പുസ്തകം വാങ്ങാന്‍ പണമില്ല. ഫീസുകൊടുക്കാന് മാര്‍ഗമില്ല. നിത്യചെലവ് കഴിക്കാന്‍ ഒടുവില്‍ പത്രക്കച്ചവടം ആശ്രയം. അതിന് കിട്ടിയത് ലോക്കല്‍ തീവണ്ടിയുടെ ഒഴിഞ്ഞ ബോഗിയും. പക്ഷേ കിട്ടിയസ്ഥലത്ത് കച്ചവടത്തിനൊപ്പം പഠനവും പരീക്ഷണവും തുടങ്ങി ആ കൊച്ചുമിടുക്കന്. പക്ഷേ പരീക്ഷണത്തിനിടെ ചെറിയൊരു തീപിടുത്തമുണ്ടായത് പാവം പയ്യന്റെ കഷ്ടകാലം.
പാഞ്ഞെത്തിയ ഗാര്‍ഡ് മുഖത്തേല്പിച്ച പ്രഹരത്താല്‍ അവന്റെ ഒരു ചെവിയുടെ കേള്‍വി കുറഞ്ഞു. പണിയും പത്രക്കച്ചവടവും അതോടെ തീര്‍ന്നു. പക്ഷേ പട്ടിണിക്കോ പരിവട്ടത്തിനോ ആ പയ്യന്റെ ശാസ്ത്ര കൗതുകം തടുത്തുനിര്ത്തുവാനായില്ല. അവന് വളര്‍ന്നു. കണ്ടുപിടിത്തങ്ങളുടെ രാജാവായി. ആകെ ആയിരത്തില്‍പരം കണ്ടുപിടിത്തങ്ങള്‍, നൂറുകണക്കിന് ഒന്നാംക്ലാസ് പേറ്റന്റുകള്‍. വൈദ്യുത ബള്‍ബും ഗ്രാമഫോണുമൊക്കെ അക്കൂട്ടത്തില്‍വരും. അങ്ങനെ അയാള്‍ മനുഷ്യജീവിതം മാറ്റിമറിച്ചു. ആ ബാലന്റെ പേര് തോമസ് ആല്‍വാ എഡിസന്. നമുക്ക ്മാതൃകയാവേണ്ട മഹാശാസ്ത്രജ്ഞന്.
നമ്മുടെ നാട്ടിലുമുണ്ട് നൂറുകണക്കിനു കുരുന്നു ശാസ്ത്രജ്ഞര്‍. എഡിസനെ പോലെ മിടുമിടുക്കര്‍. അവരുടെ ചിന്തയിലും മനസ്സിലും ഉരുത്തിരിയുന്നത് നൂറുകണക്കിന് അത്ഭുതങ്ങളാണ്. വെള്ളത്തില്‍ നിന്ന് വൈദ്യുതി, വെടിമരുന്നു വേണ്ടാത്ത കതിനകള്‍, പ്ലാസ്റ്റിക്കിനെ ദ്രവിപ്പിക്കുന്ന നാടന്‍ സംയുക്തങ്ങള്‍, വെള്ളംകൊണ്ട് ഓടുന്ന കാറുകള്‍, കൊതുകു ലാര്‍വകളെ മുച്ചൂടും നശിപ്പിക്കുന്ന ജലപ്പിശാചുകള്‍, വെള്ളത്തില്‍ ഓടുന്ന ബൈക്കുകള്‍ എന്നിങ്ങനെ അവയുടെ പട്ടിക നീളുന്നു.
ഇത്തവണ സംസ്ഥാന ശാസ്ത്ര മേളയിലെ മികച്ച ഭാവനാത്മകമായ കണ്ടുപിടുത്തത്തിനുള്ള പുരസ്കാരം നേടിയത് എലിശല്യം ഒതുക്കുന്ന ഒരു സൂത്രത്തിനാണ്. പാലക്കാട്ടുകാരായ അശ്വിന്, മുഹമ്മദ് എന്നിവരാണ് എലിസൂത്രം കൊണ്ടുവന്നത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും പെയിന്റുപാട്ടകളും തടിക്കഷണങ്ങളുമൊക്കെയാണ് ആധുനിക എലിക്കെണി തയ്യാറാക്കാനാവശ്യമായ അവരുടെ വിഭവങ്ങള്‍; മണ്‍പാത്രങ്ങളും വേണം. രാജ്യത്തെ കൃഷിമേഖല നേരിടുന്ന പ്രധാന പ്രശ്നമായ എലി ശല്യം പണച്ചിലവില്ലാതെ ഒഴിവാക്കുന്നതിനാണ് ബാലശാസ്ത്രജ്ഞര്‍ ഈ ലളിതമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നത്.
നഗരങ്ങളില്‍ വീടുവയ്ക്കാന്‍പോലും സ്ഥലമില്ലെന്നത് വലിയ പ്രശ്നം. അത്തരം സ്ഥലത്ത് ഗേറ്റ് വയ്ക്കുന്നത് ചിന്തിക്കാന്‍ പോലും വയ്യ. പത്തനംതിട്ടക്കാരായ ദീപക്കും ഗണേശും അതിനു പരിഹാരം കണ്ടെത്തിയത് ഗേറ്റിന്റെ പില്ലറിനുള്ളിലേക്ക് മടക്കി ഒതുക്കാവുന്ന ഗേറ്റ് രൂപകല്പന ചെയ്താണ്. ജപ്പാന്കാരുപയോഗിക്കുന്ന മടക്ക് വിശറിമാതിരി ഒരു സാധനം. ഗേറ്റ് ഉറപ്പിച്ചിരിക്കുന്ന പില്ലറിന്റെ ഉള്ളിലേക്ക് 90 ഡിഗ്രിയില്‍ മടങ്ങി ഒതുങ്ങുന്ന ഗേറ്റ് നഗരത്തിലെ സ്ഥലമില്ലായ്മക്ക് ഒന്നാന്തരം പരിഹാരമാണ്.
ഗവേഷണ പ്രോജക്ടുകളുടെ കൂട്ടത്തിലുമുണ്ട് മികവുതെളിയിച്ച കുട്ടികള്‍. കട്ടപ്പനക്കാരായ മാരിയറ്റും ആര്മലും പിരീക്ഷിച്ചറിഞ്ഞത് സൗരോര്‍ജ സംഭരണത്തിലെ പോരായ്മകള്‍, പലരും വീടിനുമുകളില്‍ സോളാര്‍ പാനല്‍ വയ്ക്കുമെങ്കിലും പരമാവധി വെയില്കിട്ടുംവിധം സ്ഥാപിക്കാന്‍ ശ്രദ്ധിക്കാറില്ല. സ്ഥാപിക്കാനറിയില്ലെന്നതാവും കൂടുതല്‍ ശരി. ഭൂമിയുടെ കിടപ്പും സൂര്യന്റെ സ്ഥാനവും അനുസരിച്ച് പുനഃക്രമീകരിക്കുന്നപക്ഷം പരമാവധി സൗരോര്‍ജശേഖരണം ഉറപ്പാക്കാം. അക്കാര്യത്തില്‍ പ്രോജക്ട് എഴുതുക മാത്രമല്ല അവര്‍ ചെയ്തത്. അപ്രകാരം പാനല്‍ ക്രമീകരിച്ച് പ്രയോജനം പ്രായോഗികമായി കാണിച്ചുകൊടുക്കുകയും ചെയ്തു.
ഇതുപോലെ എത്രയേറെ കുട്ടികളാണ് തങ്ങളുടെ കഴിവുകളുമായി ശാസ്തമേളയില്‍ മാറ്റുരയ്ക്കാനെത്തുന്നത്. എഞ്ചിനീയറിംഗ്, ഫിസിക്സ്, കെമിസ്ട്രി, ജീവശാസ്ത്രം, സസ്യശാസ്ത്രം, കാര്‍ഷിക സാങ്കേതികവിദ്യ എന്നീ വിഭാഗങ്ങളിലൊക്കെപ്പെടുന്ന അവരുടെ മികവുകളുടെ വൈപുല്യവും വൈവിധ്യവും നമ്മെ അത്ഭുതപ്പെടുത്തും. പക്ഷേ, ഈ അറിവുകളും അറിവുകളുടെ ഉടയോരും പിന്നെ എവിടെപ്പോയ് മറയുന്നുവെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല, ആരുമതൊട്ടനേ്വഷിക്കാറുമില്ല. നമ്മുടെ എന്‍ജിനീയറിങ് കോളേജുകളുടേയും കഥ മറിച്ചല്ല. പ്രോജക്ട് വര്‍ക്കിന്റെ ഭാഗമായി എത്ര അത്ഭുതകരമായ കണ്ടുപിടിത്തങ്ങള്‍ക്കാണ് ഭാവനാശാലികളായ കുട്ടികള്‍ ഓരോവര്‍ഷവും രൂപം നല്‍കുന്നത്. ചെലവുകുറഞ്ഞ കറവ യന്ത്രം, വിവിധ കൃഷിപ്പണികള്‍ ചെയ്യുന്ന ഉഴവുയന്ത്രം, അന്ധര്ക്കുമാര്ഗ നിര്‍ദേശം നല്കുന്ന യന്ത്രത്തൊപ്പി, മരംകയറുന്ന യന്ത്രം, കൈയക്ഷരംകൊണ്ടു കള്ളനെ പിടിക്കുന്ന സോഫ്റ്റ്വെയര്, എന്നിങ്ങനെ. ചിലതൊക്കെ നാം പത്രത്തിലും കാണാറുണ്ട്.
ഇതുപോലെതന്നെയാണ് വര്‍ഷാവര്‍ഷം നടത്തുന്ന ഗ്രാമീണ ഗവേഷകരുടെ സംഗമവും. അടിസ്ഥാനയോഗ്യതപോലുമില്ലെങ്കിലും മിടുമിടുക്കന്മാരായ ഒരുപിടി ഗ്രാമീണര്‍ അത്തരം മേളകള്ക്കെത്തും. ഗ്രാമീണജീവിതവും കൃഷിയും സുഖകരമാക്കാന്‍ പറ്റുന്ന ഒരുപിടി കണ്ടുപിടുത്തങ്ങളുമായിട്ടാവും അവരുടെ വരവ്. ചിലവില്ലാത്ത, സങ്കീര്‍ണ്ണതയില്ലാത്ത, ആര്‍ക്കും പ്രയോഗിക്കാവുന്ന ഒരുകൂട്ടം ലഘുയന്ത്രങ്ങള്‍, കരികൊണ്ടുള്ള ഒന്നാംക്ലാസ് ഇന്ധനം, തെങ്ങില്‍ കയറാനുള്ള ചലിക്കും ചവിട്ടുപടികള്‍, കാട്ടുമൃഗത്തെ തുരത്താനുള്ള ശബ്ദയന്ത്രം, തേങ്ങചുരണ്ടാനുള്ള ലഘുയന്ത്രം, പുത്തന്‍ സസ്യയിനങ്ങള്‍ എന്നിങ്ങനെ എത്രയോ കണ്ടുപിടിത്തങ്ങള്‍. പക്ഷേ സംഗമം കഴിഞ്ഞാല്‍ അവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ആരും തിരക്കാറില്ല.
സ്ഥിതി ഇതാണെങ്കില്‍ ഇവിടെയെങ്ങനെയാണ് എഡിസന് പിന്‍ഗാമികള്‍ ജനിക്കുക. ശാസ്ത്രംകൊണ്ടും സാങ്കേതിക വിദ്യകൊണ്ടും സമൂഹപുരോഗതി സംഭവിക്കുക. അതൊക്കെ അനേ്വഷിക്കാന്‍ ആര്‍ക്കെങ്കിലും സമയമുണ്ടാകുമോ? ഉണ്ടെങ്കില്‍ത്തന്നെ അതിനു തുനിയാന്‍ താല്പര്യമുണ്ടാകുമോ? സിഗരറ്റുവലിക്കെതിരായ സിനിമാ പരസ്യത്തില്‍ പറയുന്ന വാചകം ഒരു തിരുത്തോടെ നമുക്കും ആവര്‍ത്തിക്കാം- ഈ രാജ്യത്തിന് ഇതെന്തു സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: