കൊച്ചി: കണ്ണൂരിലെ ധര്‍മ്മടത്ത് സിപിഎം കൊലപ്പെടുത്തിയ സന്തോഷ്കുമാറിന്റെ മകളുടെ ആത്മഗതമെന്നപോലെ വന്ന കവിത സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടുന്നു. പതിനായിരങ്ങള്‍ കവിത വായിച്ചതായി കണക്കാക്കപ്പെടുന്നു.
മകള്‍ വിസ്മയയുടെ ചോദ്യങ്ങളായി, മനോജ് മനയില്‍ രചിച്ചതാണ് ചെറു കവിത, വിസ്മയയുടെ കത്ത്. നടന് ജോയ് മാത്യു കവിത സാമൂഹ്യമാദ്ധ്യമത്തില്‍ പങ്കുവെച്ച് എഴുതുന്നു, രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏത് പാര്ട്ടിക്കാരന് ചെയ്താലും നീചമാണെന്നേ ഞാന്‍ പറയൂ… സഖാവ് എന്ന പൈങ്കിളിക്കവിത സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിക്കാന്‍ തിടുക്കം കൂട്ടിയവര്‍ അതേ തിടുക്കത്തില്‍ അച്ഛന് നഷ്ടപ്പെട്ട ഈ മകളുടെ കണ്ണീര് കവിതയും പ്രചരിപ്പിക്കണം എന്നപേക്ഷിക്കട്ടെ..
ആറാട്ടുപുഴ ഹക്കിം ഖാന് കവിത പാടിയ വീഡിയോയും പ്രചാരത്തിലുണ്ട്. ഖാന്റെ കുറിപ്പ.്…..
ഇന്നീ കവിത ചൊല്ലിച്ചൊല്ലി കരള്‍ മുറിഞ്ഞ്, ജീവന് വെടിയാറായ ഒരു വൃദ്ധനാണ് ഞാന്‍…തലയറ്റു വീഴുന്ന ഓരോ വീട്ടില്‍ നിന്നും ഭവിസ്മയമാര് ഈ പാട്ട് പാടുന്നുണ്ട് എന്ന് നാം അറിയണം
ഒന്ന് കണ്ണ് നിറയട്ടെ….
ഒന്ന് കരള്‍ നോവട്ടെ…
കവിത ഇങ്ങനെ:
കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?
കൊന്നുവോ നിങ്ങളെന്‍ സ്നേഹഗന്ധത്തിനെ,
കൊന്നുവോ നിങ്ങളെന്‍ ജീവിതത്തൂണിനെ?
കൊന്നുവോ, കൈവിരല്‍ ചേര്‍ത്തു പിടിച്ചെന്നെ
പിച്ച നടത്തിയ നേരാം നിലാവിനെ?
കൊന്നുവോ, ജീവിതത്തിന്റെയില്ലായ്മയില്‍
പോലും നിറഞ്ഞു തുളുമ്പിയോരച്ഛനെ?
കൊന്നുവോ, മുന്നിലെ ജീവിതപ്പാതയില്‍
കൊന്നപോല്‍ പൂത്തു നില്‍ക്കേണ്ടൊരെന്‍ കനവിനെ?
കൊന്നുവോ, പെണ്ണായ് പിറന്നോരെന്‍ മുഗ്ദ്ധമാം
മോഹങ്ങള്‍ നെഞ്ചേറ്റി നിന്ന മാനത്തിനെ?
കൊന്നുവോ നിങ്ങളെന്നന്തരംഗത്തിനെ,
യുള്ളിലെപ്പച്ചയെ,ത്താരാട്ടു പാട്ടിനെ,
ആത്മാവിനുള്ളിലെയാത്മസൗധങ്ങളെ,
നാളേയ്ക്ക്, നീളേണ്ടൊരെന്‍ വഴിക്കണ്ണിനെ?
കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍
എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?
ജനം ടിവിയുടെ പ്രോഗ്രാം ഹെഡാണ് കോഴിക്കോട് സ്വദേശി മനോജ് മനയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: