കലാമാമാങ്കത്തിന്റെ വിധിനിര്‍ണ്ണയത്തെക്കുറിച്ച് മത്സരാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് പരാതി പ്രവാഹം. വിധിനിര്‍ണ്ണയം കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് പറയുന്ന വിജിലന്‍സ് സംവിധാനങ്ങളെല്ലാം നോക്കു കുത്തിയാക്കി കലോത്സ വേദിയില്‍ മാര്‍ക്ക് മാഫിയ വിളയാടി. കഴിഞ്ഞ സ്റ്റേജ് മത്സരങ്ങളിലെല്ലാം അപ്പീലുകളുടെ പ്രവാഹമാണുണ്ടായിരിക്കുന്നത്. അപ്പീലുകള്‍ അംഗീകരിക്കപ്പെടുന്നതോടെ വിധികര്‍ത്താക്കളുടെ യോഗ്യതകള്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി വിശേഷമാണ്. കേരള നടനം, കുച്ചുപ്പുടി മത്സരങ്ങളെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം നടന്ന് വരികയാണ്.
എച്ച്എസ് കേരള നടനം പെണ്‍കുട്ടികളുടെ മത്സരത്തില്‍ വിധികര്‍ത്താക്കളില്‍ ഒരാള്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സ് പരിശോധനകള്‍ നടന്ന് വരികയാണ്. മത്സര വിധി നിര്‍ണ്ണയത്തിലെ പാളിച്ചകള്‍ പുറത്ത് കൊണ്ടു വന്നത് മത്സരാര്‍ത്ഥികള്‍ തന്നെ സദസ്സില്‍ ഏര്‍പ്പെടുത്തിയിരുന്ന സ്വകാര്യ സിഐഡികളാണെന്നത് സര്‍ക്കാര്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഞെട്ടിച്ചിരിക്കുകയാണ്.
സംസ്ഥാന തലത്തില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച് വരുന്നവര്‍ പോലും ഇത്തവണ ബി ഗ്രേഡും 20 ല്‍ താഴെ സ്ഥാനവും ലഭിച്ചത് ഈ രംഗത്തുള്ള വിദഗ്ധരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. പല മത്സരങ്ങളും കഴിയുമ്പോള്‍ കാണികള്‍ നടത്തുന്ന വിലയിരുത്തലുകളെ അട്ടിമറിച്ചു കൊണ്ട് താളപ്പിഴകള്‍ വരുത്തി മത്സരിക്കുന്ന കുട്ടികള്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കാഴ്ചയ്ക്കാണ് കലോത്സവ നഗരി സാക്ഷ്യം വഹിക്കുന്നത്.
പിന്തള്ളപ്പെട്ട് പോകുന്ന മികച്ച മത്സരാര്‍ത്ഥികള്‍ ഹയര്‍ അപ്പീലുകളുമായി കയറി ഇറങ്ങി അധികൃതരുടെ കനിവും കാത്ത് നില്‍ക്കുകയാണ്. ചിലരാകട്ടെ അപ്പീലുകള്‍ക്ക് നല്കാന് പണമില്ലാതെ ലഭിച്ച സമ്മാനവുമായി നിരാശയോടെ മടങ്ങി. കഴിഞ്ഞ വര്‍ഷം സ്റ്റേറ്റില്‍ പെണ്‍കുട്ടികളുടെ കേരളനടനം എച്ച്എസ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും എ ഡ്രേഡും ലഭിക്കുകയും ചെയ്ത കുട്ടിക്ക് ഇത്തവണ സംസ്ഥാന തലത്തില്‍ ബി ഗ്രേഡാണ് ലഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് മത്സരാര്‍ത്ഥി തന്റെ കലാപ്രകടനം വീണ്ടും വേദിക്കരികില്‍ നടത്തുമെന്ന് പറഞ്ഞ് ഒരുവേള മുന്നോട്ട് വരികയും ചെയ്തതായി കാണികള്‍ പറഞ്ഞു. പക്ഷെ കുട്ടിയുടെ രക്ഷിതാക്കളും മറ്റും ഇടപെട്ട് പിന്തിരിപ്പിക്കുകയാണ് ചെയ്തത്.
ഒന്നാം സ്ഥാനം വേദിയില്‍ പ്രഖ്യാപിച്ചാല്‍ അത് മാറ്റാന്‍ നിലവില്‍ വ്യവസ്ഥയില്ല. അപ്പീലുകള്‍ അംഗീകരിച്ചാല്‍ ആദ്യത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്തി കൊണ്ട് തന്നെയാണ് മറ്റുള്ളവര്‍ക്ക് ഒന്നാം സ്ഥാനം നല്‍കുന്നത്. ഇത് കുറുക്ക് വഴികളിലൂടെ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് വളമാവുകയാണ് ചെയ്യുന്നത്. വിധികര്‍ത്താക്കളെ തീരുമാനിച്ചപ്പോള്‍ തന്നെ പല മത്സരാര്‍ത്ഥികള്‍ക്കും വിവരം ലഭിക്കുകയും അവരെ കാണേണ്ടപോലെ കാണുകയും ചെയ്തിട്ടുണ്ടെന്നാണ് പല മത്സര ഫലങ്ങളും സൂചിപ്പിക്കുന്നതെന്ന് കലാപ്രേമികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: