ആലത്തൂര്‍: ആറ് പതിറ്റാണ്ട് പഴക്കമുള്ള ആയക്കെട്ട് പ്രദേശം കൂട്ടണമെന്ന ആവശ്യം ശക്തമാവുന്നു. നാല് പഞ്ചായത്തുകളിലെ നെല്‍ക്കൃഷിയ്ക്ക് ഉപയോഗിക്കുന്നതാണ് ചേരാമംഗലം ജലസേചനപദ്ധതി.
ഗായത്രിപ്പുഴയിലൂടെ വരുന്ന വെള്ളം ആറ്റാലയിലുള്ള തടയണയില്‍ സംഭരിച്ച് അവിടെ നിന്നാണ് കനാലിലൂടെ മേലാര്‍കോട്, എരിമയൂര്‍, ആലത്തൂര്‍, കാവശ്ശേരി പഞ്ചായത്തുകളിലെ നെല്‍ക്കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ രണ്ടാംവിള നെല്‍ക്കൃഷിയ്ക്ക് ഉപയോഗിക്കാന്‍ പാകത്തിലുള്ള സംഭരണശേഷി ഇപ്പോഴത്തെ തടയണയ്ക്കില്ല.
നിലവിലെ തടയണയ്ക്ക് പകരം പുതിയ തടയണ നിര്‍മ്മിക്കാന്‍ എംപി, എംഎല്‍എ ഫണ്ടുകള്‍ അനുവദിക്കുകയാണെങ്കില്‍ നാലുപഞ്ചായത്തുകളിലെ ഹെക്ടര്‍ കണക്കിന് രണ്ടാം വിള നെല്‍ക്കൃഷിയ്ക്കും, ഗായത്രിപ്പുഴയില്‍ ജലസമൃദ്ധിക്കും വഴിയൊരുക്കും.
1951 ലാണ് മദ്രാസ് സംസ്ഥാന മന്ത്രിയായിരുന്ന ഭക്തവത്സലം പദ്ധതി ഉദ്ഘാടനം ചെയ്തത്. ഗായത്രിപ്പുഴയ്ക്ക് കുറുകെ 304 അടി നീളത്തിലായി ചുണ്ണാമ്പും, മെറ്റലും ഉപയോഗിച്ചാണ് തടയണ നിര്‍മിച്ചത്. തുടക്കത്തില്‍ ഇതുവഴി പാലമില്ലാത്തതിനാല്‍ തടയണയിലൂടെയായിരുന്നു ഈ ഭാഗത്തുള്ളവര്‍ നടന്നിരുന്നത്. എന്നാല്‍ ആറ്റാലക്കടവില്‍ പുതിയ പാലം വന്നതോടെ നിലവിലെ തടയണയ്ക്ക്പകരം കൂടുതല്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന തടയണ നിര്‍മ്മിക്കണമെന്നാണ് ആവശ്യം. നിലവിലെ പാലത്തിനു സമീപത്തായി തടയണ കെട്ടുകയാണെങ്കില്‍ ആയക്കെട്ട് ഭാഗത്ത് കൂടുതല്‍ വെള്ളം സംഭരിക്കാന്‍ കഴിയും.
പല്ലശ്ശന കനാലിലൂടെ മലമ്പുഴ വെള്ളവും ഈ തടയണയിലെത്തിക്കാന് കഴിയും. ഇതുവഴി വേനല്‍ക്കാലത്തും ചേരാമംഗലം പദ്ധതി ജലസമൃദ്ധമാകും. കൂടാതെ പുഴയരികിലെ കയ്യേറ്റങ്ങളും തടയാനാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: