കല്‍പ്പറ്റ: ബോണസ് ആവശ്യപ്പെട്ടതിന്റെ പേരില്‍ അമ്പലവയലിലെ സി.ബി.എം. എന്റര്‍പ്രൈസസിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ച മാനേജ്മെന്റ് നടപടി പിന്‍വലിക്കണമെന്ന് വയനാട് ജില്ലാ ജനറര്‍ മസ്ദൂര്‍ സംഘം(ബി.എം.എസ്) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുമ്പ്് തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന പല ആനുകൂല്ല്യങ്ങളും മാനേജ്മെന്റ് വെട്ടികുറച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കണമെന്നാണ് നിയമം. എന്നാല്‍ അത് പാലിക്കാന്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല. അര്‍ഹതപ്പെട്ട ക്ഷാമബത്ത പോലും തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല.
ബോണസ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റിന് സെപ്റ്റംബര്‍ ഒന്നിന് നോട്ടീസ് നല്‍കിയെങ്കിലും വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായില്ല. അതിനാല്‍ 30ന് ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്കി. അതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഏഴിന് ഡി.എല്‍.ഒ. ചര്‍ച്ചക്ക് വിളിച്ചെങ്കിലും മാനേജ്മെന്റിന്റെ അസാന്നിധ്യം കാരണം ചര്‍ച്ച നടന്നില്ല. പിന്നീടും തീയതികള്‍ നിശ്ചയിച്ചെങ്കിലും അന്നേ ദിവസങ്ങളിലും ചര്‍ച്ച നടന്നില്ല.
ഈ മാസം 15 മുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചു. ഈ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകണം. അല്ലാത്തപക്ഷം സി.ബി.എം. ഉടമയുടെ വീട്ടുപടിക്കല്‍ നിരാഹാര സത്യാഗ്രഹം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കും. പത്രസമ്മേളനത്തില്‍ യൂണിയന് ജനറല്‍ സെക്രട്ടറി ഹരിദാസന് തയ്യില്‍, കെ.ബി. തങ്കച്ചന്, കെ.പി. കനകദാസന്, കെ. വിനോദ്കുമാര്‍, ഇ.കെ. അനീഷ്, ബാലചന്ദ്രന്, ഷറഫുദ്ദീന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: