പുതുക്കാട്: ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തിയ പുത്തൂര്‍ പഞ്ചായത്തിലെ പഴവള്ളം ആദിവാസി കോളനിയിലെ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത് വീട്ടുവരാന്തയില്‍ .കോടതി ഉത്തരവു പ്രകാരം ഈ മാസം 14 നുളളില്‍ പുതിയ കെട്ടിടത്തില്‍ അംഗന്‍വാടി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.എന്നാല്‍ 12 ന് ഉദ്ഘാടനം കഴിഞ്ഞ അംഗന്‍വാടി ഇതുവരേയും തുറന്നു പ്രവര്ത്തിച്ചീട്ടില്ല. ആദിവാസി വിഭാഗത്തിന്റെ ഫണ്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച അംഗന്‍വാടി സാംസ്കാരിക നിലയം ഉള്‍പ്പെടുന്ന സമുച്ചയം അധികൃതരുടെ അനാസ്ഥ മൂലം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.അംഗന്‍വാടി തുറക്കാത്തതു മൂലം കോളനിയിലും പരിസരത്തുമുള്ള കുട്ടികളെ സ്വകാര്യ വ്യക്തിയുടെ വീട്ടവരാന്തയാണ് ഇപ്പോള്‍ ആശ്രയമായിരിക്കുന്നത്.
പൂര്‍ണ്ണ സജ്ജീകരണത്തോടെയുള്ള അംഗന്‍വാടി പ്രവര്‍ത്തിക്കാത്തതുമൂലം പതിനഞ്ചോളം കുട്ടികളുടെ മാതാപിതാക്കള്‍ വീടു വാരാന്തയിലേക്ക് കുട്ടികളെ അയക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്. കോടതി നിര്‍ദ്ദേശ പ്രകാരം തുറന്നു കൊടുത്ത അംഗന്‍വാടിയില്‍ ഭാഗികമായ അറ്റകുറ്റപണികള്‍ നടത്താത്തതാണ് അംഗന്‍വാടി പൂട്ടിയിടാന്‍ കാരണം. മാധ്യമ ശ്രദ്ധയിലും ഏറെ വിവാദങ്ങളിലും ഉള്‍പ്പെട്ട സാഹചര്യം ഉണ്ടായിട്ടും പ്രവര്‍ത്തനസജ്ജമായ പുതിയ അംഗന്‍വാടി കെട്ടിടം പൂട്ടിയിട്ടത് കോടതിയലക്ഷ്യമാണന്നാണ് ആരോപണം നിലനില്‍ക്കുന്നത്. ഒക്ടോബര്‍ 14 നുള്ളില്‍ അംഗന്‍വാടിയും സാംസ്കാരിക നിലയവും തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ അനുകൂലമായ നടപടികള്‍ എടുത്തിരുന്നു.എന്നിട്ടും സുരക്ഷിതമായി കുട്ടികള്‍ക്ക് അംഗന്‍വാടി പ്രയോജനപ്രദമാകുന്ന അവസ്ഥയിലും ഉദ്ഘാടനം കഴിഞ്ഞ അംഗന്‍വാടി ഇപ്പോഴും പൂട്ടിയിട്ടിരിക്കുകയാണ്. നാമമാത്രമായ അറ്റകുറ്റപണികള്‍ കഴിയാത്തതാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നതിന് തടസമായി നില്‍ക്കുന്നത്.
കെട്ടിടത്തിനു മുന്പില് കല്ലവിരിക്കുന്നതും പ്ലംബിംങ്ങ് പ്രവര്‍ത്തനങ്ങള്‍ നടത്താത്തതുമാണ് അംഗന്‍വാടി തുറന്നു പ്രവര്‍ത്തിക്കാന്‍ തടസമായതെന്ന നിലപാടിലാണ് അധികൃതര്‍.ഏതു സമയത്തും നിലംപൊത്താറായ സ്വകാര്യ വ്യക്തിയുടെ വീട്ടുവരാന്തയില്‍ പ്രവര്‍ത്തിച്ചിരുന്ന അീഗന്വാടി മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലമാണ് അധികൃതര്‍ അറിയുന്നത്.പിന്നീട് പുതിയ കെട്ടിടത്തിലേക്ക് അംഗന്‍വാടിയുടെ പ്രവര്‍ത്തനം മാറ്റുവാന്‍ ശ്രമിച്ചുവെങ്കിലും ചില തത്പ്പരകക്ഷികളുടെ ഇടപെടല്‍ മൂലം ഇതിന് തടസമാവുകയായിരുന്നു.രാഷ്ട്രീയ ചിരടു വലികള്ക്കിടയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടാവുന്നത്.അംഗന്‍വാടിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അദിവാസി കോളനിയിലെ ചേരിതിരിവാണ് തടസമായി നില്ക്കുന്നതെന്ന ആരോപണവും ശക്തമാണ്. അംഗന്‍വാടി പ്രവര്‍ത്തിക്കണമെന്ന
കോടതിയുടെ ഉത്തരവ് ലംഘിച്ച പുത്തുര്‍ പഞ്ചായത്ത് അധികൃതരും ആരോപണ വിധേയമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: