‘ആരോ ഒരു പ്രസംഗം നടത്തി
നേതാക്കള്‍ പറഞ്ഞു
അത് പാര്‍ട്ടിയെ തകര്‍ക്കാനാണെന്ന്
ആരോ ഒരു കവിതയെഴുതി
നേതാക്കള്‍ പറഞ്ഞു
അത് പാര്‍ട്ടിയെ തകര്‍ക്കാനാണ്
ആരോ ഒരു പത്രം തുടങ്ങി
നേതാക്കള്‍ പറഞ്ഞു
അത് പാര്‍ട്ടിയെ തകര്‍ക്കാനാണ്
ആരോ ഒരാള്‍ മരിച്ച വാര്‍ത്ത
കേട്ടപ്പോഴും
നേതാക്കള്‍ പറഞ്ഞുപോയി
അത് പാര്‍ട്ടിയെ തകര്‍ക്കാനാണ്.’
ഇടിത്തീ വീണു
നേതാക്കള്‍ പറഞ്ഞു കമ്മറ്റി കൂടട്ടെ,
പാലം പൊളിയുന്നു
നേതാക്കള്‍ പറഞ്ഞു
കമ്മറ്റി കൂടട്ടെ,
നീതി കിട്ടുന്നില്ല
നേതാക്കള്‍ പറഞ്ഞു കമ്മറ്റി കൂടട്ടെ,
കമ്മീഷന് പത്തു ശതമാനം
നേതാക്കള്‍ പറഞ്ഞു,
സ്വകാര്യമായിട്ടു താ..’
2007 ഏപ്രിലിലെ ജനശക്തി വാരികയില്‍ പ്രസിദ്ധീകരിച്ച കെ. സി. ഉമേഷ് ബാബുവിന്റെ കവിതയാണിത്. സിപിഎമ്മിനെ സംബന്ധിച്ച് പ്രത്യേകിച്ച് കണ്ണൂരിലെ പാര്‍ട്ടിയെ ക്കുറിച്ച് ഇതിലും നന്നായി വിലയിരുത്താനാകില്ല. കണ്ണൂരില്‍ ആരെന്ത് ചെയ്താലും പാര്‍ട്ടിക്കെതിരാണെന്ന് ചിത്രീകരിച്ച് ശിക്ഷ വിധിക്കും, പാര്‍ട്ടി കമ്മറ്റികളാണ് കോടതി. വധശിക്ഷ വിധിക്കുന്നത് ജില്ലാകമ്മറ്റിയാണ്. നടപ്പാക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ നിരവധി. സിപിഎം അംഗവും പുരോഗമന കലാസാഹിത്യസംഘം നേതാവുമായ ഉമേഷ് ബാബുവിനെ കവിത പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കകം പുറത്താക്കി. പെണ്ണു കേസില്‍ ആരോപണ വിധേയനായ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരെയുള്ള നടപടി എട്ടു മാസം വൈകിയപ്പോഴാണ് അക്ഷരങ്ങളെ പോലും ഭയക്കുന്ന ഫാസിസ്റ്റ് മുഖം ഇവിടെ മറ നീക്കിയത്.
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നുതള്ളുന്നതിന് സൈദ്ധാന്തിക പരിവേഷം നല്‍കുക മാത്രമല്ല, ഫാസിസത്തിനെതിരെയുള്ള പോരാട്ടമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പ്രൊഫ. എം.എന്‍. വിജയന്റെ അടുത്ത അനുയായി ആയിരുന്നു ഉമേഷ് ബാബു. പാര്‍ട്ടിയില്‍നിന്ന് പുറത്തായ ശേഷമുള്ള കണ്ണൂരിലെ ജീവിതം യഥാര്‍ത്ഥ ഫാസിസ്റ്റ് ആരെന്ന് ഉമേഷ് ബാബുവിനെ ബോദ്ധ്യപ്പെടുത്തി. ഒരിക്കല്‍ താന്‍ വാഴ്ത്തിപ്പാടിയിരുന്ന സിപിഎമ്മിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി പത്രസമ്മേളനം നടത്തുമ്പോഴായിരുന്നു കടുത്ത മാനസികസമ്മര്‍ദ്ദത്തെ തുടര്‍ന്ന് എം.എന്‍. വിജയന് കുഴഞ്ഞുവീണു മരിച്ചത്.
ഒരുകാലത്ത് നടന്ന കാര്‍ഷിക പോരാട്ടങ്ങളില്‍ അണിചേര്‍ന്ന് കണ്ണൂരില്‍ വളര്‍ന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി അക്കാലയളവിലെ പ്രബല ശക്തിയായിരുന്ന കോണ്‍ഗ്രസിനെ കായികമായിത്തന്നെ നേരിട്ടാണ് ആധിപത്യം ഉറപ്പിച്ചത്. മാനവികതയുടേയും സോഷ്യലിസത്തിന്റേയും മുഖംമൂടി ധരിച്ചവര്‍ പിന്നീട് സ്റ്റാലിനിസം നടപ്പാക്കി തുടങ്ങി. എവിടെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭൂരിപക്ഷം ഉണ്ടോ, അവിടെ ജനാധിപത്യവും, സംഘടനാ സ്വാതന്ത്യവും, സഹിഷ്ണുതയും ഇല്ലാതാകും. എതിര്‍ക്കുന്നവരെ ഫാസിസ്റ്റുകളെന്നും വര്‍ഗീയവാദികളെന്നും മുദ്രകുത്തി വേട്ടയാടും. ബംഗാളില്‍ മൂന്നര പതിറ്റാണ്ടോളം സമര്‍ത്ഥമായി നടപ്പാക്കിയ ഉന്മൂലന രാഷ്ട്രീയമാണ് കണ്ണൂരിലും സിപിഎം പ്രാവര്‍ത്തികമാക്കിയത്. ഒരു പരിധിവരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇതില്‍ വിജയിച്ചെങ്കിലും സംഘപ്രസ്ഥാനങ്ങളുടെ ചെറുത്ത് നില്‍പ്പ് കണ്ണൂരിലെ സിപിഎം കോട്ടകളില്‍ വിള്ളലുകള്‍ വീഴ്ത്തി.
ദേശീയപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അരുംകൊല രാഷ്ട്രീയം ആരംഭിച്ചു. അരനൂറ്റാണ്ടായി കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങുതകര്‍ത്തിട്ടും തലകുനിക്കാതെ കണ്ണൂരിന്റെ മണ്ണില്‍ സംഘപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തന പന്ഥാവില്‍ ഉറച്ചുനില്‍ക്കുന്നു.
അസഹിഷ്ണുതയുടെ ആള്‍രൂപമായ കണ്ണൂര്‍ നേതാവ് കേരളം ഭരിക്കാന്‍ തുടങ്ങിയതോടെ കണ്ണൂര്‍ കൂടുതല്‍ ചുവക്കാന്‍ തുടങ്ങി. അത് നിരപരാധികളുടെ ചോരയൊഴുകിയ ചുവപ്പാണെന്ന് മാത്രം. ഓരോ ആര്‍എസ്എസ് പ്രവര്‍ത്തകനും ആയുധമേറ്റു വീഴുമ്പോഴും, വീടുകള്‍ തകര്‍ന്ന് കിടപ്പാടങ്ങള്‍ നഷ്ടമാകുമ്പോഴും സിപിഎമ്മിന്റെ അടിത്തറ ഇളകുകയാണ്. ബംഗാളില്‍ കടപുഴകിയ സിപിഎം, ഇനി ജനശക്തിക്ക് മുന്നില്‍ അടുത്തതായി അടിയറവ് പറയുക ധീരന്മാരുടെ കണ്ണൂരിന്റെ മണ്ണിലാകും. നിരപരാധികളുടെ ചോരയിലും, കൊത്തിക്കീറിയ ശരീരത്തിലുമാണ് സിപിഎം കണ്ണൂരില്‍ കോട്ട പണിതത്. സ്വന്തം അണികളെ പോലും കൊലയ്ക്ക് കൊടുക്കാന്‍ മടിക്കാത്തവരാണ് കണ്ണൂരിലെ മാര്‍ക്സിസ്റ്റ് മാടമ്പികള്‍.
ബദല്‍ രേഖാ വിവാദത്തെ തുടര്‍ന്ന് 1986ല്‍ എം.വി. രാഘവന് പുറത്തായതോടെ സിപിഎം കണ്ണൂരില്‍ കടുത്ത പ്രതിസന്ധിയേയാണ് നേരിട്ടത്. മുതിര്‍ന്ന നേതാവായ പി.വി. കുഞ്ഞിക്കണ്ണന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പുത്തലത്ത് നാരായണന് നിഷ്ക്രിയനായി. എം.വി. ഗോവിന്ദന് മാസ്റ്റര്‍ അവധി അവസാനിപ്പിച്ച് താന്‍ കായികാദ്ധ്യാപകനായ സ്ക്കൂളിലേക്ക് മടങ്ങിപ്പോയി. ഇതിനിടെ പിണറായി വിജയന്, ഇ.പി. ജയരാജന് അടക്കമുള്ളവര്‍ നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നു.
അന്നത്തെ സംസ്ഥാന സെക്രട്ടറിവി.എസ്. അച്യുതാനന്ദന് നേരിട്ട് ഇടപെട്ടാണ് വിജയനെ ജില്ലാ സെക്രട്ടറിയായി ഉയര്‍ത്തിയത്. ഇതിനിടെയാണ് കുപ്രസിദ്ധമായ കൂത്തുപറമ്പ് വെടിവെപ്പുണ്ടാകുന്നത്. കൂത്തുപറമ്പ് രക്തസാക്ഷികള്‍ സിപിഎമ്മിനും ഡിവൈഎഫ്ഐക്കും പുതുജീവന്‍ നല്കി. കൂത്തുപറമ്പ് വെടിവെപ്പിലേക്ക് നയിച്ച സംഭവങ്ങള്‍ ഇപ്പോഴും ദുരൂഹതയായി അവശേഷിക്കുന്നു. പാര്‍ട്ടിയിലും പുറത്തും ഇതുസംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് എംവിആര്‍ അടക്കമുള്ളവര്‍ കേസില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇന്ന് എംവിആര്‍ സിപിഎമ്മിന്റെ ആരാധ്യപുരുഷനാണ്.
അച്യുതാനന്ദന് കാലങ്ങളോളം കണ്ണൂരില്‍ വിലക്കേര്‍പ്പെടുത്തി പിണറായിയും ജയരാജന്മാരും നയിച്ച പാര്‍ട്ടി. അച്യുതാന്ദന് വെള്ളം കൊടുത്തുവെന്നതിന്റെ പേരില്‍ ബര്ളിന് കുഞ്ഞനന്തന് നായരടക്കമുള്ള പ്രമുഖര്‍ക്ക് ഊരുവിലക്കും കല്പ്പിച്ചു.
പാര്‍ട്ടിയില്‍ ആഭ്യന്തര കലഹവും, വിഭാഗീയതയും രൂക്ഷമായപ്പോഴൊക്കെ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലചെയ്യുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നത് സിപിഎം ശൈലിയായി മാറി. സംസ്ഥാന, ജില്ലാ നേതാക്കള്‍ പോറ്റി വളര്‍ത്തുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ജില്ലയ്ക്ക് അകത്തും പുറത്തും നിരപരാധികളെ കൊന്നൊടുക്കി. ടി.പി. ചന്ദ്രശേഖരനെ കൊന്ന കേസില്‍ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സിപിഎം ക്വട്ടേഷന്‍ സംഘം പിടിയിലായതോടെയാണ് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ കാട്ടുനീതികളും, മാര്‍ക്സിസ്റ്റ് നേതാക്കളുടെ ക്രൂരമുഖങ്ങളും കേരളീയ സമൂഹം തിരിച്ചറിഞ്ഞതെന്ന് മാത്രം. പക്ഷെ കണ്ണൂരുകാര് പതിറ്റാണ്ടുകളായി ഈ ക്രൂരതകള്‍ അനുഭവിക്കുന്നവരാണ്.
കണ്ണൂരിലെ കിരീടം വെയ്ക്കാത്ത രാജാക്കന്മാരിലൊരാളായി വിലസിയിരുന്ന ഇ.പി. ജയരാജനും, ബന്ധു പി.കെ. ശ്രീമതി എംപിയും, പിണറായി മന്ത്രിസഭയൊന്നാകെയും ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയപ്പോഴും കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജീവനെടുത്തു, ചോര ഒഴുക്കി, പലരെയും ജീവച്ഛവങ്ങളാക്കി. വീടുകള്‍ തകര്‍ത്തു. തങ്ങളുടെ സാമ്രാജ്യം നിലനിര്‍ത്താന്‍ എന്തു ക്രൂരതയും ഇവിടുത്തെ മാര്‍ക്സിസ്റ്റ് മാടമ്പികള്‍ ചെയ്യും. പിണറായി വിജയന് മുഖ്യമന്ത്രിയായത് കണ്ണൂരിന്റെ സമാധാനത്തെയും സൈ്വരജീവിതത്തെയും പാടെ തകര്‍ത്തു. സംഘപ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന സമീപനമാണ് സിപിഎമ്മിന്റേത്. ഭീകരമായ കൊലപാതകങ്ങള്‍ നടത്തുക മാത്രമല്ല, ഭീതി പരത്തി സമൂഹത്തെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താനും സിപിഎം ശ്രമിക്കുന്നു.
മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ ചാവശ്ശേരി ഉത്തമന്റെ മകന് കൊല്ലനാണ്ടി വീട്ടില്‍ രമിത്തി(25)നെ വെട്ടിക്കൊലപ്പെടുത്തിയതിലൂടെ സിപിഎം പൊതുസമൂഹത്തിന് നല്കിയ സന്ദേശം ഉന്മൂലന രാഷ്ട്രീയത്തിന്റേതാണ്. ഗര്‍ഭിണിയായ സഹോദരിക്ക് മരുന്നു വാങ്ങാന്‍ പോയപ്പോള്‍ അമ്മയുടെ കണ്മുന്നില് വച്ചാണ് രമിത്തിനെ അരുംകൊല ചെയ്തത്. 2002 മെയ് 21ന് രമിത്തിന്റെ അച്ഛന് ഡ്രൈവറായിരുന്ന ഉത്തമനേയും സിപിഎമ്മുകാര്‍ ബസ് തടഞ്ഞുനിര്‍ത്തി കൊലചെയ്യുകയായിരുന്നു. പിണറായിയില്‍ ബിഎംഎസ് പ്രവര്ത്തകന് ജീവിക്കാന്‍ പാടില്ലെന്ന സിപിഎം തീരുമാനം മാത്രമായിരുന്നു ഉത്തമന്റെ ജീവനെടുക്കാന്‍ കാരണമായത്. ഉത്തമന് ബലിദാനിയായപ്പോള്‍ 11 വയസ്സു മാത്രമായിരുന്നു രമിത്തിന്. അമ്മയുടേയും സഹോദരിയുടേയും ഏക ആശ്രയമായിരുന്നു ഈ യുവാവ്. അച്ഛന് വിശ്വസിച്ച ആശയത്തില്‍ അടിയുറച്ചുനിന്നുവെന്നതല്ലാതെ ഒരു പെറ്റിക്കേസ് പോലും രമിത്തിന്റെ പേരിലില്ലായിരുന്നു. എന്നിട്ടും രക്തദാഹികള്‍ രമിത്തിന്റെ ജീവന് വില പറഞ്ഞു.
പിണറായി വിജയന്റെ അധികാര കസേരയിലേക്കുള്ള യാത്രയില്‍ ഇതുപോലെ എത്രയെത്ര യുവാക്കളെ കുരുതി കൊടുത്തു, എത്ര കുടുംബങ്ങളെ അനാഥമാക്കി. സിപിഎം തേര്‍വാഴ്ചയില്‍ തകര്‍ന്നുപോയ നിരവധി കുടുംബങ്ങള്‍ പിണറായിയിലും കണ്ണൂരിലെമ്പാടുമുണ്ട്. രമിത്തിന്റെയും ഉത്തമന്റേയും കൊലപാതകങ്ങള്‍ ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. സംഘ പ്രസ്ഥാനങ്ങളില്‍ വിശ്വസിച്ചതിന് ഒരു കുടുംബം മുച്ചൂടും ഇല്ലായ്മ ചെയ്യുകയാണ് മാര്‍ക്സിസ്റ്റ് നരഭോജികള്‍.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ കണ്ണൂരില്‍ അക്ഷരാര്‍ത്ഥത്തില്‍ സിപിഎം തേര്‍വാഴ്ചയായിരുന്നു. നിരവധി ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും സ്ഥാപനങ്ങളും തകര്‍ത്തു. മത്രമല്ല, പലയിടങ്ങളിലും കൊള്ള നടന്നു. സപ്തംബര്‍ മൂന്നിന് തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ വീട്ടിലേക്ക് പോകുംവഴി പതിയിരുന്ന് സിപിഎം സംഘം വെട്ടിെക്കാലപ്പെടുത്തുകയായിരുന്നു. നിര്‍ദ്ധന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന യുവാവിനെയാണ് ഇല്ലായ്മ ചെയ്തത്. പ്രദേശത്ത് യാതൊരു സംഘര്‍ഷാവസ്ഥയും ഇല്ലാതിരുന്നിട്ടും നേതൃത്വത്തിന്റെ ഉത്തരവ് മാര്‍ക്സിസ്റ്റ് ക്വട്ടേഷന്‍ സംഘം നടപ്പാക്കി. യുവാവിനെ കൊന്നൊടുക്കുക മാത്രമല്ല, പാര്‍ട്ടി പത്രത്തിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും സ്വഭാവഹത്യ നടത്താനും സിപിഎം ശ്രമിച്ചു.
സിപിഎമ്മിന്റെ കാലങ്ങളായുള്ള ശൈലിയാണിത്. ഒരാളെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചാല്‍ അയാള്‍ക്കെതിരെ നട്ടാല്‍ കുരുക്കാത്ത നുണക്കഥകള്‍ പ്രചരിപ്പിക്കും, വധിക്കേണ്ട സ്ഥലവും സമയവും വരെ പാര്‍ട്ടി നേതൃത്വം നിശ്ചയിക്കും. യൂത്ത്ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ പാര്‍ട്ടി സെക്രട്ടറി വിചാരണ നടത്തി കൊല ചെയ്ത രീതി മാത്രം മതി കണ്ണൂരിലെ സിപിഎം മോഡലും താലിബാനും രണ്ടല്ലെന്ന് വ്യക്തമാകാന്‍. ഒന്ന് മത ഭീകരതയെങ്കില്‍ മറ്റേത് പാര്‍ട്ടി ഭീകരതയെന്ന വ്യത്യാസം മാത്രം. നിരപരാധികളെ കൊന്നൊടുക്കുക, സാംസ്ക്കാരിക പാരമ്പര്യങ്ങളെ തകര്‍ക്കുക, പ്രാകൃത ശിക്ഷാവിധികള്‍ നടപ്പാക്കുക…… മാര്‍ക്സിസവും ഭീകരവാദവും കണ്ണൂരില്‍ ഇഴ ചേര്‍ന്നിരിക്കുന്നു. കണ്ണൂര്‍ ചുവക്കുകയാണ്. മനുഷ്യരക്തത്തിന്റെ കടുംചുവപ്പ്.
നാളെ: സഖാവെ നിങ്ങള്‍ കുടുംബങ്ങളെ അനാഥമാക്കുന്നതെന്തിന്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: