ഷാലി മുരിങ്ങൂര്‍
ചാലക്കുടി: ജില്ലാ സ്ക്കൂള് കായിക മാമാങ്കത്തിന് ആവേശകരമായ തുടക്കം. പൊരിവെയിലിനെ അവഗണിച്ച് ആയിരങ്ങളാണ് ആദ്യ ദിനത്തിലെ മത്സരങ്ങളില്‍ പങ്കെടുത്തത്.ചാലക്കുടി സിഎംഐ സ്ക്കൂളില്‍ നടന്ന ജംപ് ഇനങ്ങളില്‍ ഇരുപത് ഫൈനല്‍ മത്സരങ്ങള്‍ നടന്നു.മേളയുടെ മത്സരങ്ങള്‍ ആരംഭിച്ചെങ്കിലും ഔദ്യോഗിക ഉദ്ഘാടനം 24നാണ് നടക്കുന്നത്.ജില്ലയില്ലെ 12 ഉപജില്ലകളില്‍ നിന്നുള്ള മൂവായിരത്തോളം വിദ്യാര്‍ത്ഥികളാണ് കായികമേളയില്‍ പങ്കെടുക്കുന്നത്. അതലറ്റിക്സ്് മത്സരങ്ങള്‍ ചാലക്കുടി കാര്‍മ്മല്‍ സ്ക്കൂളില്‍ ബുധനാഴ്ച രാവിലെ തുടക്കമാകുന്നതോടെ കായികമേളയുടെ ട്രാക്ക് ഉണരും.ട്രാക്ക് ഉണരുന്നതോടെയാണ് കായിക മത്സരത്തിന് വാശിയേറുക. സര്‍ക്കാര്‍ കായികമേളയുടെ നടത്തിപ്പിനായി 25 ലക്ഷം രൂപ അനുവദിച്ചിട്ടും ആദ്യ ദിനത്തില്‍ കായിക താരങ്ങള്‍ പട്ടിണിയായിരുന്നു.ഉച്ചഭക്ഷണമോ,കുടിവെള്ളമോ സംഘാടകര്‍ ഒരുക്കിയിരുന്നില്ല.സാധാരണ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സ്ക്കൂളുകളില്‍ നിന്നും പിരിവെടുത്താണ് മേള നടത്തിയിരുന്നത്.ഇത്തവണ മേളയുടെ വിജയത്തിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കാതിരുന്ന സംഘാടകരുടെ നടപടിയില്‍ വ്യാപക പ്രതിക്ഷേധമാണ്.മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നതാണ്.ചാലക്കുടി സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്ക്കൂളില്‍ പാചകം ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത്.എന്നാല്‍ കുടിവെള്ളം പോലും ലഭിക്കാതെ സ്ക്കൂളിലെ പൈപ്പുകളില്‍ നിന്നും കുപ്പിയിലും മറ്റും വെള്ളം ശേഖരിച്ചും പുറമെ നിന്ന് കുപ്പി വെള്ളം വാങ്ങിയുമാണ് ദാഹം തീര്‍ത്തത്.സംഘാടകരുടെ സാന്നിധ്യം മേളയുടെ നടത്തിപ്പില്‍ ആദ്യ ദിനത്തില്‍ കുറവായിരുന്നു.മേളയുടെ വിജയത്തിനായി ഒന്നും തന്നെ ഇവിടെ ഒരുക്കിയിരുന്നില്ല.ഉപജില്ല കായിക മേളക്ക് ഉണ്ടാക്കുന്ന സൗകര്യം പോലും ജില്ലാ കായിക മേളയുടെ ആദ്യ ദിനത്തില്‍ ഉണ്ടായിരുന്നില്ല.മേള റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു സൗകര്യവും സംഘാടകര്‍ ഒരുക്കിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: