പെരിന്തല്‍മണ്ണ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ അന്നത്തെ മന്ത്രി മഞ്ഞളാംകുഴി തന്റെ വികസന നേട്ടമെന്ന് പ്രഖ്യാപിച്ച് ഉദ്ഘാടനം നടത്തിയ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ മാതൃശിശു ബ്ലോക്ക് ഇപ്പോഴും അടഞ്ഞുതന്നെ. മുസ്ളീം ലീഗ് നേതാക്കളും മഞ്ഞളാംകുഴി അലിയും പെരുമ്പറ മുഴക്കി നടത്തിയ ഉദ്ഘാടനത്തിന് മുഖ്യകാര്‍മികത്വം വഹിച്ചത് മുഖ്യമന്ത്രി സാക്ഷാല്‍ ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു. ഏറ്റവും വലിയ വികസന നേട്ടമായി നിയോജക മണ്ഡലത്തിലെ ലീഗ് നേതാക്കള്‍ വീരവാദം മുഴക്കിയതും ജില്ലാ ആശുപത്രിയിലെ ഈ ബ്ലോക്കിനെ പറ്റിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അലി തന്നെ ജയിച്ചു കയറിയതോടെ പാതി വഴിയില്‍ ഈ സംരഭം ഉപേക്ഷിച്ചു. ജനം പെരുവഴിയിലുമായി.
അഞ്ചരക്കോടി രൂപ ചെലവാക്കി നിര്‍മ്മിച്ച കെട്ടിടം ഇന്ന് കാടുമൂടി നശിക്കുകയാണ്. തൊട്ടതിനും പിടിച്ചതിനും സമരരംഗത്ത് ഇറങ്ങുന്ന സിപിഎം, ഇതു കണ്ടില്ലെന്ന് നടിക്കുന്നു.
ആശുപത്രിയുടെ നിലവിലുള്ള കെട്ടിടത്തില്‍ സ്ഥല പരിമിതി മൂലം രോഗികള്‍ നരകിക്കുകയാണ്. കിടത്തി ചികിത്സ നല്കാന് മതിയായ സൗകര്യങ്ങളില്ല. ഒരു കട്ടിലില്‍ അഭയം തേടുന്നത് രണ്ടും മൂന്നും രോഗികളാണ്. ബാക്കിയുള്ളവര്‍ നിലത്തും വരാന്തയിലും കഴിച്ചു കൂട്ടുന്നു. ജീവനക്കാരുടെ മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ കായകല്‍പ്പ് അവാര്‍ഡ് വരെ നേടിയ ഒരു സര്‍ക്കാര്‍ ആശുപത്രിക്കാണ് ഈ ദുരവസ്ഥ.
അതേസമയം, ജില്ലാ ആശുപത്രിയില്‍ മതിയായ ജീവനക്കാരില്ലെന്നത് ബന്ധപ്പെട്ടവര്‍ കാലങ്ങളായി ഉന്നയിക്കുന്ന പരാതിയാണ്. ഉള്ളവരില്‍ നല്ലൊരു ശതമാനം താല്‍ക്കാലിക ജീവനക്കാരുമാണ്. അവര്‍ക്കാകട്ടെ, അമിത ജോലിഭാരവും. കഷ്ടപ്പാടിന് അനുസൃതമായി പകുതി പോലും പ്രതിഫലം ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍ പരാതി പറയുന്നു.
ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതാണ് പുതിയ ബ്ലോക്ക് തുറക്കുന്നതിനും തടസമാകുന്നത്. പുതിയ ബ്ലോക്ക് പ്രവര്‍ത്തന സജ്ജമാകണമെങ്കില്‍ സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ക്ളീനിംഗ് സ്റ്റാഫ്, തിയറ്റര്‍ അസിസ്റ്റന്റ്, റെക്കോര്‍ഡ് ലൈബ്രേറിയന്‍ ഉള്‍പ്പെടെ 36 ജീവനക്കാര്‍ വേണം. ജോലി കിട്ടാതെ നിരവധി നഴ്സുമാര്‍ വിഷമിക്കുമ്പോഴും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
ആരോഗ്യ മന്ത്രി കെ.കെ ഷൈലജയുടെ മുമ്പില്‍ ഈ വിഷയം നിരവധി തവണ ഉന്നയിക്കപ്പെട്ടതാണ്. അപ്പോഴെല്ലാം ലഭിക്കുന്ന മറുപടി ”ഇപ്പോ ശരിയാക്കി തരാം” എന്ന് മാത്രമാണ്. പുതിയ ബ്ളോക്ക് നിലവിലെ ആശുപത്രി കെട്ടിടത്തിന് പുറത്തായതിനാല്‍ പുതിയ നിയമനങ്ങള്‍ നടത്തുകയല്ലാതെ മറ്റ് പോംവഴികളും ഇല്ല. ഈ വിഷയത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണസമിതിയും സ്ഥലം എംഎല്‍എയും സംസ്ഥാന സര്‍ക്കാരില്‍ വേണ്ട സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: