മട്ടന്നൂര്‍: വീരമൃത്യുവരിച്ച ജവാന്റെ മാതാവ് ദുരിതജീവിതം നയിക്കുന്നത് കേരളത്തിലെ മുഖ്യമന്ത്രി കേട്ടില്ലെന്ന് നടിക്കരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതി മദനിയെ കെട്ടിപ്പിടിച്ച പിണറായി വിജയന് ഇത് കേള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന് നായിക്ക് രതീഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനികന് രാജ്യദ്രോഹികളുടെ വെടിയേറ്റു വീരചരമം പ്രാപിച്ചിട്ട് ഒരു മാസത്തിലധികമായി. അദ്ദേഹത്തിന്റെ മാതാവ് ആഹാരമില്ലാതെ കഴിയുന്നത് അത്യന്തം വേദനയുണ്ടാക്കുന്നതാണ്. ഒരു ചില്ലിക്കാശിന്റെ ധനസഹായം പൊലും സംസ്ഥാന സര്‍ക്കാര്‍ ഈ അമ്മക്ക് നാളിതുവരെ നല്‍കിയില്ല. ഇവര്‍ അപേക്ഷിച്ച വിധവാപെന്‍ഷനുള്ള അപേക്ഷ പോലും നിരസിക്കുകയായിരുന്നു. ഇതാണോ എല്ലാംശരിയാക്കലെന്ന് കുമ്മനം ചോദിച്ചു.
മുഖ്യമന്ത്രിയും മുന്‍മുഖ്യമന്ത്രിയും ഇടതുവലതുനേതാക്കളും ഇൗ വീട്ടില്‍ വന്നു. അവര്‍ക്കുള്ളത് രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്. ഉമ്മന്‍ചാണ്ടി വന്നു. ഒന്നും കൊടുത്തില്ല. മുഖ്യമന്ത്രി വന്നത് പാര്‍ട്ടി സംസ്ഥാനസെക്രട്ടറിക്കൊപ്പമാണ്. സ്ഥലം എംഎല്‍എ ഇതുവരെ ആ വീടിന്റെ പടി ചവിട്ടിയില്ലന്നാണറിയുന്നത്. ഇത് ലജ്ജാകരവും അപലപനീയവുമാണ്. വീരസൈനികന് അര്‍ഹമായതെല്ലാം നല്‍കുന്നതിന് വേണ്ടി ഉടന്‍ നടപടിയെടുക്കുമെന്ന് കുമ്മനം പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ അധികം വൈകാതെ നടപടിയെടുക്കും. ഈ മാതാവിന്റെ ആവശ്യമെന്തെന്നറിഞ്ഞുള്ള സഹായം ബിജെപി ഏറ്റെടുക്കും. ബിജെപിയുടെ ജില്ലാ നേതൃത്വം ഇതിനുള്ള സൗകര്യമൊരുക്കുമെന്നും-അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് പി.സത്യപ്രകാശന്‍, സെക്രട്ടറി എന്‍. ഹരിദാസ്, സംസ്ഥാനകമ്മിറ്റിയംഗം വി.വി.ചന്ദ്രന്, വിജയന്‍വട്ടിപ്രം, രാജന് പുതുക്കുടി, വി.ചെന്താമരാക്ഷന് എന്നിവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു. ജവാന് രതീഷിന്റെ വീട്ടിലെത്തിയ കുമ്മനം അമ്മ സി. ഓമനയേയും ബന്ധുക്കളേയും സമാശ്വസിപ്പിച്ചു. ജവാന്റെ അമ്മയുടെ കാര്യങ്ങളെക്കുറിച്ച് പരാതിപറയാന്‍ അയല്‍വീടുകളിലെ സ്ത്രീകളുള്‍പ്പെടെ നിരവധി പേരെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: