്‍ദ്ധിച്ചതായാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എതിര്‍പ്പുകളില്ലാതെ അനായാസമായിരുന്നു പാര്‍ട്ടിയില്‍ മായാവതിയുടെ വളര്‍ച്ച. വേണ്ടുവോളം അവസരങ്ങള്‍ ജനങ്ങളും നല്കി. ഇനിയൊരു അബദ്ധത്തിന് ഉത്തര്‍ പ്രദേശ് ഒരുക്കമല്ലെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ ചിത്രം നല്കുന്ന മുന്നറിയിപ്പ്. (അടുത്തത് : മോദിയുടെ മുന്നേറ്റത്തില്‍ അപ്രസക്തമാകുന്ന എസ്പി-കോണ്‍ഗ്രസ് സഖ്യം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: