ഒലവക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുമ്പോഴും ബദല്‍ സംവിധാനമൊരുക്കാതെ സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണ്. രണ്ടാഴ്ചയായി നിലനില്‍ക്കുന്ന വിലക്കയറ്റം സംസ്ഥാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ കൃഷി നാശം മുതലെടുത്താണ് മൊത്ത വിതരണക്കാര്‍ വില വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് ചെറുകിടക്കാര്‍ ആരോപിക്കുന്നു. കിലോയ്ക്ക് 10രൂപയായിരുന്ന വെള്ളരിക്കയ്ക്ക് 90 രൂപയാണ് കമ്പോളവില. മുരിങ്ങയ്ക്ക കിലോയ്ക്ക് 15-ല്‍ നിന്ന് 160 ലേക്കും അമരയ്ക്ക 10ല്‍ നിന്ന് 60രൂപയിലേക്കും ഉയര്‍ന്നു. കത്തിരിക്ക 20 രൂപയായിരുന്നത് രണ്ടാഴ്ചയായി 80 രൂപയാണ്. പച്ചമുളക് കിലോയ്ക്ക് 10 രൂപയായിരുന്നു ജനുവരി ആദ്യവാരത്തെ വിലയെന്നാല് ഇപ്പോഴത് 80 രൂപയായി. കാബേജ്,പയര്‍,വെണ്ടയ്ക്ക,ഏത്തക്കായ്,ബീറ്റ്റൂട്ട്,തക്കാളി, പടവലം തുടങ്ങി പച്ചക്കറികള്‍ക്കെല്ലാം 50 മുതല്‍ 100 രൂപവരെയാണ് വിലവര്‍ധന.
തമിഴ്നാട്ടിലെ കമ്പോളങ്ങളുടെ നിയന്ത്രണം ഇടനിലക്കാര്‍ ഏറ്റെടുത്തതോടെയാണ് കേരളത്തില്‍ പച്ചക്കറികള്‍ക്ക് കൃത്രിമ ക്ഷാമവും വിലക്കയറ്റവും രൂക്ഷമായതെന്ന് പറയുന്നു.
അന്യസംസ്ഥാനത്തു നിന്നുള്ള പച്ചക്കറികള്‍ക്ക് കേരളത്തില്‍ ആവശ്യക്കാര്‍ കുറയുന്നുവെന്ന് കണ്ടതോടെ വില കുറയ്ക്കാനും സാധനങ്ങള്‍ യഥേഷ്ടം എത്തിക്കുവാനും വിതരണക്കാര്‍ തയ്യാറായിരുന്നു. തമിഴ്നാട്ടില്‍ നിന്ന്വീണ്ടും കുറഞ്ഞ വിലയ്ക്ക് പച്ചക്കറി എത്തി തുടങ്ങിയതോടെ അടുക്കളതോട്ടവും ജൈവകൃഷിയും കേരളീയര്‍ ഉപേക്ഷിച്ചു.എന്നാല്‍ വീണ്ടും പച്ചക്കറി വിലകുത്തനെ കൂടിയിരിക്കുകയാണ്.
ചെറുകിട വ്യാപാരികളെ അകറ്റിനിര്‍ത്തി ഇടനിലക്കാരും മൊത്ത വ്യാപാരികളുമാണ് ഈ കമ്പോളങ്ങളിലെ വില്‍പ്പന നിയന്ത്രിക്കുന്നതും വില നിശ്ചയിക്കുന്നതും.
പച്ചക്കറികളുടെ സംഭരണം ഇവര്‍ മുഖേന ആയതിനാല്‍ വിലക്കയറ്റവും കൃത്രിക്ഷാമവും സ്വാഭാവികം മാത്രമായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: