കാസര്‍കോട്: അന്തര്‍ദ്ദേശീയ ബാലാവകാശ ദിനത്തില്‍ കുട്ടികളുമായി സംവദിക്കാന്‍ ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവും ഭാര്യ അഭി ജെ മിലനും പരവനടുക്കം മാതൃകാ സഹവാസ വിദ്യാലയത്തിലെത്തി. അന്തര്‍ദ്ദേശീയ ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാശിശു സംരക്ഷണ യൂണിറ്റ് ജില്ലാഭരണകൂടത്തിന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെയാണ് ജില്ലാ കളക്ടറുമായി കുട്ടികളുടെ സംവാദം സംഘടിപ്പിച്ചത്. ഒന്നരമണിക്കൂര്‍ നീണ്ടു നിന്ന സംവാദത്തില്‍ ജില്ലാ കളക്ടറുടെ വ്യക്തി ജീവിതം, സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍, സാമൂഹ്യ പ്രശ്നങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങി കുട്ടികളുടെ നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്കി.
കാസര്‍കോട് ജില്ലയില്‍ ദേശീയ പ്രശസ്തരായ എത്ര സ്ത്രീകള്‍ ഉണ്ടെന്നുളള കളക്ടറുടെ ചോദ്യത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പകച്ചു. കാസര്‍കോട് ജില്ലയില്‍ നിന്ന് ദേശീയ ശ്രദ്ധയാകര്‍ഷിച്ച പുരുഷന്മാരുണ്ടെങ്കിലും സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. ഈ കുറവ് നിങ്ങള്‍ നികത്തണമെന്ന് എം ആര് എസിലെ വിദ്യാര്‍ത്ഥിനികളോട് അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളിലും മറ്റും ഉള്‍പ്പെടാതിരിക്കാന്‍ കുട്ടികള്‍ സ്വയം പ്രതിരോധം തീര്‍ക്കണം. നിയമങ്ങളെയും മറ്റു സംവിധാനങ്ങളെയും പിന്നീടാണ് ആശ്രയിക്കേണ്ടത്. നമ്മള് അവകാശങ്ങളെ കുറിച്ച് മാത്രമല്ല കടമകളെക്കുറിച്ചും ബോധവാന്മാരായിരിക്കണം. കളിമൈതാനങ്ങളും മറ്റും നമ്മള് ശരിയായ രീതിയില്‍ ഉപയോഗിക്കണം. ഇന്ന് ജലദൗര്‍ലഭ്യം നാട്ടില്‍ വ്യാപകമാണ്. അതിനാല്‍ ശരിയായ രീതിയിലുളള കുടിവെളള ഉപയോഗം നാം അവലംബിക്കണം.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാകളക്ടര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ യു കരുണാകരന് അധ്യക്ഷത വഹിച്ചു. സി ഡബ്ല്യു സി ചെയര്‍പേഴ്സണ്‍ മാധുരി എസ് ബോസ്, പട്ടികവര്‍ഗ വികസന ഓഫീസര്‍ കെ കൃഷ്ണപ്രകാശ്, പ്രിന്‍സിപ്പാള്‍ വി വി ഷീജമോള്‍, ശിശുവികസന പദ്ധതി ഓഫീസര്‍ ഡോ. ജയന്തി പി നായര്‍, ഡി സി പി യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ജി ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാശിശു സംരക്ഷണ ഓഫീസര്‍ പി ബിജു അന്തര്‍ദേശീയ ബാലാവകാശ ദിന സന്ദേശം നല്കി. സി എം വിനയചന്ദ്രന് മാസ്റ്റര്‍ മോട്ടിവേഷന്‍ ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: